Wednesday, June 16, 2010

ദിസ്‌ ടൈം ഫോര്‍ അര്‍ജെന്റീന.....

ഇനി ഫുട്ബോള്‍ വസന്തത്തിന്‍റെ നാളുകള്‍. ഭൂമി വെറുമൊരു ഫുട്ബോളിലേക്ക് ഒതുങ്ങിപ്പോകുന്ന നാളുകള്‍. അര്‍ജെന്റീനയും ബ്രസീലും സ്പെയിനും എല്ലാം പോരുതാനുറച്ച് ആഫ്രിക്കന്‍ മൈതാനങ്ങളില്‍ ഇറങ്ങുമ്പോള്‍ ഇങ്ങിവിടെ മലപ്പുറത്തും കണ്ണൂരും ആരാധകര്‍ ഇഷ്ടടീമിനായി പ്രാര്‍ത്ഥനകളും വെല്ലുവിളികളുമായി രാവുകള്‍ ആഘോഷമാക്കുന്നു. ജാതി മത വര്‍ഗ്ഗ വേഷ ഭാഷകള്‍ക്കതീതമായി ലോകം ഫുട്ബോള്‍ എന്ന ഒരൊറ്റ മതത്തിന്‍റെ വക്താക്കളാകുന്ന ഈ ഒരു മാസക്കാലം ഞാന്‍ ഒരു അര്‍ജെന്റീനക്കാരനായി മാറും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം നിങ്ങളില്‍പ്പലരും മനസ്സുകൊണ്ട് ഇപ്പോഴേ ബ്രസീലുകാരനോ ഇറ്റലിക്കാരനോ ആയിത്തീര്‍ന്നിരിക്കുമെന്ന കാര്യം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ എന്നെപ്പോലെയുള്ള കോടിക്കണക്കിന് ആരാധകര്‍ക്ക് അര്‍ജെന്റീന ഒരു ക്ഷേത്രവും മറഡോണ ദൈവവുമാണ്. അര്‍ജെന്റീനയെ പലതവണ വിജയങ്ങളിലേക്കെത്തിച്ച മറഡോണയും സോക്കറിന്‍റെ പുതിയ രാജകുമാരന്‍ മെസ്സിയും ഒരുമിക്കുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ല.


കാല്‍പ്പന്തുകളിയില്‍ കവിത രചിക്കുന്നവരാണ് അര്‍ജെന്റീനക്കാര്‍.കഴിഞ്ഞ വേള്‍ഡ് കപ്പിലെ കാംബിയാസോയുടെ ഗോള്‍ ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല.ഇരുപത്തിനാല് പാസുകള്‍,അതും എതിരാളികള്‍ക്ക് പന്ത് ഒന്ന് തൊടാന്‍ പോലുമാകാതെ.ഇരുപത്തിനാല് വരികളുള്ള ഒരു കവിതയോടാണ് മാധ്യമങ്ങള്‍ അന്ന് ആ ഗോളിനെ ഉപമിച്ചത്. ഫുട്ബോളിനെ കളി എന്നതിനുപരി ഒരു കലയാക്കി മാറ്റിയിരിക്കുന്നു അര്‍ജെന്റീനക്കാര്‍.


പ്രതിഭാധനരായ ഒരുപറ്റം ചെറുപ്പക്കാരാണ് അര്‍ജെന്റീനയുടെ ശക്തി. അത് വെറും മെസ്സിയില്‍ ഒതുങ്ങുന്നതല്ല.ഇംഗ്ലീഷ് പ്രീമിയെര്‍ ലീഗില്‍ കഴിവ് തെളിയിച്ച ടെവെസ്, ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ താരം മിലീറ്റോ,ഹിഗ്വെയ്ന്‍.... താരനിര ഇങ്ങനെ നീളുന്നു. ഏതു ലോകോത്തര ടീമിനോടും മാറ്റുരച്ചു നോക്കാവുന്ന റിസര്‍വ് താരങ്ങളാണ് അര്‍ജെന്റീനയുടെ മറ്റൊരു ശക്തി.ഇത്രയും കരുത്തുറ്റ ഒരു റിസര്‍വ് നിര മറ്റൊരു ടീമിനും ഉണ്ടെന്നു തോന്നുന്നില്ല.


