Friday, May 14, 2010

അങ്ങനെ പവനായി ശവമായി......



എന്തൊക്കെ ബഹളമായിരുന്നു. ഹര്‍ഭജന്‍റെ സ്പിന്‍,സഹീറിന്‍റെ പേസ്, ധോണിയുടെ തന്ത്രം, യൂസഫിന്‍റെ കുന്തം,തേങ്ങാക്കൊല, ഒലക്കേടെ മൂട്.........വേള്‍ഡ് കപ്പ്‌ നേടാന്‍ പോയ 'ടീം ഇന്ത്യ' , തോറ്റ സങ്കടം തീര്‍ക്കാന്‍ ബാറില്‍ പോയി ആരാധകരുടെ കയ്യില്‍ നിന്നും ആവശ്യത്തിലധികം 'നേടി' കരീബിയന്‍ മണ്ണില്‍ നിന്നും മടങ്ങി.
അല്ല, ഈ ബാറില്‍ പോയതില്‍ എന്താണ് തെറ്റ്? നമ്മുടെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ പറഞ്ഞു പരത്തുന്നത് പോലെ അവര്‍ പബ്ബില്‍ പോയത് കുടിച്ചു കൂത്താടാനൊന്നുമായിരുന്നില്ല. കളിച്ചു ക്ഷീണിച്ചപ്പോള്‍ ദാഹം തീര്‍ക്കാന്‍ ഇത്തിരി നാരങ്ങാ വെള്ളം കിട്ടുമോന്നറിയാന്‍ പോയതാ. നാരങ്ങാ വെള്ളം തലയ്ക്കു പിടിച്ച ഏതോ ചില മണ്ടന്മാര്‍ (ആരാധകര്‍ എന്നും പറയാം) കൂവുന്നത് കേട്ട് വെറുതെ ഇരുന്നാല്‍ ആര്‍ക്കാ അതിന്‍റെ നാണക്കേട്? നമ്മുടെ രാജ്യത്തിന്. അതുകൊണ്ട് നമ്മുടെ രാജാവും യുവരാജാവുമൊക്കെ ഒന്ന് പ്രതികരിച്ചു. അത് ഇത്ര വലിയ തെറ്റാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പിന്നെ ഇങ്ങനെ ഒരു കാര്യം നടന്നിട്ടേയില്ല എന്ന് യുവരാജാവ് ട്വീറ്റിയതായി അറിഞ്ഞു. വേണ്ടതും വേണ്ടാത്തതും ട്വീറ്റാന്‍ പോയി പണി കിട്ടിയ നമ്മുടെ മന്ത്രിയുടെ അവസ്ഥ യുവരാജാവിന് വരല്ലേ എന്നാണ് ഇപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന.

ഇനി കളി തോല്‍ക്കാനുള്ള കാരണം. അതിന് ബി.സി.സി.ഐ യുടെ പ്രത്യേക അന്വേഷണ കമ്മീഷന്‍ ഒന്നും വേണ്ട. അത് എനിക്കറിയാം. തോറ്റ ഉടനെ ഇന്ത്യയുടെ സ്കോര്‍ കാര്‍ഡും കൊണ്ട് ഞാന്‍ നമ്മുടെ അനന്തന്‍ അജ്ഞാതനെ കണ്ടിരുന്നു. റണ്‍ റേറ്റും വാഗണ്‍ വീലും നോക്കി അദ്ദേഹം ഗണിച്ചു പറഞ്ഞത് വച്ച് നോക്കിയാല്‍ ഇന്ത്യന്‍ പരാജയത്തിനു കാരണം ദൈവകോപമാണ്. എങ്ങനെ കോപിക്കാതിരിക്കും? ലോകത്തിലെ മുന്നൂറ്റിമുക്കോടി ദൈവങ്ങളുടെയും പരമ ഭക്തനായ ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ അവര്‍ കോപിക്കില്ലേ?ചില പരിഹാര ക്രിയകള്‍ ചെയ്‌താല്‍ മാറുന്നതേ ഉള്ളൂ ഈ പ്രശ്നങ്ങള്‍. അതിലൊന്നാമത്തേത് നമ്മുടെ ശ്രീശാന്തിനെ ടീമിലെടുക്കണം എന്നത് തന്നെ. പിന്നെ ഗ്രൌണ്ടിന് ചുറ്റും നാല്പത്തൊന്നു ശയനപ്രദക്ഷിണം, പിച്ചിനു നടുവില്‍ ഒരു ഗണപതി ഹോമം തുടങ്ങിയ ചില്ലറ ക്രിയകള്‍ വേറെയും.

