Friday, December 30, 2011

പുതുവത്സരാശംസകള്‍...

2011 അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അങ്ങനെ ഒരു വര്‍ഷവും കൂടി കടന്നു പോകുന്നു. ഓര്‍ക്കാനും മറക്കാനും ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഒരു വര്‍ഷം...




ലാഭനഷ്ടങ്ങളുടെയോ സുഖദുഖങ്ങളുടെയോ ത്രാസില്‍ വച്ച് 2011 നെ അളക്കുന്നില്ല. നടന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം..

പതിവുപോലെ പുതിയ പ്രതിജ്ഞകളും പ്രതീക്ഷകളുമായി പുതിയ ഒരു വര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം..



എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍.... ‍

Wednesday, December 7, 2011

അശ്വത്ഥാമാവ് ഈ കാലത്ത് ജീവിച്ചിരുന്നാല്‍...




കമ്പനിയുടെ ആന്വല്‍ ഡേയുടെ മെയില്‍ വന്നപ്പോഴാണ് പണ്ട് സ്കൂളില്‍ വര്‍ഷാവര്‍ഷം നടന്നിരുന്ന യുവജനോത്സവത്തിന്‍റെ കാര്യം ഓര്‍മ്മ വന്നത്. ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങി നടക്കാനുള്ള നല്ല അവസരമായിരുന്നു രണ്ടു ദിവസത്തെ സ്കൂള്‍ യുവജനോത്സവം.



സ്റ്റേജില്‍ കയറാന്‍ ധൈര്യം ഇത്തിരി കുറവായതിനാല്‍ തിരശ്ശീലക്ക് പിന്നിലായിരുന്നു ഞങ്ങള്‍ കുറച്ചു പേരുടെ പ്രവര്‍ത്തനം. മേക്-അപ്പ്‌, രംഗ സജ്ജീകരണം, ലൈറ്റ്സ് ആന്‍ഡ്‌ സൌണ്ട് തുടങ്ങി മൈമിന് ഡയലോഗ് എഴുതാന്‍ പോലും ഞങ്ങള്‍ റെഡി ആയിരുന്നു. ഇത് കൂടാതെ ഓഫ്‌-സ്റ്റേജ് ഐറ്റെംസ് ആയ രചനാ മത്സരങ്ങളിലും ഞങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയിരുന്നു. ആപ്പിന്റെ കൂടെ എന്ത് കോപ്പ് വെക്കണം എന്ന് പോലും അറിയില്ലെങ്കിലും അര മണിക്കൂര്‍ കൊണ്ട് വെടിക്കെട്ട് ഹിന്ദി കവിത വരെ എഴുതി തീര്‍ക്കാന്‍ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. ബോറടിക്കുന്ന തിയറി ക്ലാസ്സുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നത് എന്ന് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്താറുണ്ടെങ്കിലും കലാബോധമില്ലാത്ത അവരുടെ വാക്കുകള്‍ ഞങ്ങളാരും മൈന്‍ഡ് ചെയ്യാറില്ല. വളര്‍ന്നു വന്ന്‍ ഇവന്‍ നാളത്തെ എം ടി യോ ഓ എന്‍ വി യോ മറ്റോ ആയാലോ എന്ന അസൂയ മാത്രമാണ് അതിന്‍റെ പിന്നില്‍ എന്ന് സ്വയം സമാധാനിച്ചു.



അങ്ങനെ പതിവ് പോലെ രചനാ മത്സരങ്ങളോടെ ആ കൊല്ലത്തെ യുവജനോത്സവം തുടങ്ങി. ആനയെ വരച്ചാല്‍ ആട് ആവുന്നത് കൊണ്ട് ഡ്രോയിംഗ് മത്സരങ്ങള്‍ നടക്കുന്നിടത്തേക്ക് പോയതെ ഇല്ല. പിന്നെ ഉള്ളത് കഥാ രചന.



ഞാന്‍ അവിടെ എത്തുമ്പോഴേക്കും ഹാള്‍ ഏകദേശം നിറഞ്ഞിരുന്നു. മലയാള ചെറുകഥാ പ്രസ്ഥാനത്തിന്റെ ഭാവി ഭദ്രമാണെന്നുള്ള കാര്യം ആ ആ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. എല്ലാവരും പേപ്പറും പേനയും എടുത്തു റെഡി ആയി ഇരിക്കുന്നു. ഞാനും ഒരു മൂലക്ക് പോയി ഇരുന്നു. കഥയെഴുതാന്‍ ഏകാന്തത നല്ലതാണല്ലോ..



എല്ലാവരും കഥയുടെ വിഷയത്തിനു വേണ്ടി കാത്തിരിക്കുകയാണ്. സാര്‍ എഴുന്നേറ്റു ബോര്‍ഡില്‍ ഇങ്ങനെ എഴുതി...



                       "അശ്വത്ഥാമാവ് ഈ കാലത്ത് ജീവിച്ചിരുന്നാല്‍..."

"ആഹാ, നല്ല ബെസ്റ്റ് വിഷയം.." മനസ്സില്‍ തോന്നിയത് പറയുന്നതിന് മുമ്പേ ഒരു ചോദ്യം, പിറകിലെ ബെഞ്ചില്‍ നിന്ന്.

"അല്ല മാഷേ.. അതെന്താ സാധനം.....????"

