Friday, March 26, 2010

ഒരു ബസ്‌ യാത്രയുടെ ഓര്‍മ്മക്ക് ......

ബാംഗ്ലൂരില്‍ എത്തിയിട്ട് ഏറിയാല്‍ ഒന്നോ രണ്ടോ മാസം ആയിക്കാണും.കന്നഡ ഭാഷയിലെ 'അഗാധ പാണ്ഡിത്യം' കാരണം കന്നടയില്‍ ആരെന്തു ചോദിച്ചാലും 'കന്നഡ ഗൊത്തില്ല' എന്നല്ലാതെ മറ്റൊരു വാക്ക് ഞാന്‍ പറയാറില്ല.എന്തിനാ വെറുതെ അറിയാത്ത ഭാഷയില്‍ 'മാര്‍ത്താടി' കന്നട മക്കള്‍ക്ക്‌ കൈക്ക് പണികൊടുക്കുന്നത്. മാത്രമല്ല 'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന ലാലേട്ടന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഞാന്‍ കുറെ തവണ കണ്ടിട്ടുമുണ്ട് (അറിയാത്ത ഭാഷയിലെ വാക്കിന്‍റെ മീനിംഗ് കണ്ടുപിടിക്കാന്‍ പോയി മരത്തില്‍ തൂങ്ങി ടാര്‍സന്‍ കളിക്കാനുള്ള സ്റ്റാമിനയോന്നും ശരീരത്തിലില്ലേ...!!).ഹോസ്റ്റലില്‍ അല്ലാത്തത് കാരണം എന്നും ബസ്സില് വേണം കോളേജിലേക്ക് പോവാന്‍. 'വിനോദയാത്ര' കണ്ടത് മുതല്‍ ദിലീപിന്‍റെ കടുത്ത ഫാനാണ് ഞാന്‍.അതുകൊണ്ട് കോളേജില്‍ പോകാന്‍ ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങണമെങ്കില്‍ ആറെ മുക്കാലിന് ശേഷം മാത്രമേ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുക പോലും ചെയ്യൂ. അങ്ങനെയിരിക്കെ ഒരു ദിവസം,നേരത്തെ ഉറങ്ങിയത് കൊണ്ടാവണം എഴുന്നേല്ക്കാന്‍ അല്പം വൈകി. പ്രഭാത കൃത്യങ്ങള്‍(എക്സെപ്റ്റ് കുളി,അല്ലേലും ഒരു ദിവസം കുളിച്ചില്ല എന്ന് വച്ച് എന്ത് സംഭവിക്കാനാ....കുളിച്ചു വൃത്തിയായി പോകുന്നത് അമ്പലത്തിലേക്കൊന്നുമല്ലല്ലോ... ഇത്രയൊക്കെ മതി.) എല്ലാം കഴിഞ്ഞു യൂണിഫോം ഇട്ടു പുറത്തിറങ്ങി (യൂനിഫോമിലെ കോളേജിന്‍റെ ലോഗോ കാണുമ്പോഴാണ് ഞാന്‍ കോളേജിലേക്കാണ് പോകുന്നതെന്ന ബോധം എനിക്ക് തന്നെ വരുന്നത്.അല്ലാതെ ബുക്കും പേപ്പറും എന്തിനു ഒരു പേന പോലും കയ്യിലുണ്ടാവില്ല).ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ശീലം ഇല്ലാത്തതിനാല്‍ സമയം കൂടി ഉറങ്ങി തീര്‍ത്തിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ ബസ് സ്റൊപ്പിലെത്തി.
സാധാരണ പ്രൈവറ്റ് ബസ്സിലെ മനസ്സിലാകാത്ത കന്നടപ്പടവും കണ്ടുകൊണ്ടാണ് കോളേജിലേക്ക് പോകാറ്. ഇന്നങ്ങനെ ചെയ്താല്‍ ടീ ബ്രേക്കിന് പോലും അവിടെയെത്തില്ല, മാത്രമല്ല മേപ്പാടന്‍ തിരുമേനിയുടെ ( കഥാപാത്രം ആരാണെന്ന് എന്റെ കൂടെ പഠിച്ചവര്‍ക്ക് മാത്രമേ അറിയൂ..പറയാന്‍ വളരെയേറെ ഉള്ളത് കൊണ്ട് ഇപ്പോള്‍ പരിചയപ്പെടുത്താന്‍ ഒരു നിര്‍വാഹവുമില്ല.) കറുത്ത മുഖവും കാണേണ്ടിയും വരും. അതുകൊണ്ടാണ് നിര്‍ത്താതെ പോയ ബി എം ടി സി ബസ്സില്‍ ഓടിക്കയറിയത്. സ്റ്റോപ്പില്‍ നിന്നും ആരും കയറിയിട്ടില്ല എന്ന് കരുതിയാവണം കണ്ടക്ടര്‍ പിന്നിലേക്ക് വന്നില്ല. അയാള്‍ വരുമ്പോള്‍ ടിക്കെറ്റെടുക്കാം എന്ന് കരുതി ഞാനും നിന്നു. പക്ഷെ എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അടുത്ത സ്റ്റോപ്പില്‍ നിന്നു ടിക്കറ്റ് ചോദിച്ചത് 'ചെക്കര്‍'. ഒന്നല്ല, ഒരു പെണ്ണും രണ്ടാണും(അടൂര് ഗോപാലകൃഷ്ണന്‍റെ പടത്തിന്‍റെ പേരല്ല). വര്‍ഗത്തില്‍ പെട്ട ജീവികളെ ഇതിനു മുമ്പ് കണ്ടു പരിചയമില്ലാത്തതിനാല്‍ ഞാന്‍ ഒന്നമ്പരന്നു.
ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല എന്നും കണ്ടക്ടര്‍ വന്നില്ല എന്നുമൊക്കെ എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തെങ്കിലും ഞാന്‍ പറഞ്ഞത് അവര്‍ക്കോ അവര്‍ പറഞ്ഞത് എനിക്കോ മനസ്സിലായില്ല. ദൂരദര്‍ശനിലെ ബധിര-മൂകര്‍ക്ക് വേണ്ടിയുള്ള വാര്‍ത്തയെ അനുസ്മരിപ്പിക്കും വിധമുള്ള എന്‍റെ പ്രകടനം കണ്ടിട്ട് ചിലര്‍ ചിരിക്കാന്‍ തുടങ്ങി.
ഇവന്‍മാര്‍ക്കൊക്കെ ചിരിച്ചാലെന്താ ഞാനല്ലേ നാണം കേട്ടത്. എനിക്കും വരും ഒരു ദിവസം. അങ്ങനെ ചിരിക്കുന്നവരുടെയൊക്കെ കുടുംബക്കാര്‍ക്ക്‌ നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്(ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായല്ലോ അല്ലെ ..?) നില്‍ക്കുമ്പോഴാണ് ചെക്കറുടെ പുതിയ ഓഫര്‍ . നൂറു രൂപ ഫൈന്‍ അടച്ചാല്‍ കുഴപ്പമൊന്നും ഉണ്ടാക്കാതെ വിടാം. ഒരു നൂറു പോകുന്ന വഴിയേ... നൂറു പോണെങ്കില്‍ പോട്ടെ, വെറുതെ എന്തിനാ വീട്ടിലുള്ളവര്‍ക്കൊക്കെ സുഖമാണോ എന്ന് ചെക്കറെക്കൊണ്ട് ചോദിപ്പിക്കുന്നത്. കാശെടുക്കാന്‍ ഞാന്‍ പോക്കെറ്റില്‍ കയ്യിട്ടു.