എവിടെ കളി തോറ്റാലും കമന്റിടാന്‍ ധാരാളം ആള്‍ക്കാര്‍ കാണും. മുന്‍ കോച്ച്,മുന്‍ ക്യാപ്റ്റന്‍ തുടങ്ങി ആയകാലത്ത് ബൌണ്ടറി ലൈനില്‍ പന്ത് പെറുക്കി നടന്നവര്‍ വരെ അഭിപ്രായം പറയും.ഇവര്‍ക്കൊന്നും അറിയാത്ത ഒരു കാര്യമുണ്ട്.സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ എല്ലാ തോല്‍വികള്‍ക്കും ന്യായീകരണങ്ങളുണ്ട്.

ഇന്ത്യ ആദ്യം തോറ്റത് ഓസ്ട്രലിയയോട്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കണം എന്നുള്ളത് പാരമ്പര്യമായി ഇന്ത്യന്‍ ടീമിന് കിട്ടിയ അറിവാണ്. അതിനനുസരിച്ച് മാത്രമേ ടീം കളിക്കാന്‍ പാടുള്ളൂ.

രണ്ടാമത് തോറ്റത് വെസ്റ്റ് ഇന്‍ഡീസിനോട്. അവരുടെ നാട്ടില്‍ ചെന്ന് അവരെ തോല്‍പ്പിക്കുന്നത്‌ ശരിയാണോ? അതിഥി മാത്രമല്ല,ആതിഥേയരും ദേവോ ഭവ...

ഇനി ശ്രീലങ്കയോട്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ അയല്‍ രാജ്യത്തെ തോല്‍പ്പിച്ച് നാം ജയിച്ചിട്ടെന്ത് കാര്യം? അങ്ങനെയൊരു ജയം നമുക്ക് വേണ്ട എന്ന് കളിക്കാര്‍ക്കും തോന്നിക്കാണും...

ഇനിയാരും ടീമിനെ കുറ്റം പറയാന്‍ പാടില്ല. കോച്ച് പലതും പറയും. കളിക്കാര്‍ മടിയന്‍മാരാണെന്നും തടിയന്‍മാരാണെന്നുമൊക്കെ. അതൊക്കെ വെറുതെ പറയുന്നതാ.ഈ മടിയും തടിയുമൊന്നും ഐ പി എല്ലില്‍ കണ്ടില്ലല്ലോ? ഇനി കളിക്കാന്‍ വേണ്ടി തടി കുറക്കാനൊന്നും നമ്മുടെ കളിക്കാര്‍ തയ്യാറാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുന്‍പ് ചെയ്തത് പോലെ കോച്ചിനെ അങ്ങ് മാറ്റിയാല്‍ പ്രശ്നം തീര്‍ന്നില്ലേ...

ഇനിയും കുറേ ടൂര്‍ണമെന്റുകള്‍ വരുന്നുണ്ട്. ഈ ടീമിന്റെ ഗതി എന്താകുമോ എന്തോ? കാത്തിരുന്നു കാണാം............

Wednesday, May 12, 2010

പ്രതിസന്ധികള്‍ മറികടക്കാന്‍........

"ഷൂട്ടിംഗ് സൈറ്റുകളില്‍ ഹാജര്‍ ബുക്ക്‌ ഉപയോഗിക്കുക"

കുതിച്ചുയരുന്ന സിനിമാ നിര്‍മ്മാണച്ചെലവ് പിടിച്ചു നിര്‍ത്തി മലയാള സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധി. ഒരല്പം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിര്‍മാണച്ചെലവ് കുറേക്കൂടി കുറയ്ക്കാവുന്നതാണ്. ചില നിര്‍ദേശങ്ങള്‍ കൂടി..........

1 . കഥ,തിരക്കഥ,സംഭാഷണം.ഗാനങ്ങള്‍ കടലാസില്‍ എഴുതുന്നതിനു പകരം സ്ലേറ്റില്‍ എഴുതുക. ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുകയും സ്ലേറ്റ്‌ പുനരുപയോഗിക്കുകയും ചെയ്യാം.

2 .മേല്‍പ്പറഞ്ഞവയെല്ലാം എഴുതുന്ന ഒരു സംവിധായകനെക്കൊണ്ട് മാത്രം പടം ചെയ്യിക്കുക.(പടം പൊട്ടിയാലും വലിയ നഷ്ടം വരില്ല....അമ്മയാണെ സത്യം കുട്ടാ.......)

