Saturday, December 25, 2010

Wish You All A Merry Christmas And A Happy New Year....
                                                            ŘöMåŕïó

Saturday, October 23, 2010

ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്ക്...

ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് എങ്ങനെയൊക്കെയോ ഒന്ന് പുറത്തു കടക്കുമ്പോഴേക്കും സമയം പത്തു മണി കഴിഞ്ഞിരുന്നു.ഈ പുതിയ പ്രോജെക്ടില്‍ എത്തിയതില്‍ പിന്നെ ഇങ്ങനെയാണ്.. എന്നും നട്ടപ്പാതിരയാകും വീട്ടിലെത്താന്‍.ഇന്ന് പക്ഷെ ഇത്തിരി നേരത്തെ ആണ്. ഇനി ഒരു മണിക്കൂറിലധികം യാത്ര ചെയ്തിട്ട് വേണം വീട്ടിലെത്താന്‍. ഇന്നെങ്കിലും ഒന്ന് നേരത്തെ കിടന്നുറങ്ങണം.

ചിന്തകള്‍ കാടുകയറുന്നത്തിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. ഒരു അണ്‍നോണ്‍ നമ്പര്‍. ആരാണാവോ ഈ സമയത്ത്.
"ഹലോ.. ..."
ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യം ഇല്ലാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ എനിക്ക് മനസ്സിലായി.പരസ്പരം വെളിപ്പെടുത്താതിരുന്ന ഒരു നിശബ്ദ പ്രണയത്തിലെ നായിക.കാവ്യഭാഷയില്‍ പറഞ്ഞാല്‍ "എന്‍റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..."
ഈ കോളിന് വേണ്ടി ഞാന്‍ കാത്തിരുന്നിരുന്നു.. ഇപ്പോഴല്ല ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്. പക്ഷെ ഇപ്പോള്‍ ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്ത് പറയണം എന്നറിയാതെ ഞാന്‍ ഉഴറി. എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ ചോദിച്ചു....
എങ്ങുമെത്താത്ത സംസാരത്തിനിടയില്‍ പല ചോദ്യങ്ങള്‍ക്കും മൗനം ഉത്തരമായി..
സൗഹൃദം ഒടുവില്‍ പ്രണയത്തിലേക്ക് വഴി തെളിച്ചപ്പോള്‍ വഴിമാറി നടന്ന ഒരു കൗമാരക്കാരന്‍റെ മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു..എന്തിനായിരുന്നു ഞാന്‍ അത് ചെയ്തത്....?
ഒരു പ്രണയത്തിനുപരി അവളുടെ സൗഹൃദം ഞാന്‍ ആഗ്രഹിച്ചിരുന്നുവോ?എനിക്കറിയില്ല....
പക്ഷെ ഞാനും അവളെ സ്നേഹിച്ചിരുന്നു...അതൊരു പ്രണയമായിരുന്നുവോ?
അതെ എന്ന് മനസ്സിലാക്കാന്‍ കാലം കുറെ എടുത്തു.അകലം കൂടുമ്പോഴായിരുന്നു മുന്‍പ് എത്ര അടുത്തിരുന്നു എന്ന് മനസ്സിലായത്..പിന്നീട് ഒന്ന് കാണുവാനോ സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞതുമില്ല.
ഒരു പ്രൊഫെഷണല്‍ കോഴ്സും അതിനു ശേഷമുള്ള പ്രൊഫെഷണല്‍ ലൈഫും എന്‍റെ ഓര്‍മ്മകളില്‍ നിന്നും പലതും മായ്ച്ചു കളഞ്ഞപ്പോഴും മനസ്സിന്‍റെ ഏതോ ഒരു കോണില്‍ മായാതെ നിന്ന ഒരു ചിത്രം, ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്ത ഒരു ചിത്രം.. അതിനു ഇപ്പോള്‍ കൂടുതല്‍ തെളിമ വന്നിരിക്കുന്നു....
 ഒടുവില്‍ ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു കോള്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍ മനസ്സില്‍ ഒരു പ്രണയം പുനര്‍ജനിക്കുന്നത് ഞാന്‍ അറിഞ്ഞു...  

എന്തിനെഴുതി ആരെക്കുറിച്ച് എഴുതി എന്നൊന്നുമറിയില്ല... വെറുതെ എഴുതി....

Friday, August 20, 2010

ഓണാശംസകള്‍....

മണ്ണിലും മനസ്സിലും നന്‍മയുടെ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ മറ്റൊരു ഓണക്കാലം കൂടി....



എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Thursday, August 19, 2010

ഠിം....

                                                         അങ്ങനെ അത് താഴെ വീണു.


                                                                എന്താണെന്നോ...?

                                             അത് തന്നെ... നമ്മുടെ കയ്യാലപ്പുറത്തെ തേങ്ങ....
                                                         എങ്ങോട്ട് വീണെന്നോ....?

                                                       കൃത്യം ഉള്ളിലേക്ക് തന്നെ.....

                                                          എപ്പോഴാ സംഭവം..?

                          ഒരു മാസം കഴിഞ്ഞു.. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ 14 ന്..


