Tuesday, August 10, 2010

പണി വരുന്ന ഓരോ വഴിയേ.........!!!!!

കേരളത്തിന് പുറത്ത് താമസിച്ചു പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളുടെയും പേടിസ്വപ്നമാണ് വര്‍ഷാവര്‍ഷമുള്ള ചിക്കന്‍പോക്സ് സീസണ്‍. ഒരാള്‍ക്ക് വന്നാല്‍ ഒരു ഹോസ്റ്റല്‍ മുഴുവന്‍ വന്നിട്ടേ അത് പോകൂ.ചിലപ്പോള്‍ കോളേജിന് മുഴുവന്‍ അവധി കൊടുക്കേണ്ടി വരെ വരും. പ്ലസ്‌ ടു കഴിഞ്ഞു 'ഉന്നത' വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരില്‍ എത്തിയതിനു ശേഷം എല്ലാ സീസണിലും കോളേജില്‍ നിന്ന് ഒരു പത്തു മുപ്പതു പേര്‍ ചിക്കന്‍പോക്സ് പിടിച്ച് നാട്ടില്‍ പോകാറുണ്ട്.







ഒരു കണക്കിന് നോക്കിയാല്‍ ഈ ചിക്കന്‍പോക്സ് ഒരു അനുഗ്രഹമാണ്. മരിച്ചു പോയാല്‍ പോലും ഡോക്ടറുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൊണ്ട് അടുത്ത ദിവസം ക്ലാസ്സില്‍ വരാന്‍ പറയുന്ന കണ്ണില്‍ ചോരയില്ലാത്ത ഞങ്ങളുടെ കോളേജ് മാനേജ്‌മന്റ്‌ ചിക്കന്പോക്സിനു മുമ്പില്‍ കീഴടങ്ങും. പൂര്‍ണമായി മാറിയിട്ട് മാത്രമേ വരാവൂ എന്നൊരു ഉപദേശത്തോടെ വീട്ടിലേക്ക് പറഞ്ഞയക്കും. ഞങ്ങള്‍ അത് മാക്സിമം മുതലെടുക്കുകയും ചെയ്യും. ചിക്കന്‍പോക്സ് മാറി ഒരു രണ്ടു മൂന്നു ആഴ്ച കൂടി കഴിയാതെ ആരും ആ പടി കയറാറില്ല.




ഓരോ ചിക്കന്‍പോക്സ് സീസണിലും ഈയുള്ളവനും ആത്മാര്‍ഥമായി ആശിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു.... ഇത്തവണ എനിക്കും നറുക്ക് വീഴും. പക്ഷെ നിന്‍റെ നമ്പര്‍ വരും എന്ന് ആശ്വസിപ്പിച്ചു കൊണ്ട് ഭാഗ്യവാന്‍മാര്‍ പോകുമ്പോള്‍ ഒരു നാള്‍ വരും എന്ന പ്രതീക്ഷയുമായി ഞാനും കാത്തിരുന്നു. മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ






ഒടുവില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം അവസസാന സീസണും കഴിഞ്ഞപ്പോഴും എന്‍റെ നമ്പര്‍ മാത്രം വന്നില്ല. രണ്ടാഴ്ച വീട്ടില്‍ വെറുതെയിരിക്കാം എന്ന പ്രതീക്ഷകളൊക്കെ വെറുതെയായി. എല്ലാവരും ഫിഫ്ത്ത് സെമസ്റെര്‍ എക്സാമിന്‍റെ തിരക്കിലായി (കുത്തിയിരുന്നുള്ള പഠനമല്ല ഉദ്ദേശിച്ചത്.രണ്ടു മാസം മുമ്പ് സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫയല്‍ എഴുതിത്തീര്‍ക്കല്‍, ക്ലിയറന്‍സ് ഫോം ഫില്‍ ചെയ്യല്‍ അങ്ങനെ ചില നൂലാമാലകള്‍.....)




ഒടുവില്‍ സെമെസ്റെര്‍ എക്സാം തുടങ്ങി. ആദ്യത്തെ മൂന്നെണ്ണം കുഴപ്പമില്ലാതെ എഴുതി. നാലാമത്തേത് ഡൊമൈന്‍ എക്സാം. തലേദിവസം രാത്രി അത്യാവശ്യം വേണ്ട J2EE കണ്‍സെപ്റ്റ്സ് ഒന്ന് വായിച്ചു നോക്കി കിടന്നുറങ്ങി.ക്യാമ്പസ്‌ സെലെക്ഷന്‍ റിസള്‍ട്ട്‌ വന്നതിനാല്‍ പരീക്ഷക്ക് തട്ടിമുട്ടി പാസ്സായാലും വലിയ കുഴപ്പമില്ല എന്ന സമാധാനത്തിലായിരുന്നു ഞാന്‍.



