Saturday, October 23, 2010

ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്ക്...

ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് എങ്ങനെയൊക്കെയോ ഒന്ന് പുറത്തു കടക്കുമ്പോഴേക്കും സമയം പത്തു മണി കഴിഞ്ഞിരുന്നു.ഈ പുതിയ പ്രോജെക്ടില്‍ എത്തിയതില്‍ പിന്നെ ഇങ്ങനെയാണ്.. എന്നും നട്ടപ്പാതിരയാകും വീട്ടിലെത്താന്‍.ഇന്ന് പക്ഷെ ഇത്തിരി നേരത്തെ ആണ്. ഇനി ഒരു മണിക്കൂറിലധികം യാത്ര ചെയ്തിട്ട് വേണം വീട്ടിലെത്താന്‍. ഇന്നെങ്കിലും ഒന്ന് നേരത്തെ കിടന്നുറങ്ങണം.

ചിന്തകള്‍ കാടുകയറുന്നത്തിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. ഒരു അണ്‍നോണ്‍ നമ്പര്‍. ആരാണാവോ ഈ സമയത്ത്.
"ഹലോ.. ..."
ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യം ഇല്ലാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ എനിക്ക് മനസ്സിലായി.പരസ്പരം വെളിപ്പെടുത്താതിരുന്ന ഒരു നിശബ്ദ പ്രണയത്തിലെ നായിക.കാവ്യഭാഷയില്‍ പറഞ്ഞാല്‍ "എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..."
ഈ കോളിന് വേണ്ടി ഞാന്‍ കാത്തിരുന്നിരുന്നു.. ഇപ്പോഴല്ല ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്. പക്ഷെ ഇപ്പോള്‍ ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്ത് പറയണം എന്നറിയാതെ ഞാന്‍ ഉഴറി. എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ ചോദിച്ചു....
എങ്ങുമെത്താത്ത സംസാരത്തിനിടയില്‍ പല ചോദ്യങ്ങള്‍ക്കും മൗനം ഉത്തരമായി..
സൗഹൃദം ഒടുവില്‍ പ്രണയത്തിലേക്ക് വഴി തെളിച്ചപ്പോള്‍ വഴിമാറി നടന്ന ഒരു കൗമാരക്കാരന്‍റെ മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു..എന്തിനായിരുന്നു ഞാന്‍ അത് ചെയ്തത്....?
ഒരു പ്രണയത്തിനുപരി അവളുടെ സൗഹൃദം ഞാന്‍ ആഗ്രഹിച്ചിരുന്നുവോ?എനിക്കറിയില്ല....
പക്ഷെ ഞാനും അവളെ സ്നേഹിച്ചിരുന്നു...അതൊരു പ്രണയമായിരുന്നുവോ?
അതെ എന്ന് മനസ്സിലാക്കാന്‍ കാലം കുറെ എടുത്തു.അകലം കൂടുമ്പോഴായിരുന്നു മുന്‍പ് എത്ര അടുത്തിരുന്നു എന്ന് മനസ്സിലായത്..പിന്നീട് ഒന്ന് കാണുവാനോ സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞതുമില്ല.
ഒരു പ്രൊഫെഷണല്‍ കോഴ്സും അതിനു ശേഷമുള്ള പ്രൊഫെഷണല്‍ ലൈഫും എന്‍റെ ഓര്‍മ്മകളില്‍ നിന്നും പലതും മായ്ച്ചു കളഞ്ഞപ്പോഴും മനസ്സിന്‍റെ ഏതോ ഒരു കോണില്‍ മായാതെ നിന്ന ഒരു ചിത്രം, ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്ത ഒരു ചിത്രം.. അതിനു ഇപ്പോള്‍ കൂടുതല്‍ തെളിമ വന്നിരിക്കുന്നു....
 ഒടുവില്‍ ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു കോള്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍ മനസ്സില്‍ ഒരു പ്രണയം പുനര്‍ജനിക്കുന്നത് ഞാന്‍ അറിഞ്ഞു...  

എന്തിനെഴുതി ആരെക്കുറിച്ച് എഴുതി എന്നൊന്നുമറിയില്ല... വെറുതെ എഴുതി....

1 comment:

  1. പറയാത്ത പ്രണയങ്ങളൊക്കെ നഷ്ടങ്ങളാണു പിന്നെ പിന്നൊരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ

    ReplyDelete