ഇപ്പോള്‍ ടീമിലില്ലാത്ത ഒരു താരത്തിന്‍റെ പേര് പറഞ്ഞാല്‍ അര്‍ജെന്റീനയുടെ ഇപ്പോഴുള്ള താരനിര എത്ര ശക്തമാണെന്ന് മനസ്സിലാകും.റിക്വെല്‍മി, ലോകം കണ്ട ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ ലോകകപ്പിലെ ടീമിന്‍റെ കുന്തമുന. പക്ഷെ എന്നിട്ടും അദ്ദേഹം ടീമിന് പുറത്ത്.നൂറിലധികം കളിക്കാരെ പരീക്ഷിച്ചാണ് മറഡോണ ഈ ടീമിനെ സൃഷ്ടിച്ചത്. എതിരാളികള്‍ക്ക് മേല്‍ തീമഴയായി പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഈ ടീമിന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നത് തന്നെ മറ്റുള്ളവര്‍ക്ക് കടുത്ത വെല്ലുവിളിയാകും.


ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.. കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങളെ തൃപ്തരാക്കില്ല....


എവിടെയോ കണ്ട ഒരു ഫ്ലക്സിലെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍...


"കളിക്കൊരു കാവ്യനീതിയുണ്ടെങ്കില്‍ ഈ വേള്‍ഡ് കപ്പ്‌,അത് അര്‍ജെന്റീനക്ക് സ്വന്തം."

Wednesday, June 2, 2010

കയ്യാലപ്പുറത്തെ തേങ്ങ



N.B:"ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അമ്മച്ചിയാണേ അത് എന്‍റെ കുറ്റം അല്ല. "






                                    'വാക്യത്തില്‍ പ്രയോഗിക്കുക : കയ്യാലപ്പുറത്തെ തേങ്ങ..'


ഈ ചോദ്യം പലതവണ ചോദ്യപ്പേപ്പറില്‍ കണ്ടപ്പോഴൊക്കെ ഞാന്‍ ആലോചിച്ചിരുന്നു.
'ഇതെന്താടാ ഈ കയ്യാലപ്പുറത്തെ തേങ്ങ'. കൊട്ടത്തേങ്ങ,നെയ്ത്തേങ്ങ തുടങ്ങി തേങ്ങയുടെ പല 'പര്യായങ്ങളും' കേട്ടിട്ടുണ്ടെങ്കിലും ഈ കയ്യാലപ്പുറത്തെ തേങ്ങ എന്നെ പല തവണ കുഴക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിറയെ അബദ്ധങ്ങള്‍ ഞാന്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ട്


പക്ഷെ ഇന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം കയ്യാലപ്പുറത്തെ തേങ്ങ എന്താണെന്ന്.ഇന്ന് ആരെങ്കിലും എന്നോട് വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും "ഞാന്‍ കയ്യാലപ്പുറത്തെ തേങ്ങ ആണ്" എന്ന്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും ഞാന്‍ എങ്ങനെയാ തേങ്ങ ആയതെന്നു.പറയാം....


