Saturday, October 1, 2016

ജീവപര്യന്തം

ബസ് സ്റ്റോപ്പിൽ നിറയെ ആൾക്കാർ ഉണ്ട്. കൂടുതലും കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ. തൊട്ടടുത്ത വനിതാ കോളേജിലെ പിള്ളേരായിരിക്കണം. കോളേജിൽ നിന്ന് കഷ്ടി ഒരു നൂറു മീറ്റർ എന്നാ ജയിലിൽ  ഡ്യൂട്ടി ഉള്ള സുരേന്ദ്രൻ പറഞ്ഞത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഒരിക്കൽ പോലും ഇങ്ങോട്ട് വന്നിട്ടില്ല, പക്ഷെ സുരേന്ദ്രൻ വഴി കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ടായിരുന്നു. ജയിലിലെ നല്ല നടപ്പ് കാരണം മോന്റെ ശിക്ഷ 5 വർഷമാക്കി കുറച്ചതും സുരേന്ദ്രൻ പറഞ്ഞാണറിഞ്ഞത്. ഇന്ന്, അവൻ പുറത്തിറങ്ങുന്ന ദിവസം ഇവിടെ ഉണ്ടാവണമെന്ന് തോന്നി.

ജയിലിന്റെ വലിയ ഗേറ്റിനരികിലെത്തി. ഇതുവഴിയാവും അവൻ വരുന്നത്. സുരേന്ദ്രൻ പറഞ്ഞത് വച്ച് നോക്കുമ്പോ ഏതാണ്ട് പതിനൊന്നു മണി കഴിയും നടപടി ക്രമങ്ങൾ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങാൻ. സമയം ഇപ്പൊ എത്രയായി എന്തോ.

അധികം കാത്തു നിൽക്കേണ്ടി വന്നില്ല. ആ ഗേറ്റ് തുറന്ന് അവൻ പുറത്തു വന്നു. പരസ്പരം കണ്ടു. ഒരു ദീർഘനിശ്വാസം എടുത്തതല്ലാതെ അവനൊന്നു ചിരിക്കുക പോലും ചെയ്തില്ല. അല്ലെങ്കിലും ജയിലിലാകുന്നതിനു വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ അവൻ എന്നോട് ചിരിക്കാറില്ലായിരുന്നു.

അവന്റെ ആവശ്യങ്ങൾക്ക് ചോദിച്ചപ്പോഴൊന്നും എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. ഒടുവിലവൻ അവനു പണം നൽകുന്നവരുടെ കൂടെ കൂട്ട് കൂടാൻ തുടങ്ങി. ആദ്യം ചില്ലറ ഗുണ്ടാ പിരിവും സി സി പിടുത്തവുമൊക്കെയായി. പിന്നീടെപ്പോഴോ മയക്കു മരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞു. വില്പനയുടെ കൂടെ സ്വയം ഉപയോഗവും കൂടി. വീട്ടിലേക്ക് തീരെ വരാതായി.

അതിനിടയിലാണ് ആ സംഭവം. ലഹരി തലക്ക് പിടിച്ചിരിക്കുന്ന സമയത്ത് അതുവഴി സ്‌കൂൾ വിട്ടു വരികയായിരുന്ന ഒരു പെൺകുട്ടിയെ അവൻ ഉപദ്രവിക്കാൻ ശ്രമിച്ചു. കുതറിയോടാൻ നോക്കിയ ആ കുട്ടിയെ പിന്നാലെ പോയി പിടിച്ചു വലിച്ചിഴച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ തനിക്ക് താഴെ ഒരു കുഞ്ഞനുജത്തി ഉള്ള കാര്യമൊന്നും അവനപ്പോ ഓർത്തിട്ടുണ്ടാവില്ല. രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം ആ കുട്ടിയുടെ ഡെഡ്ബോഡി കണ്ടെത്തുമ്പോഴേക്കും അത് അഴുകിത്തുടങ്ങിയിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നു പത്രത്തിലൂടെയാണറിഞ്ഞത്.