3 .പടത്തിലെ നായകനെയോ നായികയോ വച്ച് കാസര്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെ ഒരു ജനരക്ഷാ യാത്ര നടത്തുക.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

4 . ഓരോ മാസവും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പരീക്ഷകള്‍ നടത്തുക. ഡി പ്ലസ്‌ ഗ്രേഡിനു താഴെ മാര്‍ക്ക് വാങ്ങുന്നവരെ ടി.സി നല്‍കി പുറത്താക്കുക (മോഡറേഷന്‍ അനുവദനീയമല്ല).

5 .സൂപ്പര്‍ താരങ്ങള്‍ ധരിച്ച വസ്ത്രങ്ങള്‍,കടിച്ച ആപ്പിള്‍,കുടിച്ച ഗ്ലാസ്,ഉണ്ട പാത്രം,ഉറങ്ങിയ പായ തുടങ്ങിയവ ലേലത്തിന് വയ്ക്കുക.

6 . ഷൂട്ടിംഗ് സൈറ്റുകളില്‍ 'മുട്ടയും പാലും' പദ്ധതി നടപ്പാക്കുക. എല്ലാ പ്രവര്‍ത്തകര്‍ക്കും പതിവ് ഭക്ഷണത്തിനു പകരം ഒരു മുട്ടയും ഒരു ഗ്ലാസ്‌ പാലും മാത്രം(ഇതിനാവശ്യമായ ആട്,പശു,കോഴി എന്നിവയെ സൈറ്റില്‍ തന്നെ വളര്‍ത്തുക.ബാക്കി വരുന്ന പാല്‍ മില്‍മയിലൂടെ ന്യായ വിലക്ക് വില്‍ക്കാവുന്നതാണ്.)

ഇങ്ങനെയൊക്കെ ചെയ്‌താല്‍ തന്നെ നമ്മുടെ സിനിമാ പ്രതിസന്ധിയെ ഒരു പരിധിവരെ നേരിടാം. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പുതിയ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കമന്റിടാന്‍ മറക്കേണ്ട.

നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അമ്മ,മാക്ട,ഫെഫ്ക തുടങ്ങിയ സംഘടനകള്‍ക്ക് അയച്ചുകൊടുക്കുകയുമാവാം...

മലയാള സിനിമയെ രക്ഷിക്കാന്‍...... "ജാഗോ ഗ്രാഹക് ജാഗോ.........."

Monday, May 10, 2010

ഓ..... മാഞ്ചസ്റ്റര്‍

എല്ലാം കഴിഞ്ഞു...... തുടര്‍ച്ചയായ നാലാം കിരീടം എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട്, ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രാജാക്കന്‍മാരായി. ഇന്നലെ അവസാന മത്സരം നടക്കുമ്പോള്‍ ഞാനടക്കമുള്ള കോടിക്കണക്കിന് മാന്‍ ആരാധകര്‍ കാത്തിരുന്നത് ചെല്‍സി- വിഗാന്‍ മാച്ചിന്റെ റിസള്‍ട്ട്‌ ആയിരുന്നു, ചെല്‍സിയുടെ തോല്‍വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ. എല്ലാം വെറുതെയായി. വിഗാനെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് തകര്‍ത്ത് നീലപ്പട ചാമ്പ്യന്‍മാരായി.


കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്ന വെയ്ന്‍ റൂണി എന്ന ഫുട്ബോള്‍ പ്രതിഭയുടെ തോളിലേറിയായിരുന്നു ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ പ്രയാണം. യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യുണിക്ക് പ്രതിരോധനിരക്കാരുടെ ഫൗളില്‍ റൂണി വീണപ്പോള്‍ തകര്‍ന്നത് മാഞ്ചസ്റ്റര്‍ പ്രതീക്ഷകളായിരുന്നു. സെമി കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്.ഇപ്പോഴിതാ പ്രീമിയര്‍ ലീഗ് കിരീടവും കൈവിട്ടു.


റൂണി മാത്രമായിരുന്നില്ല മാഞ്ചസ്റ്ററിന്റെ ശക്തി. നാനി,കാരിക്ക്,വാന്‍ ഡര്‍ സാര്‍, ബെര്‍ബറ്റൊവ്,ഓവന്‍.... ഏതു ടീമിനെയും തകര്‍ക്കാന്‍ ഇവര്‍ മതിയായിരുന്നു. പക്ഷെ ഒരു ഫോട്ടോ ഫിനിഷിംഗ് സീസണിന്റെ അവസാനം വെറും ഒരു പോയന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്ററിന് കിരീടം നഷ്ടമായി.


നഷ്ടങ്ങളൊക്കെ മറക്കാം... ഞങ്ങള്‍ കാത്തിരിക്കും.... സര്‍ അലക്സ്‌ ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്താന്‍മാര്‍ കിരീടം തിരിച്ചുപിടിക്കുന്ന ദിവസത്തിനായി......