പ്ലസ് ടു കഴിഞ്ഞു, 'ഇതൊന്നും നമ്മള്‍ക്ക് പറഞ്ഞ പണി അല്ലേ.!!.' എന്ന മട്ടില്‍ എന്ട്രന്സും എഴുതി വെറുതെ ഇരിക്കുമ്പോഴാണ് ഒരു പുതിയ മാരണത്തിന്‍റെ വരവ് (സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുമ്പ് പേരുകേട്ടതും ഇപ്പൊ പേര് കെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു സ്ഥാപനം).കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറഞ്ഞപോലെ കറക്കിക്കുത്തിയപ്പോള്‍ ഒബ്ജെക്ടിവ് ടെസ്റ്റ് പാസ്‌ ആയി.അങ്ങനെ ഞാന്‍ ബാംഗ്ലൂര്‍ എന്ന മഹാനഗരത്തിലെത്തി. ഈ രണ്ടര വര്‍ഷം കൊണ്ട് ഞാന്‍ ‍പലതും പഠിച്ചു.എങ്ങനെ വീട്ടുകാരുടെ കയ്യിലെ കാശും നമ്മുടെ സമയവും വേസ്റ്റ് ചെയ്യാം എന്നതാണ് ഞാന്‍ പഠിച്ച പ്രധാന പാഠം .ഈ ലോകത്തില്‍ മലയാളം അല്ലാതെ ഒരുപാട് ഭാഷകള്‍ ഉണ്ടെന്നും (സി,സിപ്ലസ്പ്ലസ്,ജാവ ആദിയായവ ) കുക്കീസ്‌ എന്നാല്‍ മുട്ടായി അല്ല എന്നും ഞാന്‍ പഠിച്ചത് ഇവിടെ നിന്നാണ്.



രണ്ടര വര്‍ഷത്തിനു ശേഷം കാത്തിരുന്ന ആ മഹാ സംഭവം വന്നു. ക്യാമ്പസ് ഇന്റര്‍വ്യൂ.ആദ്യത്തെ പരീക്ഷണം ബാംഗ്ലൂരിലെ പ്രശസ്തമായ(?)ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലേക്ക്. അവിടെയുണ്ടായിരുന്ന 'S' ആകൃതിയിലുള്ള കത്തിയെ ,സോറി എച്ച്. ആറിനെ വായിനോക്കി ഇരുന്നതല്ലാതെ പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല.അതിനു ശേഷമായിരുന്നു ഒരു എം.എന്‍.സിയുടെ ഇന്റര്‍വ്യൂ.



കറക്കിക്കുത്ത് പണ്ടേ നല്ല പരിചയമുള്ളതിനാല്‍ ഫസ്റ്റ് റൗണ്ട് വളരെ ഈസി ആയിരുന്നു. വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന പഴമൊഴി പോലെ വായില്‍ത്തോന്നിയതെല്ലാം പറഞ്ഞു ഗ്രൂപ്പ് ഡിസ്കഷന്‍ റൗണ്ട് കടന്നു കൂടി.എന്‍റെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു വായും പൊളിച്ചിരുന്ന ഇന്റര്‍വ്യൂവറുടെ മുഖം ഞാന്‍ ഇന്നും മറന്നിട്ടില്ല.പക്ഷെ മുജ്ജന്മ ശാപം പോലെ ഞാന്‍ അടുത്ത റൗണ്ടില്‍ എത്തി.രണ്ടു വര്‍ഷം കൊണ്ട് പഠിച്ചതിനു പുറമേ സ്വയം കണ്ടുപിടിച്ച ചില തിയറികളും സിന്റാക്സും അവതരിപ്പിച്ച് ടെക്നിക്കല്‍ റൗണ്ട് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു... എച്ച് ആറിനെ കാണേണ്ടി വരില്ല,ഇപ്പോതന്നെ പോവാം. പക്ഷെ എനിക്ക് ദൈവം വീണ്ടും 'പണി' തന്നു. ഇന്റര്‍വ്യൂവെര്‍ എന്നെക്കാളും മണ്ടനായിരുന്നിരിക്കണം,അല്ലാതെ ഞാന്‍ എച്ച് ആര്‍ റൗണ്ടില്‍ എത്തില്ല. എച്ച് ആറിനെ സോപ്പിടാനുള്ള വഴികള്‍ 'പേഴ്സണല്‍ എഫെക്ടീവ്നെസ്സ് ' ക്ലാസ്സില്‍ പഠിച്ചതുകൊണ്ട് അങ്ങേരെ വളരെ ഈസിയായി പറ്റിച്ചു. ശമ്പളമില്ലാതെ പണിയെടുക്കുമോ,ഓവര്‍ടൈം വര്‍ക്ക് ചെയ്യുമോ എന്നൊക്കെ ചോദിച്ചപ്പോള്‍ കണ്ണും പൂട്ടി "യെസ് സര്‍" എന്ന് പറഞ്ഞു ("എന്‍റെ പട്ടി ചെയ്യും"എന്ന് പറയാന്‍ എനിക്കറിയാഞ്ഞിട്ടല്ല പക്ഷെ എന്‍റെ സ്റ്റാറ്റസ് അനുവദിച്ചില്ല ). അങ്ങനെ ഇന്റര്‍വ്യൂ മഹാമഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് വന്നു.ഞാന്‍ സെലെക്ടെഡ്. സെമെസ്റെര്‍ എക്സാം എഴുതി, ചിക്കന്‍പോക്സുമായി ഒരു യുദ്ധവും കഴിഞ്ഞു ഞാന്‍ ഈ എം.എന്‍.സിയില്‍ ജോയിന്‍ ചെയ്തു.