അശ്വത്ഥാമാവ് ആരാണെന്നുള്ള കാര്യത്തില്‍ ഡൌട്ട് ഉണ്ടെങ്കിലും അശ്വത്ഥാമാവ് എന്താണെന്നു ചോദിക്കാന്‍ മാത്രം വിവരക്കേടുള്ളവന്‍ ആരാണെന്നറിയാന്‍ എല്ലാവരും പിറകിലേക്ക് നോക്കി. അല്ല അവനെ പറഞ്ഞിട്ടും കാര്യമില്ല. നല്ല ഒന്നാതരം മുസ്ലീം കുടുംബത്തില്‍ പിറന്ന അവന്‍ അങ്ങനെ ചോദിച്ചെങ്കിലല്ലേ അതിശയമുള്ളൂ. ജനിച്ചപ്പോള്‍ മുതല്‍ ഭഗവത് ഗീതയും രാമായണവും കേട്ട് വളര്‍ന്നവര്‍ക്ക് പോലും ഒരു ഐഡിയയും ഇല്ല ഇതാരാണെന്ന്, അപ്പോഴാ.. ഒരു കൂട്ടച്ചിരി കഴിഞ്ഞപ്പോള്‍ എല്ലാവരും മുഖത്തോടു മുഖം നോക്കി.. എന്തെങ്കിലും എഴുതണ്ടേ... ആര്‍ക്കെങ്കിലും അറിയുമോ ഇതാരാ ആളെന്ന്...???



അങ്ങനെ എല്ലാവരും കൂടെ പൊതുവായ ഒരു തീരുമാനത്തിലെത്തി.

"വിഷയം മാറ്റണം..." അതൊന്നും പറ്റില്ല എന്ന് സാറും. ഒടുവില്‍ ഈ വിഷയം വച്ചാല്‍ കഥ പോയിട്ട് ഒരു വരി പോലും ആരും എഴുതില്ല എന്ന് മനസ്സിലായപ്പോള്‍ വിഷയം മാറ്റാന്‍ തയ്യാറായി. എന്നിട്ട പുതിയത് തന്നു.



                                       "മരവിക്കുന്ന മനസ്സുകള്‍..."



എക്സാം കഴിഞ്ഞു പേപ്പറുകള്‍ ഓരോന്നായി കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം മരവിപ്പാണോ ഈ മരവിപ്പ് എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും "ഇപ്പ ശര്യാക്കിത്തരാം" എന്ന മട്ടില്‍ ഓരോരുത്തര്‍ എഴുത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തൊക്കെയോ എഴുതി വച്ച് അവിടെ നിന്നിറങ്ങി.



ഉച്ചക്ക് കവിതാരചന മത്സരം ഉണ്ടെന്നറിഞ്ഞത്‌ കൊണ്ട് ക്ലാസിലേക്ക് പിന്നെ കയറാനേ പോയില്ല. ഭക്ഷണം കഴിച്ച് നേരെ അതേ ഹാളിലേക്ക്. ഒരു കവിത എഴുതിയിട്ട് തന്നെ കാര്യം.



പഴയ പോലെ ഹാള്‍ ഫുള്‍ ആയിരുന്നു. ഭാവിയിലെ ഓ എന്‍ വിമാര്‍ വിഷയത്തിനു വേണ്ടി കാത്തിരിക്കുന്നു. ഒടുവില്‍ ആ വിഷയവും വന്നു..

                              "കടലില്‍ മഴ പെയ്യുമ്പോള്‍..."

ഇതിലിപ്പോ കവിത എഴുതാന്‍ മാത്രം എന്താ ഉള്ളത്???

മഴ എല്ലായിടത്തും പെയ്യുന്നത് പോലെ കടലിലും പെയ്യും. അത് ഇത്ര വലിയ കാര്യമാണോ...? എന്‍റെ ചിന്ത പോയത് ഈ വഴിക്കായിരുന്നു. ഇറങ്ങി പോവാനാണ് ആദ്യം തോന്നിയത്. പക്ഷെ രണ്ടു മണിക്കൂര്‍ തിയറി ക്ലാസ്സിന്റെ കാര്യം ഓര്‍ത്തപ്പോള്‍ ഈ വിഷയത്തില്‍ കവിതയല്ല വേണമെങ്കില്‍ ഒരു കവിത സമാഹാരം തന്നെ എഴുതാം എന്ന് മനസ്സിലായി. സാഹചര്യങ്ങളാണ് ഒരാളെ കള്ളനും കലാകാരനുമാക്കുന്നത്.

അങ്ങനെ മലയാള സാഹിത്യത്തിനു ഒരു കവിതയും കൂടി സമ്മാനിച്ച് ഈയുള്ളവന്‍ പടിയിറങ്ങി. എന്‍റെ പേനത്തുമ്പില്‍ നിന്നടര്‍ന്നു വീണ വരികള്‍ കണ്ട് അത് വായിച്ചു നോക്കിയവര്‍ അന്താളിച്ചു പോയിക്കാണും. അത്രക്കുണ്ടായിരുന്നു ഭാവന.



അതായിരുന്നു അവസാനത്തെ യുവജനോത്സവം. അതിനു ശേഷം ബാംഗ്ലൂരിലെ കോളേജിലെ 'കള്‍ച്ചര്‍ ലെസ്സ്' കള്‍ച്ചറല്‍ നൈറ്റുകളും പിന്നെ ഈ ഓഫീസിലെ ആന്വല്‍ ഡേയും ഇടക്കിടക്ക് പഴയതൊക്കെ ഒന്ന് ഓര്‍മപ്പെടുത്തുന്നു.



"കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അന്നെഴുതിയ കവിത യാദൃശ്ചികമായി എനിക്ക് കിട്ടുകയുണ്ടായി. ലൈബ്രറിയിലെ ചവറ്റു കുട്ടയില്‍ നിന്ന്‍. അന്ന് നിര്‍ത്തിയതാണ് ഈ എഴുത്ത്. പിന്നെ എഴുതിയത് ഈ ബ്ലോഗ്ഗില്‍..."