"ഈശ്വരാ.........." കടുത്ത നിരീശ്വരവാദിയായ ഞാന്‍ (ഗുരുവായൂരപ്പനാണ് സത്യം ഞാന്‍ ഭയങ്കര നിരീശ്വരവാദിയാ...) അറിയാതെ ദൈവത്തെ വിളിച്ചുപോയി. കാരണം കീശ കാലി. തിരക്കിനിടയില്‍ പേഴ്സ് എടുക്കാന്‍ മറന്നു പോയിരിക്കുന്നു.

"സര്‍ ... ...പേഴ്സ്.....ഫോര്‍ഗോട്ട് "

ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി അറിയുന്നത് കൊണ്ട് 'പേഴ്സ് എടുക്കാന്‍ മറന്നു' എന്ന് ഞാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ (അതോ ഇതിലും കഷ്ടമായിരുന്നോ...... ഹേയ് അതിനു സാധ്യതയില്ല,ഒന്നുമില്ലേലും പ്ലസ്‌ ടുവിനു ഇംഗ്ലീഷില്‍ 80% മാര്‍ക്കുണ്ടല്ലോ എനിക്ക്...സത്യം). പറഞ്ഞതിങ്ങനെയാണെങ്കിലും അയാള്‍ക്ക്‌ കാര്യം മനസ്സിലായി (അയാളും പത്താം ക്ലാസും ഗുസ്തിയും ആണെന്ന് തോന്നുന്നു). അത് കേട്ടപ്പോള്‍ അങ്ങേരെന്നെ രൂക്ഷമായൊന്നു നോക്കി. നോട്ടം കണ്ടാല്‍ തോന്നും അയാളുടെ അമ്മാവനെ തലക്കടിച്ചു കൊന്നത് ഞാനാണെന്ന്. ബിന്‍ ലാദനെ കണ്ടാല്‍ ബുഷ്‌ പോലും ഇങ്ങനെ നോക്കില്ല.ഞാന്‍ പറഞ്ഞത് പച്ചവെള്ളം കൂട്ടാതെ വിഴുങ്ങാന്‍ അയാള്‍ അത്രക്ക് അസ്മാദൃഷ്ടന്‍ (അര്‍ഥം എനിക്കും വലിയ പിടി ഇല്ല... നിര്‍ബന്ധമാണെങ്കില്‍ സ്വയം കണ്ടുപിടിച്ചോളൂ..)ഒന്നുമല്ലല്ലോ. പിന്നീട് അയാള്‍ പറഞ്ഞതൊന്നും കൃത്യമായി എനിക്കോര്‍മ്മയില്ല(അല്ലെങ്കിലും കേട്ട തെറിയൊക്കെ ആരെങ്കിലും ഓര്‍ത്തു വെക്കുമോ..?)
ഇടിവെട്ടിയവന്‍റെ തലയില്‍ തേങ്ങയും വീണു കാലില്‍ പാമ്പും കടിച്ചു മുഖത്ത് തേനീച്ചയും കുത്തിയ അവസ്ഥയിലായി ഞാന്‍(എന്‍റെ അവസ്ഥ വ്യക്തമാക്കാന്‍ ഒരു ബനാന ടോക്ക് തപ്പി നോക്കിയിട്ട് മലയാളത്തിലെന്നല്ല ഒരു ഭാഷയിലും കണ്ടില്ല. അതുകൊണ്ട് സ്വന്തമായി ഒരെണ്ണം കൊടുക്കാമെന്നു വച്ചു. എന്‍റെ അപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് ഏകദേശം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു). അതുവരെ സഹതാപത്തോടെ എന്നെ നോക്കിയിരുന്നവരുടെ മുഖത്ത് 'യെവന്‍ ആള് കൊള്ളാമല്ലോ..' എന്നൊരു ഭാവം വരുന്നത് ഞാന്‍ കണ്ടു. ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരിച്ചു കൊണ്ടേയിരുന്നു. ഒരു കള്ളനെ കയ്യോടെ പിടികൂടിയ ഭാവത്തില്‍ ചെക്കറും സംഘവും. പോലീസെന്നും സ്റെഷനെന്നുമൊക്കെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ ബസ്‌ എവിടെയെങ്കിലും പോയി അടിച്ചു കലങ്ങിയാല്‍ മതിയായിരുന്നു എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.
ബസ്‌ നാലാമത്തെ സ്റ്റോപ്പില്‍ നിര്‍ത്തി. ചെക്കര്‍ എന്നോട് ബസ്സില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. വേറെ ഒരു മാര്‍ഗ്ഗവും ഇല്ലാത്തതു കൊണ്ട് ഞാന്‍ ഇറങ്ങി. അവിടെ ഒരു വെള്ള അംബാസിഡര്‍ കാര്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ പോലിസ് വേഷത്തില്‍ ഒരാള്‍.എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ ഞാന്‍ അതില്‍ കയറി,കൂടെ മൂന്നു ചെക്കര്‍മാരും. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
അപ്പോഴാണ്‌ എനിക്ക് പുതിയൊരു സംശയം. എവിടെയോ ഒരു കിഡ്നാപ്പിംഗ് മണക്കുണ്ടോ..? ഇവര്‍ വല്ല വൃക്കത്തട്ടിപ്പുകാരോ അവയവ മോഷ്ടാക്കളോ മറ്റോ ആണോ?ബാംഗ്ലൂരില്‍ തെണ്ടി നടക്കുന്ന,കയ്യും കാലും കണ്ണും ഇല്ലാത്ത, പല പോസുകളിലുള്ള ഫോട്ടോകള്‍ എന്‍റെ കണ്മുന്നില്‍ മിന്നിമറഞ്ഞു (സത്യം പറയാമല്ലോ, കയ്യും കാലുമില്ലാത്ത എന്നെ കണ്ടാല്‍ പെറ്റമ്മ സഹിക്കൂല....).
" ദെന്‍ ‍ഫ്രം വേര്‍ കാന്‍ യു ഗിവ് മണി.." വിവരവും വിദ്യാഭ്യാസവുമുള്ള, കാര്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന പോലീസുകാരന്‍ എന്നോട് ചോദിച്ചു. കോളേജിനടുത്തെ സ്റ്റോപ്പില്‍ എത്തിയാല്‍ തരാമെന്ന് ഞാനും പറഞ്ഞു. അവിടെ കൂടെ പഠിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്‌. എന്‍റെ സത്യസന്ധത (സര്‍വ്വോപരി കരുണ രസം വിരിഞ്ഞ എന്‍റെ മുഖം) കണ്ടിട്ടാവണം എന്നെ വിട്ടേക്കാന്‍ അയാള്‍ ചെക്കറോടു പറഞ്ഞു (പറഞ്ഞതങ്ങനെയായിരിക്കുമെന്നു മുഖഭാവത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തതാ...). എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ തന്നെ അവര്‍ വണ്ടി നിര്‍ത്തി. ഞാന്‍ ഇറങ്ങുകയും ചെയ്തു. പോലിസ് വണ്ടിയില്‍ നിന്നിറങ്ങിവരുന്നത് കൊണ്ടാവണം ചിലര്‍ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.
പക്ഷെ കാറില്‍ നിന്നിറങ്ങിയ എന്നോട് പോലീസുകാരന്‍ പറഞ്ഞത് കേട്ട് എന്‍റെ ചോര തിളച്ചു(പിഴിഞ്ഞെടുത്താല്‍ പോലും അഞ്ചു ലിറ്റര്‍ തികച്ചും കിട്ടാത്തത് കൊണ്ട് ആവിയാകുന്നതിനു മുന്‍പ് തിളപ്പിക്കുന്നത് നിര്‍ത്തി.). ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞതിന്‍റെ അര്‍ഥം ഏതാണ്ട് ഇത് പോലെയാണ്--