ജോയിന്‍ ചെയ്ത ആദ്യദിവസം തന്നെ എനിക്ക് എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരം കിട്ടി,കയ്യാലപ്പുറത്തെ തേങ്ങ...പ്രത്യേകിച്ച് പേര് ഒന്നും ഇല്ലാത്ത എന്‍റെ പോസ്റ്റിനു ഞാന്‍ തന്നെ ഇട്ട പേരാണ് കയ്യാലപ്പുറത്തെ തേങ്ങ.കാരണം ജൂണ്‍ മാസം വരെ കമ്പനിയുടെ കയ്യാലപ്പുറത്തു സ്വസ്ഥമായിരിക്കാം,പിന്നെ അകത്തേക്കാണോ പുറത്തേക്കാണോ എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല.നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ വേണ്ടി മാത്രം ഇവിടെ രണ്ടു പേരെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നുണ്ട്.. വഴിയെ പോകുന്നവരെയൊക്കെ വിളിച്ചു ജോലി കൊടുക്കുന്ന ഈ ജീവികള്‍ക്ക് എച്ച്.ആര്‍ എന്നോ മറ്റോ ആണ് പേര്.പാറ്റകള്‍ പെരുകിപ്പെരുകി ഇപ്പോള്‍ കഞ്ഞിയേതാ പാറ്റയേതാ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയായി. എല്ലാ ദിവസവും കാണും ഒരു 'welcome aboard' മെയില്‍. അല്ല എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു കമ്പനിയും കണ്ടില്ലേ കേറി ജോയിന്‍ ചെയ്യാന്‍.കണ്ട ചെമ്മാനും ചെരുപ്പുകുത്തിയുമെല്ലാം കേറി ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മളെ പോലെയുള്ള പാവങ്ങള്‍ എന്ത് ചെയ്യും? പാറ്റകള്‍ ധാരാളം ഉണ്ടെങ്കിലും ആര്‍ക്കും പ്രത്യേകിച്ച് പണി ഒന്നും ഉള്ളതായി അറിവില്ല. ഏതോ ഒരു പ്രൊജക്റ്റ് പൈപ്പ് ലൈനില്‍ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞിട്ട് പ്ലംബറെയും തപ്പിപ്പോയ പ്രൊജക്റ്റ്‌ മനജേരുടെ പൊടിപോലും പിന്നെ കണ്ടിട്ടല്ല. ട്രയിനീസും ട്രയിനേഴ്സും എന്തിന് പി.എം പോലും പണിയൊന്നുമില്ലാതെ ബെഞ്ചിലിരിക്കുന്ന സമത്വ സുന്ദരമായ ഈ കമ്പനി കണ്ടിട്ട് മാവേലി അടുത്ത ഓണത്തിന് ഇങ്ങോട്ട് വരുന്നുണ്ടെന്നാണ് പുതിയ ന്യൂസ്‌.