എന്ത് കണ്ടിട്ടാണെന്നറിയില്ല, എന്നെയും കമ്പനിയില്‍ പെര്‍മനെന്റ് ആക്കി.... ഇനി വേണം രണ്ടു ദിവസം ലീവെടുത്ത് ധൈര്യമായി ഓണത്തിനു നാട്ടില്‍ പോകാന്‍......

Wednesday, August 18, 2010

ഇവരാണോ മാന്യന്‍മാര്‍? ഇതാണോ മാന്യത?

മാന്യന്‍മാരുടെ കളിയില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നുവോ എന്ന ചര്‍ച്ച ക്രിക്കറ്റ് ലോകം തുടങ്ങിയിട്ട് കാലം കുറച്ചായി. പന്തില്‍ കൃത്രിമം കാണിക്കല്‍, എതിര്‍ടീമിലെ കളിക്കാരോടും അമ്പയര്‍മാരോടുമുള്ള മോശം പെരുമാറ്റം തുടങ്ങി മാന്യന്‍മാര്‍ കൂതറകളാകുന്ന നിരവധി സംഭവങ്ങള്‍ 'മാന്യന്‍മാരുടെ കളി ' എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥ ശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അക്കൂട്ടത്തില്‍ ഒടുവിലേത്തതാണ് സെവാഗിന് സെഞ്ച്വറി നിഷേധിക്കാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രണ്ദീവ് എറിഞ്ഞ നോ ബോള്‍.



എതിര്‍ടീം ജയിക്കുന്നതോ അവരിലൊരാള്‍ സെഞ്ച്വറി നേടുന്നതോ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച അതെ പിച്ചില്‍ അനായാസേന റണ്‍സ് അടിച്ചുകൂട്ടിയ സെവാഗിന്‍റെ കഴിവിനെയെങ്കിലും രണ്ദീവ്‌ ബഹുമാനിക്കണമായിരുന്നു.അതാണ്‌ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌. അല്ലാതെ എന്തായാലും കളി തോല്‍ക്കും, അതിനിടയില്‍ ഒരുത്തന്‍ സെഞ്ച്വറി അടിച്ച് ആളാവേണ്ട എന്ന ചിന്ത ഒരു കളിക്കാരന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.


രണ്ദിവ് മാത്രമാണ് ഇതിനു പിന്നില്‍ എന്ന് എനിക്ക് തോന്നുന്നില്ല. സംഗക്കാര, ദില്‍ഷന്‍ തുടങ്ങി ടീമിലെ ചില മുതിര്‍ന്ന കളിക്കാരും സംശയത്തിന്‍റെ നിഴലിലാണ്. സ്റ്റംപ് മൈക്രോഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത ഓഡിയോ അനലൈസ് ചെയ്തതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞതായി അറിഞ്ഞു. നല്ല കാര്യം.


സെവാഗോ ബി.സി.സി.ഐ യോ ഇതിനെതിരെ പ്രതിഷേധിച്ചില്ല. ഇതൊക്കെ ഏതൊരു ബൌളറും ചെയ്തു പോകാവുന്നതാണെന്നും സെഞ്ച്വറി അടിക്കുന്നതല്ല രാജ്യം കളി ജയിക്കുന്നതാണ് മുഖ്യമെന്നും പറഞ്ഞ സെവാഗ് കളിക്കളത്തിനകത്തും പുറത്തും ഒരു കളിക്കാരനെന്നതിലുപരി ഒരു വ്യക്തി എന്ന നിലയില്‍ പാലിക്കേണ്ട മാന്യതയും ആത്മസംയമനവും കാണിച്ചു തന്നു. മറ്റുള്ളവര്‍ ‍കണ്ടു പഠിക്കട്ടെ...


കഴിഞ്ഞത് കഴിഞ്ഞു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇവര്‍ക്കെതിരെ നടപടി എടുത്താലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ കളിക്കാരനും ശ്രദ്ധിക്കണം.


നോ കമന്റ്സ് : കളിക്കളത്തില്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് ഒരു ക്ലാസ് എടുക്കണം. നമ്മുടെ ശ്രീശാന്തിനെ വിളിച്ചാല്‍ മതി.....!!!

Tuesday, August 10, 2010

പണി വരുന്ന ഓരോ വഴിയേ.........!!!!!

കേരളത്തിന് പുറത്ത് താമസിച്ചു പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളുടെയും പേടിസ്വപ്നമാണ് വര്‍ഷാവര്‍ഷമുള്ള ചിക്കന്‍പോക്സ് സീസണ്‍. ഒരാള്‍ക്ക് വന്നാല്‍ ഒരു ഹോസ്റ്റല്‍ മുഴുവന്‍ വന്നിട്ടേ അത് പോകൂ.ചിലപ്പോള്‍ കോളേജിന് മുഴുവന്‍ അവധി കൊടുക്കേണ്ടി വരെ വരും. പ്ലസ്‌ ടു കഴിഞ്ഞു 'ഉന്നത' വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരില്‍ എത്തിയതിനു ശേഷം എല്ലാ സീസണിലും കോളേജില്‍ നിന്ന് ഒരു പത്തു മുപ്പതു പേര്‍ ചിക്കന്‍പോക്സ് പിടിച്ച് നാട്ടില്‍ പോകാറുണ്ട്.







