Thursday, April 1, 2010

നാഗമാണിക്യം... ഒരു നട്ടുച്ചക്കൊലപാതകത്തിന്റെ കഥ........



ഉച്ചക്ക് ആവശ്യത്തിലുമധികം ഭക്ഷണം കഴിച്ചത് കൊണ്ടും വീട്ടില്‍ മിണ്ടാനും പറയാനും ഒരു ഈച്ച പോലും ഇല്ലാത്തതു കൊണ്ടും ഭക്ഷണം കഴിച്ച ഉടനെ ഞാന്‍ കിടക്കയിലേക്ക് വീണു. അല്ലെങ്കിലും ഞായറാഴ്ചകള്‍ ഉറങ്ങിത്തീര്‍ക്കുക എന്നതായിരുന്നു എന്‍റെ സ്ഥിരം പരിപാടി.എത്ര സമയം ഉറങ്ങി എന്നറിയില്ല വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്,കൂടെ ഒരു സ്ത്രീ ശബ്ദവും.


"അനിയാ...അനിയാ.........."


എന്‍റെ പെങ്ങന്‍മാരാരും ഈ ബാംഗ്ലൂരില്‍ ഇല്ലല്ലോ പിന്നെ ഇതേതാ ഈ പുതിയ ചേച്ചി. വാതിലില്‍ മുട്ടുന്നതിന്‍റെ ശക്തിയും വിളിയുടെ ഫ്രീക്വെന്‍സിയും കൂടിയപ്പോള്‍ ഞാന്‍ വാതില്‍ തുറന്നു.പുറത്ത് തൊട്ടു മുകളിലത്തെ നിലയില്‍ താമസിക്കുന്ന,മുമ്പ് കണ്ടു പരിചയമുള്ള ചേച്ചി.എന്നെ കണ്ട ഉടനെ അവര്‍ പറഞ്ഞു.

"അനിയാ സ്റെയര്‍കേസില്‍ ഒരു പാമ്പ്.അതിനെ എങ്ങനെയെങ്കിലും ഒന്ന് തല്ലിക്കൊല്ല്..."


"ഈശ്വരാ....പണി കിട്ടി " ഞാന്‍ മനസ്സിലോര്‍ത്തു. ഒരു പാമ്പിനെയെങ്ങാനും വഴിയില്‍ കണ്ടാല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് ഞാന്‍ ആ വഴിയിലൂടെ നടക്കില്ല എന്ന് മാത്രമല്ല അങ്ങോട്ട് നോക്കുകപോലുമില്ല.പേടിച്ചിട്ടൊന്നുമല്ല,വെറുതെ എന്തിനാ പാമ്പിനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതിയാ.അല്ലാതെ,പേടിയോ....അതെന്താ സാധനം....?. ആ എന്നോടാണ് പാമ്പിനെ തല്ലിക്കൊല്ലാന്‍ പറയുന്നത്.


"തല്ലിക്കൊല്ലണോ...അത് പോവില്ലേ...?" രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.


"കൊന്നേ പറ്റൂ, അതെങ്ങാനും വീട്ടിനുള്ളില്‍ കയറിയാലോ ..?" ചേച്ചിയുടെ മറുപടി.


അപ്പോഴാണ് എനിക്ക് സംഗതിയുടെ ഗൗരവം മനസ്സിലായത്. സ്റെയര്‍കേസില്‍ നിന്നും ഏറ്റവും അടുത്തത് എന്‍റെ റൂം ആണ്.വെറുതെയിരുന്നു ബോറടിച്ചു പാമ്പെങ്ങാനും എന്‍റെ റൂമില്‍ കയറിയാല്‍......? ഞാന്‍ സ്റെയര്‍കേസിന്റെ അടുത്ത് ചെന്നു. നാലാമത്തെ സ്റെപ്പില്‍ അവനങ്ങനെ കിടക്കുകയാണ്.കണ്ടിട്ട് ലാദനെപ്പോലെ ഭീകരനല്ല,പക്ഷെ ഒരു തടിയന്റവിട നസീര്‍ ആണോ എന്നെനിക്കൊരു സംശയം.ചേരയെ മാത്രമല്ലാതെ വേറൊരു പാമ്പിനെയും ഐ ഡി കാര്‍ഡ്‌ കാണാതെ എനിക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതേതാണാവോ ഈ സാധനം.........?"


"നോക്കി നില്ക്കാതെ അതിനെ തല്ലിക്കൊല്ല്...."


പറയുന്നതിന്‍റെ ടോണ്‍ കേട്ടപ്പോള്‍ "ചേച്ചി മുമ്പ് കൊട്ടേഷന്‍ ടീമിലായിരുന്നോ..?" എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും എന്തുകൊണ്ടോ ചോദിച്ചില്ല .ഒടുവില് ഞാന് ആ കൃത്യം ചെയ്യാന് തന്നെ തീരുമാനിച്ചു.ഒരു വടി എടുക്കാന്‍ വേണ്ടി ഞാന്‍ പോയി. എവിടെ....വടി പോയിട്ട് ഒരു ഈര്‍ക്കില്‍ പോലും അവിടെവിടെയും ഇല്ല. സമാധാനമായി,പാമ്പിനെ കൊല്ലാതിരിക്കാന്‍ പുതിയൊരു കാരണം കിട്ടി. അപ്പോഴാണ് അടുത്ത വീട്ടിലെ പ്രായമായ ഒരു സ്ത്രീ ഒരു വടിയും കൊണ്ട് വന്നത്. "തകോളീ...." എന്ന് പറഞ്ഞു അവര്‍ അത് എനിക്ക് നേരെ നീട്ടി.വീണ്ടും കുടുങ്ങി. ഒടുവില്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ വടി എടുത്തു.പാമ്പിന്‍റെ അടുത്തേക്ക് ചെന്നു.മൂപ്പര് ഇതൊന്നും അറിഞ്ഞ മട്ടില്ല. ചുരുണ്ട് കൂടി കിടക്കുകയാണവിടെ. ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. പാമ്പിന്‍റെ നീളം,വീതി,ചുറ്റളവ്,വ്യാപ്തം എന്നിവ മനസ്സിലാക്കി ഒരു വടക്കന്‍ വീരഗാഥ സ്റ്റൈലില്‍ പാമ്പിന്‍റെ തല നോക്കി ആഞ്ഞു വീശി....


ശനി,രാഹു,കേതു തുടങ്ങിയവര്‍ എന്‍റെ തലയുടെ മുകളില്‍ നിന്ന് ഗ്രൂപ്പ് ഡാന്‍സ് കളിക്കുന്ന സമയമായതു കൊണ്ടാവണം എന്‍റെ കണക്കുകൂട്ടലുകള്‍ കുറച്ചു തെറ്റിപ്പോയി.തലയ്ക്കു കൊടുത്ത അടി കൊണ്ടത് പാമ്പിന്‍റെ വയറ്റത്ത്. ഒന്നും പറ്റിയില്ല എന്ന് മാത്രമല്ല സ്വസ്ഥമായി ഉറങ്ങുകയായിരുന്ന പാമ്പ് ഒന്നു തലപൊക്കുകയും ചെയ്തു. അതിന്‍റെ തലയ്ക്കു പിറകില്‍ മലയാള അക്ഷരമാലയില്‍ കണ്ടു പരിചയമില്ലാത്ത ഒരു ചിഹ്നം കണ്ട ഞാന്‍ ഒന്ന് ഞെട്ടി.ഒന്നല്ല ഒരു ഒന്നൊന്നര ഞെട്ടല്‍. പാമ്പൊരു പുലിയായിരുന്നെന്നു എന്നെന്നിക്കപ്പോഴാണ് മനസ്സിലായത്. തലയുയര്‍ത്തിപ്പിടിച്ചുള്ള ആ നില്‍പ്പുകണ്ടാല്‍ അറിയാം ആള് തറവാട്ടില്‍ പിറന്ന ഏതോ ഒരു മൂര്‍ഖന്‍ ആണെന്ന്. വയറ്റില്‍ വടികൊണ്ട് കുത്തിപ്പിടിച്ചിരുന്നതിനാല്‍ തലയുയര്‍ത്താനല്ലാതെ കിടന്നിടത്തുനിന്ന് ഒന്നനങ്ങാന്‍ അതിനു കഴിഞ്ഞില്ല. വീണ്ടും അടിക്കാനായി വടി ഒന്നുയര്‍ത്തിയാല്‍ പിന്നെ ഞാന്‍ എല്‍ ഇ ഡി ലൈറ്റിനു പിന്നിലെ ഫോട്ടോ ആകും എന്ന കാര്യം ഉറപ്പ്. കുറച്ചു നേരം അങ്ങനെ പോയി. നാട്ടില്‍ പാമ്പ് കടിച്ചു മരിച്ചവരും പാമ്പായി നടക്കുന്നവരുമായ നിരവധി പേരുടെ മുഖങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു. പാമ്പിനു പാലും മുട്ടയും എന്തിനു വേണമെങ്കില്‍ ചിക്കന്‍ ബിരിയാണി വരെ വാങ്ങിക്കൊടുക്കാം എന്ന് നേര്‍ച്ചയിട്ടു.