എവിടെയെങ്കിലും പുതിയ ഒരു പണി കിട്ടിയിട്ടുവേണം ചിലരുടെയൊക്കെ മുഖത്ത് നോക്കി രണ്ടു ഇന്നസെന്‍റ് ഡയലോഗ് പറയാന്‍....



"ഡോ..താനിതെങ്ങോട്ടാ നോക്കണേ ഇങ്ങോട്ട് നോക്കെടോ..ഒരു കമ്പ്യൂട്ടറും മുന്നില്‍ വച്ചു മൊബൈലില് ഇംഗ്ലീഷ് പറഞ്ഞാലൊന്നും എച്ച്.ആര്‍ ആകില്ല.താനെന്താ എന്നെക്കുറിച്ച് വിചാരിച്ചേ... താന്‍ തരുന്ന നാലായിരം രൂപയും വാങ്ങി ജീവിതകാലം മുഴുവനും പട്ടിയെപ്പോലെ ഇവിടെ പണി എടുക്കുമെന്നോ.. അല്ലെങ്കിലും എത്ര ട്രയിനീസിനെയാടോ താന്‍ ചവിട്ടി പൊറത്താക്കിയിട്ടുള്ളത്.അതിന്റെ ശാപം മുഴുവന്‍ അനുഭവിക്കാതെ താന്‍ ചാവില്ലെടോ.. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ എന്‍റെ സ്വന്തം കമ്പനി തുടങ്ങും...എന്‍റെ സ്വന്തം കമ്പനി തുടങ്ങും....എന്നിട്ട് തന്നെ കാണാന്‍ ഞാന്‍ വരുന്നുണ്ട്.ഞാന്‍ ഇവിടെ നിന്ന് പോയാല്‍ താനിവിടെക്കിടന്നു ക്ഷ,മ്മ,ട്ട,ത്ത,പ്പ, ല്ല,യ്യ,ന്ന,ക്ക വരക്കും.എന്ത് ഡാന്നാ...? എടാ മ..മ.. അല്ലെങ്കില്‍ അതുവേണ്ട, മത്തങ്ങത്തലയാ ധൈര്യമുണ്ടെങ്കില്‍ എന്നെ പെര്‍മനന്റ് ആക്കെടാ..."



ഇത്രയെങ്കിലും പറയാതെ ഞാന്‍ ഇവിടെ നിന്ന് പോകുന്നത് ശരിയാണോ....?നിങ്ങള്‍ പറ.....


(ഇത് മാസങ്ങള്‍ക്ക് മുമ്പേ എഴുതി ഡ്രാഫ്റ്റ്‌ ചെയ്തു വച്ചതാണ്.ഇപ്പൊ അവസ്ഥക്ക് ചെറിയ മാറ്റം വന്നു...)


കാലം വീണ്ടും ഉരുണ്ടു.....


വിഷു വന്നു....


വര്‍ഷം വന്നു വന്നില്ല എന്ന മട്ടില്‍ നില്‍ക്കുന്നു....


തിരുവോണം വരും, വരാതിരിക്കില്ല....


പ്ലംബറെ തപ്പിപ്പോയ പി.എം തിരിച്ചു വന്നു....


എനിക്കും ആവശ്യത്തിലധികം വര്‍ക്ക്‌ കിട്ടിത്തുടങ്ങി...


എന്നിട്ടും.....


                ഞാന്‍ ഇപ്പോഴും കൊക്കനട്ട് ഓണ്‍ ദി കയ്യാലപ്പുറം....






(കാത്തിരുന്ന് ഒരു ജോലി കിട്ടി. പക്ഷെ ട്രെയിനിംഗിനു ശേഷം പുറത്താക്കുമെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഇത്തിരി വിഷമം തോന്നി.അപ്പോള്‍ എഴുതിയതാ.....അല്ലെങ്കിലും ഞങ്ങള്‍ പാവം ട്രയിനീസിന്‍റെ വിഷമങ്ങളൊന്നും മള്‍ട്ടി മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു കമ്പനിക്ക് അറിയേണ്ട ആവശ്യമില്ലല്ലോ...? )