Wednesday, March 28, 2012

നിമിഷ സൗഹൃദങ്ങള്‍

ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. കാലമല്ല സൗഹൃദത്തിന്റെ അളവുകോല്‍ എന്ന് ഓര്‍മ്മപ്പെടുത്തുന്നവ.  ഈ സുഹൃത്തുക്കളെ പലയിടത്തും കാണാം.  ഒരു ബസ്‌ യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവരാകാം സര്‍ക്കാര്‍ ഓഫീസിലെ നീണ്ട ക്യൂവില്‍ നിങ്ങളുടെ മുന്നിലോ പിന്നിലോ നില്‍ക്കുന്നവരാകാം ആശുപത്രി വാര്‍ഡില്‍  അടുത്ത കിടക്കയിലെ രോഗിയാകാം...അങ്ങനെ ആരുമാകാം.

ഇക്കഴിഞ്ഞയാഴ്ച  ഞാന്‍ ഇങ്ങനെ ചിലരെ കണ്ടുമുട്ടി. ഒരു യാത്രക്കിടയില്‍...

നാട്ടിലേക്ക് പോയേക്കാം എന്ന് തീരുമാനിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു.  വെള്ളിയാഴ്ച കന്നടക്കാരുടെ  "ഉഗാദി" . പിന്നെ ശനിയും ഞായറും. മൂന്നു ദിവസം വെറുതെ കളയണ്ടല്ലോ. രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ തന്നെ ബാഗില്‍ ആവശ്യമുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും എടുത്തു വച്ചു. പക്ഷെ നശിച്ച ക്ലൈന്റ് കോള്‍ കഴിഞ്ഞു ഇറങ്ങാന്‍ നോക്കുമ്പോള്‍ സമയം രാത്രി പത്തരയോടടുത്തു. എങ്ങനെയൊക്കെയോ ബസ്‌ സ്റാന്റില്‍ എത്തിയപ്പോള്‍ സമയം പന്ത്രണ്ടു മണി കഴിഞ്ഞു. എത്രയും പെട്ടെന്ന് മൈസൂരില്‍ എത്തണം. നാലരക്കുള്ള തലശ്ശേരി ബസ്‌ കിട്ടിയാല്‍ രക്ഷപ്പെട്ടു.

നാലരക്ക് മുമ്പ് തന്നെ മൈസൂരെത്തി. പക്ഷെ തിരക്ക് കാരണം തലശ്ശേരി ബസ്‌ പോകുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വിരാജ്പേട്ടയിലേക്കുള്ള കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്‌ ആണ് ഇനിയുള്ള ആശ്രയം. അവിടെ നിന്ന് ഇരിട്ടിയിലെത്താം. വിരാജ്പേട്ട് ബസ്‌ നോക്കി നടക്കുമ്പോഴാണ് ചില മലയാളി മുഖങ്ങള്‍ കണ്ടത്.

അവര്‍ നാലുപേര്‍. നാട്ടിലേക്ക് പോകാന്‍ ബസ്‌ കിട്ടാതെ വിഷമിക്കുന്നവര്‍.  എന്റെ അതേ അവസ്ഥ, അല്ല എന്നെക്കാളും കഷ്ടം. കാരണം അവര്‍  മണിക്കൂറുകള്‍ക്കു മുമ്പേ മൈസൂരില്‍ എത്തി ബസ്‌ കാത്തിരിക്കുന്നവരാണ്.
ഞാന്‍  ‍അങ്ങനെ  അഞ്ചാമനായി.   പിന്നെ ഒരുമിച്ചായി  കാത്തിരിപ്പ്.   അതിനിടയില്‍ രസകരങ്ങളായ പലതും പറഞ്ഞു. ഇതുപോലെ വഴിയില്‍ കുടുങ്ങിപ്പോയ കഥകളും മറ്റും. ഒടുവില്‍ വിരാജ്പേട്ട് ബസ്സ്‌ വരുമെന്ന പ്രതീക്ഷ നശിച്ചപ്പോള്‍ അതിനടുത്ത സ്ഥലമായ 'ഗോണിക്കൊപ്പല്‍' (ഇങ്ങനെ തന്നെ ആണോ എന്നറിയില്ല..) ബസ്സ്‌ കയറി. അവിടെ നിന്ന് വിരാജ്പേട്ടിലേക്ക്...

വിരസമായിപ്പോകുമായിരുന്ന ഈ യാത്രയിലെ ബോറടി മാറ്റിയത് അവര്‍ നാലുപേരാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍.  ഇനി  എപ്പോഴെങ്കിലും കണ്ടുമുട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലെങ്കിലും ഇത് പോലെ ഏതെങ്കിലും ഒരു ബസ്സ്‌ സ്റ്റാന്‍ഡില്‍ വച്ചു വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. അവരുടെ പേര് പോലും ഞാന്‍ ചോദിച്ചില്ല. ഒരു പേര് കൊണ്ട് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാവാം....


എന്തിനാണ് ഇത് എഴുതിയതെന്നറിയില്ല. വര്‍ഷങ്ങള്‍ കൂടെ നടന്നിട്ടും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത സുഹൃത്തുക്കളേക്കാള്‍  എത്രയോ നല്ലത്  ഇത്തരം 'നിമിഷ സൗഹൃദങ്ങള്‍' ആണെന്ന് തോന്നിയത് കൊണ്ടാവാം. കാരണം അവര്‍ ഒരിക്കലും നിങ്ങളുടെ മനസ്സില്‍ മായ്ക്കാന്‍ കഴിയാത്ത ഒരു മുറിപ്പാടുണ്ടാക്കില്ല.