Monday, May 10, 2010

ഓ..... മാഞ്ചസ്റ്റര്‍

എല്ലാം കഴിഞ്ഞു...... തുടര്‍ച്ചയായ നാലാം കിരീടം എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട്, ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രാജാക്കന്‍മാരായി. ഇന്നലെ അവസാന മത്സരം നടക്കുമ്പോള്‍ ഞാനടക്കമുള്ള കോടിക്കണക്കിന് മാന്‍ ആരാധകര്‍ കാത്തിരുന്നത് ചെല്‍സി- വിഗാന്‍ മാച്ചിന്റെ റിസള്‍ട്ട്‌ ആയിരുന്നു, ചെല്‍സിയുടെ തോല്‍വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ. എല്ലാം വെറുതെയായി. വിഗാനെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് തകര്‍ത്ത് നീലപ്പട ചാമ്പ്യന്‍മാരായി.


കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്ന വെയ്ന്‍ റൂണി എന്ന ഫുട്ബോള്‍ പ്രതിഭയുടെ തോളിലേറിയായിരുന്നു ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ പ്രയാണം. യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യുണിക്ക് പ്രതിരോധനിരക്കാരുടെ ഫൗളില്‍ റൂണി വീണപ്പോള്‍ തകര്‍ന്നത് മാഞ്ചസ്റ്റര്‍ പ്രതീക്ഷകളായിരുന്നു. സെമി കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്.ഇപ്പോഴിതാ പ്രീമിയര്‍ ലീഗ് കിരീടവും കൈവിട്ടു.


റൂണി മാത്രമായിരുന്നില്ല മാഞ്ചസ്റ്ററിന്റെ ശക്തി. നാനി,കാരിക്ക്,വാന്‍ ഡര്‍ സാര്‍, ബെര്‍ബറ്റൊവ്,ഓവന്‍.... ഏതു ടീമിനെയും തകര്‍ക്കാന്‍ ഇവര്‍ മതിയായിരുന്നു. പക്ഷെ ഒരു ഫോട്ടോ ഫിനിഷിംഗ് സീസണിന്റെ അവസാനം വെറും ഒരു പോയന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്ററിന് കിരീടം നഷ്ടമായി.


നഷ്ടങ്ങളൊക്കെ മറക്കാം... ഞങ്ങള്‍ കാത്തിരിക്കും.... സര്‍ അലക്സ്‌ ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്താന്‍മാര്‍ കിരീടം തിരിച്ചുപിടിക്കുന്ന ദിവസത്തിനായി......

1 comment: