Monday, October 15, 2012

ജോ കഭീ നഹീ ഖതം ഹോ ജാതീ ഹേ....

അന്തവും കുന്തവുമില്ലാത്ത ഡിപ്ലോമക്കാരന്റെ   ജീവിതത്തില്‍  കണ്ടകശനി പിടിച്ച സമയം ബാംഗ്ലൂരിലെത്തിച്ചു...


ബാംഗ്ലൂര്‍...

സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ബാംഗ്ലൂര്‍.....

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ ബാംഗ്ലൂര്‍...

ഗതകാല സ്മരണകളില്‍ മള്‍ട്ടി മില്ല്യന്‍ ഡോളറുകളുടെ കണക്കുകള്‍ പേറുന്ന ഐടി കമ്പനികളിലെ പാവം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ നിശബ്ദ രോദനം കേള്‍ക്കാന്‍ ഒന്ന് ചെവിയോര്‍ത്താല്‍ മതി.


സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആകണം എന്ന മോഹവുമായി ചെന്ന് കയറിയത് ഒരു ഐടി കമ്പനിയുടെ ക്യാമ്പസ്സിലേക്കായിരുന്നു. ആവശ്യമറിയിച്ചപ്പോള്‍ റെസ്യൂമെ വെക്കാന്‍ പറഞ്ഞു.. ഡിപ്ലോമക്കാരന്റെ റെസ്യൂമെയില്‍ എന്തുണ്ട്..???

പ്രസന്റേഷന് സ്കില്‍സിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച് സായിപ്പിന്റെ ഭാഷയില്‍ ഒരു ഡയലോഗ് അലക്കി. പറഞ്ഞു മുഴുമിപ്പിക്കേണ്ടി വന്നില്ല, അമ്പത് രൂപയുടെ ഒരു ബോണ്ട്‌ പേപ്പര്‍ നീട്ടി എച്ച് ആര്‍ പറഞ്ഞു... "ഒപ്പിട്ടോ.....""


പിന്നെ മനസ്സില്‍ "വേണ്ടായിരുന്നു.." എന്ന ചിന്തയും ചെവികളില്‍ ക്ലൈന്റിന്റെ തെറിയുമായി ഒരുപാട് കാലം. ഒടിവില്‍ ഒരുനാള്‍ എച്ച് ആറിന്റെ മെയില്‍ ബോക്സിലേക്ക് ഒരു രാജിക്കത്തുമയച്ച് അവിടെനിന്ന് യാത്രയായി... ഇന്നും തീരാത്ത ജോലി അന്വേഷണം....



സഫറോം കീ സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതീ ഹേ....



എന്ന് വച്ചാ??



എന്റെ ജീവിതം ഈ അടുത്ത കാലത്തൊന്നും ഗതി പിടിക്കുന്ന ലക്ഷണം ഇല്ലാ ഹേ.....





Wednesday, August 29, 2012

ഓണാശംസകള്‍..

എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..




ഓണത്തിന് വീട്ടില്‍ പോകാന്‍ കഴിയാതെ ക്ലൈന്റ്സിനെ തെറി പറഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയര് എന്ജിനീയര്മാര്‍ക്കും
എന്‍റെ സ്പെഷ്യല്‍ ഓണാശംസകള്‍...

Monday, August 13, 2012

കോണ്‍ഫറന്‍സ് റൂമിന്‍ മറയത്ത്...

സെക്കന്റ് ഫ്ലോര്‍ കോണ്‍ഫറന്‍സ് റൂമിലേക്ക് ഞാന്‍ ടീം ലീഡിന്റെ കൂടെ നടന്നു.


യു.എസ് ക്ലൈന്റ്സിന്റെ വായില്‍ നിന്ന് മാത്രം വരുന്ന ഒരു പ്രത്യേക തരം പുളിച്ച തെറി ഉണ്ട്. അത് ആ കോണ്‍ഫറന്‍സ് റൂമിന്റെ ചുവരുകള്‍ക്കുള്ളില്‍ തട്ടിത്തടഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

റിലീസുകളില്‍നിന്നു റിലീസുകളിലേക്ക് ഓരോ തവണ പോകുമ്പോഴും തെറിയുടെ കട്ടി കൂടിക്കൂടി വന്നു.

അന്ന്‍ ആ കോണ്‍ഫറന്‍സ് റൂമില്‍ വച്ച് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ഇനി ഒരു റിലീസിന് ഞാന്‍ ഈ കമ്പനിയില്‍ ഉണ്ടാവില്ലാന്ന്.....

ഈ റിലീസ്, ഇത് അവസാനത്തേതാണെന്ന്....



ഇത് വെറുതെ  എഴുതിയതാ...എനിക്ക് ഇവിടെ വലിയ കുഴപ്പം ഒന്നുമില്ല...:)

Wednesday, March 28, 2012

നിമിഷ സൗഹൃദങ്ങള്‍

ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. കാലമല്ല സൗഹൃദത്തിന്റെ അളവുകോല്‍ എന്ന് ഓര്‍മ്മപ്പെടുത്തുന്നവ.  ഈ സുഹൃത്തുക്കളെ പലയിടത്തും കാണാം.  ഒരു ബസ്‌ യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവരാകാം സര്‍ക്കാര്‍ ഓഫീസിലെ നീണ്ട ക്യൂവില്‍ നിങ്ങളുടെ മുന്നിലോ പിന്നിലോ നില്‍ക്കുന്നവരാകാം ആശുപത്രി വാര്‍ഡില്‍  അടുത്ത കിടക്കയിലെ രോഗിയാകാം...അങ്ങനെ ആരുമാകാം.

ഇക്കഴിഞ്ഞയാഴ്ച  ഞാന്‍ ഇങ്ങനെ ചിലരെ കണ്ടുമുട്ടി. ഒരു യാത്രക്കിടയില്‍...

നാട്ടിലേക്ക് പോയേക്കാം എന്ന് തീരുമാനിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു.  വെള്ളിയാഴ്ച കന്നടക്കാരുടെ  "ഉഗാദി" . പിന്നെ ശനിയും ഞായറും. മൂന്നു ദിവസം വെറുതെ കളയണ്ടല്ലോ. രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ തന്നെ ബാഗില്‍ ആവശ്യമുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും എടുത്തു വച്ചു. പക്ഷെ നശിച്ച ക്ലൈന്റ് കോള്‍ കഴിഞ്ഞു ഇറങ്ങാന്‍ നോക്കുമ്പോള്‍ സമയം രാത്രി പത്തരയോടടുത്തു. എങ്ങനെയൊക്കെയോ ബസ്‌ സ്റാന്റില്‍ എത്തിയപ്പോള്‍ സമയം പന്ത്രണ്ടു മണി കഴിഞ്ഞു. എത്രയും പെട്ടെന്ന് മൈസൂരില്‍ എത്തണം. നാലരക്കുള്ള തലശ്ശേരി ബസ്‌ കിട്ടിയാല്‍ രക്ഷപ്പെട്ടു.

നാലരക്ക് മുമ്പ് തന്നെ മൈസൂരെത്തി. പക്ഷെ തിരക്ക് കാരണം തലശ്ശേരി ബസ്‌ പോകുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വിരാജ്പേട്ടയിലേക്കുള്ള കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്‌ ആണ് ഇനിയുള്ള ആശ്രയം. അവിടെ നിന്ന് ഇരിട്ടിയിലെത്താം. വിരാജ്പേട്ട് ബസ്‌ നോക്കി നടക്കുമ്പോഴാണ് ചില മലയാളി മുഖങ്ങള്‍ കണ്ടത്.