പിറ്റേ ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നല്ല തലവേദന. കുറേ നാള്‍ കൂടി ബുക്ക്‌ തുറന്നു നോക്കിയത് കൊണ്ടാവണം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നടുവിനൊരു വേദന.എക്സാമായത് കൊണ്ട് അധികം സമയം കളയാതെ കോളേജിലെത്തി. അവസാനവട്ട മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വലതു കൈമുട്ടിനു താഴെ ഒരു ചെറിയ തടിപ്പ്. ബാത്ത്റൂമില്‍ ചെന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഴുത്തിന് ഇരുവശത്തും ചെറിയ കുരുക്കള്‍. യാതൊരു സംശയവും വേണ്ട. ഇത് ലത് തന്നെ... ചിക്കന്‍പോക്സ്....




പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. ചുറ്റും നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞതേയില്ല. വളരെക്കാലമായി കാത്തിരുന്നത് സംഭവിച്ചിരിക്കുന്നു.അതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സമയത്ത്. ഏതെങ്കിലും ഒരു എക്സാം എഴുതാതിരുന്നാല്‍ റീസിറ്റ് (സപ്ലി തന്നെ സാധനം..) എഴുതേണ്ടി വരും. ഒരു സപ്ലിയെങ്കിലും എഴുതേണ്ടി വന്നാല്‍ കിട്ടിയ ജോലിയുടെ കാര്യം ഗോവിന്ദ... ഇനി അഥവാ എക്സാം എഴുതി പാസായാല്‍ത്തന്നെ ജോയിന്‍ ചെയ്യാന്‍ വെറും ഒരാഴ്ച മാത്രം... തലക്കാകെ ഒരു മരവിപ്പ്....




J2EE എക്സാം തുടങ്ങി. ചോദ്യപ്പേപ്പര്‍ കിട്ടി.അതൊന്നു വായിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല. പേഴ്സണല്‍ എഫെക്ടീവ്നെസ്സ് ക്ലാസ്സില്‍ പഠിച്ച സെല്‍ഫ് കോണ്‍ഫിഡന്‍സും പോസിറ്റീവ് തിങ്കിംഗും വെറും തിയറികള്‍ മാത്രമാണെന്ന് എനിക്ക് തോന്നി. മനസ്സില്‍ നിറയെ നെഗറ്റീവ് ചിന്തകള്‍ മാത്രം. കണ്ണുകള്‍ നിറയുന്നുവോ എന്നൊരു സംശയം. ചുറ്റും നോക്കി എല്ലാവരും എഴുത്തിന്‍റെ തിരക്കില്‍. വെറുതെയിരിക്കുന്ന എന്നോട് ചിലര്‍ കണ്ണുകള്‍ കൊണ്ട് കാര്യം അന്വേഷിച്ചു. ഞാന്‍ വെറുതെ ചിരിച്ചു. ഒടുവില്‍ അറിയാവുന്ന ചില ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതി ഞാന്‍ കോളേജില്‍ നിന്ന് ഇറങ്ങി. നേരെ റൂമിലേക്ക്.




റൂമിലെത്തിയ ഉടനെ ഏട്ടനോട് കാര്യം പറഞ്ഞു. ഹോസ്പിറ്റലില്‍ പോകണം. ഒരു കണ്‍ഫര്‍മേഷന് വേണ്ടി മാത്രം. അതിനു മുമ്പ് കോളേജിലെ അക്കാദമിക് ഇന്‍ ചാര്‍ജിനെ വിളിച്ചു.


"വി കനോട്ട് ഡു എനിതിംഗ് ഓണ്‍ യുവര്‍ പ്ലേസ്മെന്റ് ഇഫ്‌ യു ആര്‍ നോട്ട് അറ്റെന്റിംഗ്


ദി എക്സാം...ട്രൈ ടു കം ആന്‍ഡ്‌ റൈറ്റ് ദി എക്സാം ഇഫ്‌ യു കാന്‍, അദര്‍വൈസ്........ എനിവേ ഇറ്റ്‌ ഈസ്‌ അപ്പ്‌ ടു യു......"