അതിനിടയില്‍ എന്നെ ഈ കുഴിയില്‍ കൊണ്ട് ചാടിച്ച ചേച്ചിയുടെ അമ്മായിയച്ചന്‍ അവിടെയെത്തി. ഈ സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് ഇദ്ദേഹവുമായി ചില 'സംസ്കൃത പദങ്ങളുടെ' കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. തന്നതിന്‍റെ പലിശയും കൂട്ട് പലിശയും ചേര്‍ത്തു കൊടുത്തതിനാല്‍ ഞാന്‍ ചത്താല്‍ പോലും അയാള്‍ തിരിഞ്ഞു നോക്കില്ല എന്നകാര്യം എനിക്കുറപ്പായിരുന്നു . പാമ്പിനെ കണ്ടതോടെ അയാള്‍ വന്നവഴിയെ പോയി. ഞാന്‍ വീണ്ടും എന്‍റെ പണി തുടര്‍ന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍,എന്‍റെ ഈ കഥകളി കുറേ നേരമായി കണ്ടുകൊണ്ടിരുന്ന തൊട്ടടുത്ത കടയിലെ കടക്കാരന്‍ ഒരു വടിയുമായി വന്നു. അനങ്ങാന്‍ കഴിയാത്ത പാമ്പിന്‍റെ തലയില്‍ത്തന്നെ അയാള്‍ അടിച്ചു.പാമ്പ് ഇഹലോകവാസം വെടിഞ്ഞു.അന്ന് ആ കടക്കാരന്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ്‌ സ്വര്‍ഗത്തിലെ(?) ഒരു ഇന്റര്‍നെറ്റ് കഫെയിലിരുന്നു എഴുതേണ്ടി വന്നേനെ.

പിന്നീട് ഔദ്യോഗിക ബഹുമതികളോടെ പാമ്പിന്‍റെ ശവമടക്കേണ്ട ചുമതലയും എനിക്കായി. റൂമില്‍ പോയി കുറച്ചു മണ്ണെണ്ണയും ഒരു തീപ്പെട്ടിയുമായി വന്നു. കുറച്ചു കടലാസുകളും ചപ്പു ചവറുകളും കൂട്ടിയിട്ടു പാമ്പിന്‍റെ ബൗദ്ധിക ശരീരം അതില്‍ വച്ച് മണ്ണെണ്ണയൊഴിച്ചു തീ കൊടുത്തു.അടുത്തെങ്ങും തോക്ക് കിട്ടാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍ ആചാരവെടി ഉണ്ടായിരുന്നില്ല. ആ തീ ആളിക്കത്തി.

വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് തലയില്‍ വച്ച് കുച്ചുപ്പുടി കളിച്ചവന്‍റെ നിര്‍വൃതിയോടെ ഞാന്‍ റൂമിലേക്ക് പോയി.

ഈ പോസ്റ്റ്‌ ആ പാവം പാമ്പിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.....

8 comments:

  1. ഹഹഹഹ

    ആ പാവം പാമ്പിന്‌ തോന്നികാണും ഇവനും മലയാള ബ്ലോഗറാണോന്ന്. അതിനി അവൻ സ്വർഗ്ഗത്തിലെ നെറ്റ്‌ കഫെയിലിരുന്ന് എഴുതുന്നുണ്ടാവും.

    കലക്കി മാഷെ.

    തകോളി നന്ദി.

    ReplyDelete
  2. ആഹാ... നന്നായി വായിച്ചു ഇച്ചിരി ചിരിക്കേം ചെയ്തു.. :)

    ReplyDelete
  3. പാമ്പ് പുരാണം കൊള്ളം..

    ReplyDelete
  4. എല്ലാര്‍ക്കും ശ്ശി നന്നീണ്ട് ട്ടോ.....

    ReplyDelete
  5. പാമ്പിനു എന്റെ ആദരാജ്ഞലികള്‍

    ReplyDelete
  6. "തകോളീ...." എന്ന് പറഞ്ഞു അവര്‍ അത് എനിക്ക് നേരെ നീട്ടി.

    eee ""തകോളീ...." ennu paranjalu entha?

    ReplyDelete
  7. "തകോളീ.." എന്നത് ഒരു കന്നഡ വാക്കാണ്‌. എടുത്തോളൂ എന്ന്‍ മലയാളം...

    ReplyDelete