അവര്‍ നാലുപേര്‍. നാട്ടിലേക്ക് പോകാന്‍ ബസ്‌ കിട്ടാതെ വിഷമിക്കുന്നവര്‍.  എന്റെ അതേ അവസ്ഥ, അല്ല എന്നെക്കാളും കഷ്ടം. കാരണം അവര്‍  മണിക്കൂറുകള്‍ക്കു മുമ്പേ മൈസൂരില്‍ എത്തി ബസ്‌ കാത്തിരിക്കുന്നവരാണ്.
ഞാന്‍  ‍അങ്ങനെ  അഞ്ചാമനായി.   പിന്നെ ഒരുമിച്ചായി  കാത്തിരിപ്പ്.   അതിനിടയില്‍ രസകരങ്ങളായ പലതും പറഞ്ഞു. ഇതുപോലെ വഴിയില്‍ കുടുങ്ങിപ്പോയ കഥകളും മറ്റും. ഒടുവില്‍ വിരാജ്പേട്ട് ബസ്സ്‌ വരുമെന്ന പ്രതീക്ഷ നശിച്ചപ്പോള്‍ അതിനടുത്ത സ്ഥലമായ 'ഗോണിക്കൊപ്പല്‍' (ഇങ്ങനെ തന്നെ ആണോ എന്നറിയില്ല..) ബസ്സ്‌ കയറി. അവിടെ നിന്ന് വിരാജ്പേട്ടിലേക്ക്...

വിരസമായിപ്പോകുമായിരുന്ന ഈ യാത്രയിലെ ബോറടി മാറ്റിയത് അവര്‍ നാലുപേരാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍.  ഇനി  എപ്പോഴെങ്കിലും കണ്ടുമുട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലെങ്കിലും ഇത് പോലെ ഏതെങ്കിലും ഒരു ബസ്സ്‌ സ്റ്റാന്‍ഡില്‍ വച്ചു വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. അവരുടെ പേര് പോലും ഞാന്‍ ചോദിച്ചില്ല. ഒരു പേര് കൊണ്ട് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാവാം....


എന്തിനാണ് ഇത് എഴുതിയതെന്നറിയില്ല. വര്‍ഷങ്ങള്‍ കൂടെ നടന്നിട്ടും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത സുഹൃത്തുക്കളേക്കാള്‍  എത്രയോ നല്ലത്  ഇത്തരം 'നിമിഷ സൗഹൃദങ്ങള്‍' ആണെന്ന് തോന്നിയത് കൊണ്ടാവാം. കാരണം അവര്‍ ഒരിക്കലും നിങ്ങളുടെ മനസ്സില്‍ മായ്ക്കാന്‍ കഴിയാത്ത ഒരു മുറിപ്പാടുണ്ടാക്കില്ല.

Friday, February 3, 2012

ഇല്ലാ ഇല്ല മരിച്ചിട്ടില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ...

അങ്ങനെ യേശുക്രിസ്തുവിനും പാര്‍ട്ടി മെമ്പര്‍ഷിപ്പ് കിട്ടി. പാര്‍ട്ടിക്ക്
പുതിയ രക്തസാക്ഷിയേയും. ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ
എന്തോ.... എന്റെ കര്‍ത്താവേ... എനിക്കാലോചിക്കാന്‍ കൂടി വയ്യ...

"സഖാവ് യേശു സ്മാരക വായനശാല&ഗ്രന്ഥാലയം"  ഇങ്ങനെയൊരു ബോഡും അടുത്ത കാലത്ത് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. അത് കൂടാതെ വേണമെങ്കില്‍ ദുഖവെള്ളിക്ക് ഒരു രക്തഹാരാര്‍പ്പണവും കൂടി നടത്താം. പിന്നെ സൗകര്യം പോലെ യേശു സ്മാരക  ഫുട്ബോള്‍  ടൂര്‍ണമെന്റും   നടത്താം.

അവസാനം സംസ്ഥാന സമ്മേളന നഗരിക്ക് സ: യേശു നഗര്‍ എന്നൊരു പേരും കൂടി ഇട്ടാല്‍ എല്ലാം പൂര്‍ത്തിയായി.

നോ കമന്റ്സ്: "ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം..." മാര്‍ക്കോസിന്റെ ഈ പാട്ടിനു പറ്റുന്ന രണ്ടു സ്റെപ്പ് പഠിക്കാന്‍ സഖാവ് പി.കെ. ശ്രീമതി ടീച്ചറിനോട് പറയുന്നത് നന്നായിരിക്കും.