അയാളുടെ വാക്കുകള്‍ ഉള്ള സമാധാനം കൂടി നശിപ്പിച്ചു.



വൈകുന്നേരം ഹോസ്പിറ്റലില്‍ പോയി.എത്രയും നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍. നാട്ടിലേക്ക് പോയാല്‍ നഷ്ടപ്പെടുന്നത് ഒരു എം എന്‍ സിയിലെ ജോലി. അതും ആദ്യമായി കിട്ടിയത്. ഇനി എക്സാം നാല് ദിവസം കൂടി. എങ്ങനെയെങ്കിലും എഴുതണം...




അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. മുഖത്തും കുരുക്കള്‍ പൊങ്ങിയിരിക്കുന്നു. യൂണിഫോമിനു മുകളില്‍ ഒരു സ്വെറ്റെര്‍ കൂടി എടുത്തിട്ടു. മുഖം പരമാവധി കവര്‍ ചെയ്ത് കോളേജിലെത്തി. അറിഞ്ഞവര്‍ ചിലര്‍ അടുത്തു വന്നു. ചിലര്‍ അകന്നു മാറി. ഉച്ചക്ക് എക്സാം എഴുതിത്തീര്‍ത്തു പുറത്തിറങ്ങിയപ്പോള്‍ ഇയര്‍ ഇന്‍ ചാര്‍ജ് വന്നു ചോദിച്ചു.


"കാന്‍ യു റൈറ്റ് ഓള്‍ ദി ത്രീ ലാബ്‌ എക്സാംസ് ടുമോറോ?"


മൂന്ന് പ്രാക്ടിക്കല്‍ എക്സാം ഒരു ദിവസം....?ഒരു കണക്കിന് ആതാണ് നല്ലത്. നാളെത്തന്നെ നാട്ടിലേക്ക് പോകാമല്ലോ.


"യെസ് മാം.. ഐ വില്‍ റൈറ്റ് ഇറ്റ്‌ ടുമോറോ..."


അടുത്ത ദിവസം ഉച്ചയോടെ പ്രാക്ടിക്കല്‍സ് എല്ലാം ചെയ്തു തീര്‍ത്ത്‌ വൈകുന്നേരത്തെ ബസ്സില്‍ നാട്ടിലേക്ക്.




പിന്നെ ഒരാഴ്ചത്തെ ഏകാന്തത. വീട്ടില്‍ തനിച്ചിരിക്കും. ജോയിനിങ്ങിനു ഒരാഴ്ചപോലും ബാക്കിയില്ല. ജനുവരി 18 ന് റിപ്പോര്‍ട്ട്‌ ചെയ്യണം. അസഹ്യമായ ചൊറിച്ചില്‍ കാരണം രാത്രി പോലും ഉറങ്ങാന്‍ പറ്റുന്നില്ല. പക്ഷെ അലോപ്പതി മരുന്നിന്‍റെ ഗുണം കൊണ്ടാവണം, വേഗം തന്നെ അവസ്ഥയില്‍ മാറ്റം വരാന്‍ തുടങ്ങി. ഒടുവില്‍ ജനുവരി 17 ന് രാവിലെ മൈസൂരിലേക്ക് ബസ്‌ കയറി.18 ന് ജോയിന്‍ ചെയ്തു.ഇനി കുഴപ്പമൊന്നുമുണ്ടാകില്ല എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും എന്‍റെ ഒരു ധൈര്യത്തിന് വേണ്ടി കൂട്ടുകാരോടൊപ്പം സ്വന്തം റൂമില്‍ നില്‍ക്കാതെ പുറത്ത് ഒരു ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം നിന്നു. അങ്ങനെ വലിയ പ്രശ്നമൊന്നുമില്ലാതെ അത് അവസാനിച്ചു.






അന്നെഴുതിയ എക്സാമിന്‍റെ റിസള്‍ട്ട്‌ ഇന്നലെ പബ്ലിഷ് ചെയ്തു. അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയേക്കാം എന്ന്.പ്രതീക്ഷിച്ചത് പോലെ J2EE യില്‍ അല്പം മാര്‍ക്ക് കുറഞ്ഞു എന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.






                എന്നാലും പണി വരുന്ന ഓരോ വഴിയേ.........!!!!!

0 comments:

Post a Comment