ആദ്യത്തെ ഒന്ന് രണ്ടു ദിവസം പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. നാട്ടുകാരുടെ പ്രതിഷേധം കത്തിപ്പടരുന്നതിനിടക്ക് ഒരു ഒളിസങ്കേതത്തിൽ കുറച്ച ദിവസങ്ങൾക്കകം വച്ച് പോലീസുകാർ അവനെ പിടികൂടി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീടവൻ കുറ്റം സമ്മതിച്ചു. നിർവികാരനായി കയ്യാമവും വച്ച് തന്റെ മുമ്പിലൂടെയാണ്  അവൻ തെളിവെടുപ്പിന് ശേഷം പോലീസ് ജീപ്പിലേക്ക് കയറിയത്.

പിന്നീട് ഞാൻ കാണുന്നത് ഇന്നാണ്. കോടതിയിൽ കേസ് നടക്കുമ്പോഴൊന്നും ഞാൻ പോയില്ല. വധശിക്ഷ തന്നെ നൽകണമെന്ന് വാദിഭാഗം വാദിച്ചതായറിഞ്ഞു. അവന്റെ കൂട്ടുകാർ കാശെറിഞ്ഞു ഏതോ വക്കീലിനെ കൊണ്ട് കേസ് നടത്തിച്ചു. ഒടുവിൽ ഏഴു വർഷത്തെ കഠിന തടവിന് വിധിച്ചു കോടതി. ജയിലിലെ നല്ലനടപ്പ് അത് അഞ്ചു വർഷമാക്കി കുറച്ചു.

വാ. വീട്ടിലേക്ക് പോകാം...

ഒന്ന് തലകുലുക്കിയതല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങൾ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. രണ്ടു രണ്ടര മണിക്കൂറായി ബസ് കിട്ടി വീട്ടിലെത്താൻ. എത്തിയപാടെ കുറെ വെള്ളം കുടിച്ചു. ക്ഷീണിച്ചിരുന്നു, പതിവില്ലാതെ യാത്ര ചെയ്തത് കൊണ്ടാകാം.

ഉച്ചക്കേക്ക് വേണ്ടുന്ന ഭക്ഷണം രാവിലെ തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഒരു പ്ലേറ്റെടുത്ത് അവനു ചോറ് വിളമ്പി. ഒരക്ഷരം മിണ്ടാതെ അവൻ മുഴുവനും കഴിച്ചു. അധികം വൈകാതെ തന്നെ അവൻ അസ്വസ്ഥനാവാൻ തുടങ്ങി. മുഖം വലിഞ്ഞു മുറുകി, നിലത്തു വീണു, ചോര ഛർദിച്ചു. ഒന്ന് പിടഞ്ഞു. പിന്നെ അനക്കമില്ലാതായി.

ഫ്യൂറഡാൻ ആണ്. പറമ്പിലെ കുരുമുളക് വളളികൾക്ക് കണ്ട വാട്ടത്തിനു വാങ്ങിയ മരുന്ന്. അതും ചേർത്താണ് മകന് അവസാനത്തെ ഊണ് വിളമ്പിയത്.....

                                          *               *             *             *            *
മോളെ കാണുന്നില്ലല്ലോ, ഉച്ചക്ക് ശേഷം ക്ലാസ്സില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

അവളോട് പറയണം, കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകളിലൊന്ന് കുറഞ്ഞെന്നു കൂട്ടുകാരികളോട് കൂടെ പറയാൻ....

                                          *               *             *             *            *


Monday, February 22, 2016

പൊരുത്തം


പത്തിലെട്ട്‌ പൊരുത്തമുണ്ടായിരുന്നു
ജാതകങ്ങൾ തമ്മിൽ..

ഒരൊന്നര വയസ്സുകാരിയുടെ അവകാശത്തർക്കം തീർക്കാൻ
കുടുംബകോടതി കയറിയിറങ്ങുന്നുണ്ട്‌
ബാക്കി വന്ന രണ്ട്‌ പൊരുത്തക്കേടുകൾ..