Thursday, December 10, 2015

രാമായണം

 
പതിവിലും വൈകിയാണ് അന്ന് ഓഫീസിലേക്ക് ഇറങ്ങിയത്. അതുകൊണ്ടാണ് ഓട്ടോ ഡ്രൈവർ  ഇരട്ടിക്കടുത്ത് ചാർജ് പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ കയറിയത്. ഏറിയാൽ ഒരു ഒന്നര കിലോമീറ്ററേ ഒഫീസിലേക്കുള്ളൂ, പക്ഷേ  ബാംഗ്ലൂരിലെ ട്രാഫിക്കിൽ എത്ര സമയം പിടിക്കും എന്നുള്ള കാര്യം പറയാൻ പറ്റില്ല.

പതിവുപോലെ അന്നും സിഗ്നലിൽ കുടുങ്ങി. പൈസ ചോദിച്ചു വരുന്ന ഭിന്നലിംഗക്കാരേയും കൂളിംഗ്‌ ഗ്ലാസ്, ബെൽറ്റ്‌, പേഴ്സ് എന്നിങ്ങനെ സാധനങ്ങൾ വില്ക്കുന്ന  ചെറുകിട കച്ചവടക്കാരെയും ഇവിടെ എപ്പോഴും കാണാം.സ്ഥിരം കാഴ്ചകളായതിനാൽ ഇതൊന്നും ശ്രദ്ധിക്കാതെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു..

അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് അവരെ കണ്ടത്. അവർ, രണ്ട് കുട്ടികൾ. വ്യത്യസ്തമായ വേഷവിധാനങ്ങളിൽ. മുഖത്തെന്തൊക്കെയോ വച്ച് കെട്ടി ഒരു വാലും വച്ച് ഹനുമാൻ വേഷത്തിൽ ഒരാൾ. തലയിൽ ഒരു കിരീടവും കയ്യിൽ അമ്പും വില്ലുമായി  മഞ്ഞ വസ്ത്രം ധരിച്ച് വേറൊരു ശ്രീരാമൻ. ഏഴോ എട്ടോ വയസ്സ് തോന്നിക്കും രണ്ട് പേരെയും കണ്ടാൽ. സിഗ്നലിൽ കുടുങ്ങിക്കിടക്കുന്ന ഓരോ വാഹനങ്ങൾക്കടുത്തേക്കും അവർ ചെല്ലുന്നുണ്ട്. പക്ഷേ വാഹനങ്ങളിൽ ഇരിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇവരെ ശ്രദ്ധിച്ചതേ ഇല്ല.

അവർ ഞാനിരിക്കുന്ന ഓട്ടോയുടെ അടുത്തേക്കും വന്നു. ദൈവങ്ങളോട് തീരെ താല്പര്യമില്ലാത്തത് കൊണ്ടും കുട്ടികൾക്ക് കൊടുക്കുന്ന പൈസ ഏതെങ്കിലും ഇടനിലക്കാരന്റെ കയ്യിലെക്കാകും പോകുകയെന്നുറപ്പുള്ളത് കൊണ്ടും ഒന്നുമില്ലെന്നർത്ഥത്തിൽ  തലയിളക്കി അവരെ ഒഴിവാക്കി.

വന്നു വന്ന്  രാമനും ഹനുമാനുമൊക്കെ നടുറോഡിലിറങ്ങി ഭിക്ഷയെടുക്കാൻ തുടങ്ങി.    ലക്ഷമണനും സീതയും കൂടിയുണ്ടായിരുന്നെങ്കിൽ രാമായണം പൂർത്തിയായേനേ..

ആ കുട്ടികളോടുള്ള സഹതാപത്തേക്കാൾ എനിക്കപ്പോൾ തോന്നിയത് അവരെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്ന, അവർ ഉണ്ടെന്നും ഞാൻ ഇല്ലെന്നും വിശ്വസിക്കുന്ന ദൈവത്തോടുള്ള ദേഷ്യമാണ്.

ഒരു കൗതുകത്തിന് അവർ മറ്റു വാഹങ്ങളുടെ അടുത്തേക്ക് പോകുന്നത് ഞാൻ നോക്കിയിരുന്നു. ചുകപ്പ് പച്ചയാവുന്നതും കാത്തു കിടക്കുന്ന ഒരു ആഡംബര കാറിന്റെ വിന്ഡോയിലൂടെ ഒരു കുഞ്ഞു കൈ പുറത്തേക്ക് നീണ്ടു. പകുതിയിലധികം തീർന്ന ഒരു ബിസ്കറ്റ് പാക്കറ്റ് ആ കയ്യിലുണ്ടായിരുന്നു. ശ്രീരാമൻ അത് വാങ്ങി. വായ മൂടിക്കെട്ടിയിരുന്ന ഹനുമാൻ അതിലൊന്നെടുക്കുന്നതിനു മുൻപ് തന്നെ അവൻ റോഡിന്റെ മറുവശത്തേക്കോടി. വിശപ്പടക്കാൻ ഇത്തിരി ഭക്ഷണം കിട്ടിയപ്പോൾ അതുവരെ കൂടെയുണ്ടായിരുന്ന ഹനുമാനെ രാമൻ മറന്നു.

റോഡിന്റെ മറുവശത്തേക്ക് ശ്രീരാമൻ ധൃതിയിലോടി. അവിടെ ഉണ്ടായിരുന്നു ഒരു ലക്ഷ്മണൻ. രാമന്റേതു പോലുള്ള വേഷമില്ല. കീറിത്തുടങ്ങിയ ഒരു ട്രൌസറും ചെളി പുരണ്ട ഒരു ഷർട്ടുമിട്ട് ഒരു മരത്തണലിൽ കരഞ്ഞ് തളർന്നിരിക്കുന്ന രണ്ടോ മൂന്നോ വയസുള്ള ഒരു ലക്ഷ്മണൻ. തനിക്കു കിട്ടിയ ബിസ്ക്കറ്റ് പാക്കറ്റിൽ നിന്ന് രണ്ടെണ്ണമെടുത്ത് രാമൻ ആ കൊച്ചു കൈവെള്ളയിൽ വച്ചുകൊടുത്തു. ബാക്കി വന്ന ഒന്ന് കൂടെയോടിയെത്തിയ ഹനുമാനും കിട്ടി..

പതുക്കെ നിരനിരയായി നീങ്ങിത്തുടങ്ങിയ വാഹനങ്ങൾക്കിടയിലേക്ക് ആരെങ്കിലും തരുന്ന നാണയത്തുട്ടുകളും പ്രതീക്ഷിച്ച് നടന്നു പോകുമ്പോൾ മരചില്ലകൾക്കിടയിലൂടെ വരുന്ന സൂര്യരശ്മികൾ ആ ശ്രീരാമന് ചുറ്റും ഒരു പ്രഭാവലയം തീർക്കുന്നുണ്ടായിരുന്നു..

4 comments:

  1. റോഡരികിലെ രാമായണം.ഇഷ്ട്ടപപെട്ടു.

    ReplyDelete
  2. ദൈവങ്ങൾ അവരിലൊക്കെയാവാം ജീവിക്കുന്നത്

    ReplyDelete
    Replies
    1. സത്യം. ഈ ദൈവങ്ങളെ പട്ടിണിക്കിട്ടാണ് ആൾക്കാർ കരിങ്കല്ലിനെ പാലും തേനുമൂട്ടുന്നത്...

      Delete