ബ്ലോഗിനെപ്പറ്റിയും ബൂലോഗത്തെപ്പറ്റിയും മുമ്പ് കേട്ടിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു ബ്ലോഗ് എഴുതണമെന്നു തോന്നിയത് ഇപ്പോഴാണ്. പഠനത്തിനായി ഈ ബാംഗ്ലൂര്‍ നഗരത്തിലെത്തിയതിനു ശേഷം കഴിഞ്ഞ കാലത്തിലെ നനുത്ത ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുകയായിരുന്നു ഞാന്‍. ഓര്‍ക്കാന്‍ നല്ലതൊന്നും തരാത്ത ഈ നഗരത്തിലെ എന്‍റെ ഒഴിവുസമയങ്ങള്‍ ഇനി മുതല്‍ ഞാന്‍ എന്‍റെ ബ്ലോഗിന് വേണ്ടി മാറ്റിവെക്കുന്നു.
എന്തെഴുതണം എന്ന് ആലോചിച്ചപ്പോള്‍ ഒരുപാട് മുഖങ്ങളും സംഭവങ്ങളും ഓര്‍മ്മവന്നു. എങ്ങോ പൊടിപിടിച്ചു കിടന്നിരുന്ന എന്‍റെ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനുള്ള ഒരു നിമിത്തമായി ഈ ബ്ലോഗ്.
ബ്ലോഗിനിടാന്‍ ഒരു പേര് ആലോചിച്ചപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായിച്ച ഒരു നോവലിന്‍റെ പേര്--ജനാലക്കരികിലെ പെണ്‍കുട്ടി(പേരോര്‍മ്മയില്ലാത്ത ഒരു പാശ്ചാത്യ നോവലിന്‍റെ മലയാള പരിഭാഷ) . ഓര്‍മ്മകളുടെ വിദൂരതയിലെങ്ങോ കാലത്തിനു മായ്ക്കാനാകാതെ ഒരു നേര്‍ത്ത ചിത്രമായി ആ പുസ്തകവും അതെനിക്ക് തന്ന, വെളുത്തുമെലിഞ്ഞ ഒരു ഒരു കൂട്ടുകാരിയും ഇന്നും അവശേഷിക്കുന്നു.
വിരസങ്ങളായിപ്പോകുമായിരുന്ന മലയാളം ക്ലാസ്സുകളെ എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായി മാറ്റിയ, എനിക്കും എഴുതാന്‍ കഴിയും എന്ന വിശ്വാസം എന്നില്‍ വളര്‍ത്തിയ പത്താം ക്ലാസിലെ എന്‍റെ മലയാളം അദ്ധ്യാപകന്‍. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ ഞാനറിഞ്ഞ മഹാഭാരത യുദ്ധവും ആശ്രമവാടിയിലെ സീതയും പാത്തുമ്മയുടെ ആടും ഒരു ഫ്രെയിമിലെന്നപോലെ അതേപടി ഇന്നും എനിക്ക് ഓര്‍ത്തെടുക്കാനാകും.
ഒരുപിടി നല്ല ഓര്‍മ്മകളും മുഖങ്ങളും ചില സ്വകാര്യ ദുഖങ്ങളും നല്‍കിക്കൊണ്ടാണ് രണ്ടുവര്‍ഷത്തെ ഹയര്‍ സെക്കന്ററി സ്കൂള്‍ ജീവിതം കടന്നു പോയത്. കെമിസ്ട്രി ലാബിലെ രാസപദാര്‍ഥങ്ങളുടെ രൂക്ഷ ഗന്ധവും സുവോളജി ലാബില്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഡെമോ ആകാന്‍ വിധിക്കപ്പെട്ട പാതിജീവനുള്ള കൂറകളുടെ മറ്റാരും കേള്‍ക്കാത്ത രോദനവും ഞാന്‍ ഒരിക്കല്ലും മറക്കില്ല. സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ ഒരു സിമ്പിള്‍ പെന്‍ഡുലം പോലെ ചാഞ്ചാടിക്കളിക്കുന്ന മനസ്സുമായി ജീവിച്ച ഒരു കൗമാരക്കാരന്‍റെ വേദനകള്‍ മറ്റാരെയും അറിയിക്കാതെ ഉള്ളിലൊതുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. മിഴിനീര്‍ക്കണങ്ങളെ ഒരു കൃത്രിമ ചിരികൊണ്ട് മറച്ചു. ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ അവസാനിക്കുന്ന സൗഹൃദങ്ങള്‍ക്കുപരി എന്നെന്നും നിലനില്‍ക്കുന്ന ആത്മബന്ധങ്ങളുടെ തുടക്കം അവിടെവച്ചായിരുന്നു.
ഞാന്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളാണ് ബാംഗ്ലൂരിലെ എന്‍റെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍. ഒരു ഗ്രാമത്തിന്‍റെ നിറവും മണവും കുളിര്‍മയും മനസ്സില്‍ സൂക്ഷിക്കുന്ന എനിക്ക് ഈ നഗരത്തിന്‍റെ വേഗതയുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ ഈ ലോകത്തിലെ കോടിക്കണക്കിനു ഐ ടി പ്രൊഫഷണലുകളിലൊരാളായി ഒരു കമ്പ്യുട്ടെറിനു മുന്നില്‍ എന്താകുമെന്നറിയാത്ത ഭാവിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇന്ന് ഞാന്‍......
ഞാന്‍ ഈ പറഞ്ഞവരില്‍ പലരെയും ഈ ബ്ലോഗില്‍ വീണ്ടും കണ്ടെന്നു വരാം. പലസംഭവങ്ങളും വീണ്ടും വിവരിക്കപ്പെടാം. പുതിയ കഥാപാത്രങ്ങളും സംഭവങ്ങളും സൃഷ്ടിക്കപ്പെട്ടു എന്ന് വരാം. അതൊന്നും ആരെയും വേദനിപ്പിക്കാനിടയാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ തുടങ്ങുന്നു...........
0 comments:
Post a Comment