"നിങ്ങള്‍ മലയാളികള്‍ വലിയ അഭിമാനികളാണല്ലോ.. ഇങ്ങനെ തന്നെയാണോ നാട്ടിലും, ബസ്സില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കാറില്ലേ..?"

മലയാളികളെ ഒന്നടങ്കം അപമാനിച്ച വാക്കുകള്‍ കേട്ട് എന്‍റെ ചോര തിളച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഒടുവില്‍ അടുത്ത കടയില്‍ കണ്ട കൂട്ടുകാരനോട് നൂറു രൂപ കടം വാങ്ങി പോലിസുകാരന് കൊടുത്തുകൊണ്ട് ഞാന്‍ എനിക്കറിയാവുന്ന ഭാഷയില്‍ 'മലയാളീസ് ഒരു തെറ്റ് ചെയ്‌താല്‍ അത് സമ്മതിക്കുമെന്നും നിയമങ്ങള്‍ അനുസരിക്കുന്നവരാണെന്നും' പറഞ്ഞൊപ്പിച്ചു (ഫൈന്‍ അടക്കേണ്ട എന്ന് പറഞ്ഞിട്ടും അവരുടെ മുഖത്തു നോക്കി രണ്ടു ഡയലോഗ് പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ കടം വാങ്ങിയിട്ട് ഫൈന്‍ അടച്ചത്.). നൂറു രൂപ കൊടുത്തിട്ടും പത്തു രൂപ അടച്ചതിന്റെ റസീപ്റ്റ് തന്ന അവരോട് (ബാക്കി തൊണ്ണൂറു രൂപ അവര്‍ നാലായി വീതിച്ചെടുത്തിരിക്കണം.ഒരാള്‍ക്ക്‌ ഇരുപത്തി രണ്ടു രൂപ അമ്പതു പൈസ.) കേരളത്തിലെ പോലീസുകാര്‍ നക്കാപ്പിച്ച കാശ് വിഴുങ്ങുന്നവരല്ല എന്ന് പറയാന്‍ തോന്നിയെങ്കിലും കേരളത്തിലെ പോലീസുകാരെ ഓര്‍ത്തപ്പോള്‍ (എല്ലാവരെയുമല്ല,ചിലരെ..) അത് പറയേണ്ട എന്ന് തോന്നി....

ആരെയാണാവോ ഇന്ന് കണികണ്ടതെന്നാലോചിച്ചു ഞാന്‍ നടന്നു.....

6 comments:

  1. (((((((((((((ഠോ))))))))))))

    "ഏന്താത്‌"

    "എയ്‌, പേടിക്കേണ്ട, തേങ്ങയുടച്ചതാ"

    രൊമരിൂ (ഇഗ്ലീഷിൽ romario) അല്ല, വരമൊഴിക്ക്‌ ഇഗ്ലീഷ്‌ അറിയാത്തത്‌ എന്റെ കുറ്റമാണോ?.

    കഥ സൂപ്പർ ആവുമായിരുന്നു, ഇടക്കുള്ള ബ്രാക്കറ്റ്‌ ഒഴിവാക്കുക. പിന്നെ, വിവരണം വേണ്ടായിരുന്നു. അത്‌ കണ്ട്‌പിടിച്ച്‌ ചിരിക്കുക എന്നതാണല്ലോ ഞങ്ങടെ പണി.

    അപ്പോ, സൂപ്പറാക്കുവാൻ ശ്രമിക്കുക ചേട്ടാ.

    അല്ല, അവസാനം നാല്‌ മാത്താടാൻ, മലയാളമല്ലാതെ മറ്റെന്തുണ്ട്‌ കൈയിൽ.

    തുമ്പ ചെന്നയിതെ. (വടി എടുക്കരുത്‌, ചീത്ത പറഞ്ഞതല്ല)

    ഫോണ്ടിത്തിരി വലുതാക്കുക.

    Sulthan | സുൽത്താൻ

    ReplyDelete
  2. ഒരു പതിനാലു കൊല്ലം മുന്പ് നാല് വര്ഷം അവിടെ അര്‍മാദിച്ചത്കൊണ്ട് എനിക്ക് കാര്യം മനസ്സിലാവും.....എഴുത്തുനടക്കട്ടെ.....സസ്നേഹം

    ReplyDelete
  3. ഞാന്‍ ഇപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് . എന്റെ പോസ്റ്റിനു ആദ്യമായി കമന്റ്‌ വന്നിരിക്കുന്നു....

    സുല്‍ത്താന്‍ ..നന്ദി ഒരു തേങ്ങയുടച്ചു എന്റെ ബ്ലോഗ്ഗില്‍ ആദ്യ കമെന്റെഴുതിയതിന്....

    ലോകമെങ്ങും സഞ്ചരിക്കുന്നതിനിടയിലും ഒരു തുടക്കക്കാരന്റെ ബ്ലോഗിന് അല്‍പ സമയം മാറ്റിവച്ച യാത്രികാ .. താങ്കള്‍ക്കും ഒരുപാട് നന്ദി....

    വീണ്ടും വിലപ്പെട്ട ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. 2007 ലെ ഡിസംബര്‍ മാസത്തില്‍, ചെന്നൈയിലെ കണ്ണഞ്ചാവടിയില്‍ നിന്നും ബസ്സ്‌ കയറി അടുത്ത സ്റ്റോപ്പ്‌ എത്തുന്നതിനു മുന്‍പ് ചെക്കര്‍മാര്‍ പിടിച്ചിറക്കി അഞ്ഞൂറ് രൂപ വാങ്ങിക്കൊണ്ടു പോയി എന്റെ കയ്യില്‍ നിന്നും ......
    എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും

    ReplyDelete
  5. ഈ ചെക്കര്‍മാര്‍ ഒരു ആഗോള പ്രശ്നം തന്നെയാണല്ലേ,ഒറ്റയാനേ...........?

    ReplyDelete
  6. കലക്കി മാഷേ :)

    ReplyDelete