ഒരു കണക്കിന് നോക്കിയാല്‍ ഈ ചിക്കന്‍പോക്സ് ഒരു അനുഗ്രഹമാണ്. മരിച്ചു പോയാല്‍ പോലും ഡോക്ടറുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൊണ്ട് അടുത്ത ദിവസം ക്ലാസ്സില്‍ വരാന്‍ പറയുന്ന കണ്ണില്‍ ചോരയില്ലാത്ത ഞങ്ങളുടെ കോളേജ് മാനേജ്‌മന്റ്‌ ചിക്കന്പോക്സിനു മുമ്പില്‍ കീഴടങ്ങും. പൂര്‍ണമായി മാറിയിട്ട് മാത്രമേ വരാവൂ എന്നൊരു ഉപദേശത്തോടെ വീട്ടിലേക്ക് പറഞ്ഞയക്കും. ഞങ്ങള്‍ അത് മാക്സിമം മുതലെടുക്കുകയും ചെയ്യും. ചിക്കന്‍പോക്സ് മാറി ഒരു രണ്ടു മൂന്നു ആഴ്ച കൂടി കഴിയാതെ ആരും ആ പടി കയറാറില്ല.




ഓരോ ചിക്കന്‍പോക്സ് സീസണിലും ഈയുള്ളവനും ആത്മാര്‍ഥമായി ആശിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു.... ഇത്തവണ എനിക്കും നറുക്ക് വീഴും. പക്ഷെ നിന്‍റെ നമ്പര്‍ വരും എന്ന് ആശ്വസിപ്പിച്ചു കൊണ്ട് ഭാഗ്യവാന്‍മാര്‍ പോകുമ്പോള്‍ ഒരു നാള്‍ വരും എന്ന പ്രതീക്ഷയുമായി ഞാനും കാത്തിരുന്നു. മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ






ഒടുവില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം അവസസാന സീസണും കഴിഞ്ഞപ്പോഴും എന്‍റെ നമ്പര്‍ മാത്രം വന്നില്ല. രണ്ടാഴ്ച വീട്ടില്‍ വെറുതെയിരിക്കാം എന്ന പ്രതീക്ഷകളൊക്കെ വെറുതെയായി. എല്ലാവരും ഫിഫ്ത്ത് സെമസ്റെര്‍ എക്സാമിന്‍റെ തിരക്കിലായി (കുത്തിയിരുന്നുള്ള പഠനമല്ല ഉദ്ദേശിച്ചത്.രണ്ടു മാസം മുമ്പ് സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫയല്‍ എഴുതിത്തീര്‍ക്കല്‍, ക്ലിയറന്‍സ് ഫോം ഫില്‍ ചെയ്യല്‍ അങ്ങനെ ചില നൂലാമാലകള്‍.....)




ഒടുവില്‍ സെമെസ്റെര്‍ എക്സാം തുടങ്ങി. ആദ്യത്തെ മൂന്നെണ്ണം കുഴപ്പമില്ലാതെ എഴുതി. നാലാമത്തേത് ഡൊമൈന്‍ എക്സാം. തലേദിവസം രാത്രി അത്യാവശ്യം വേണ്ട J2EE കണ്‍സെപ്റ്റ്സ് ഒന്ന് വായിച്ചു നോക്കി കിടന്നുറങ്ങി.ക്യാമ്പസ്‌ സെലെക്ഷന്‍ റിസള്‍ട്ട്‌ വന്നതിനാല്‍ പരീക്ഷക്ക് തട്ടിമുട്ടി പാസ്സായാലും വലിയ കുഴപ്പമില്ല എന്ന സമാധാനത്തിലായിരുന്നു ഞാന്‍.



പിറ്റേ ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നല്ല തലവേദന. കുറേ നാള്‍ കൂടി ബുക്ക്‌ തുറന്നു നോക്കിയത് കൊണ്ടാവണം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നടുവിനൊരു വേദന.എക്സാമായത് കൊണ്ട് അധികം സമയം കളയാതെ കോളേജിലെത്തി. അവസാനവട്ട മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വലതു കൈമുട്ടിനു താഴെ ഒരു ചെറിയ തടിപ്പ്. ബാത്ത്റൂമില്‍ ചെന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഴുത്തിന് ഇരുവശത്തും ചെറിയ കുരുക്കള്‍. യാതൊരു സംശയവും വേണ്ട. ഇത് ലത് തന്നെ... ചിക്കന്‍പോക്സ്....




പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. ചുറ്റും നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞതേയില്ല. വളരെക്കാലമായി കാത്തിരുന്നത് സംഭവിച്ചിരിക്കുന്നു.അതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സമയത്ത്. ഏതെങ്കിലും ഒരു എക്സാം എഴുതാതിരുന്നാല്‍ റീസിറ്റ് (സപ്ലി തന്നെ സാധനം..) എഴുതേണ്ടി വരും. ഒരു സപ്ലിയെങ്കിലും എഴുതേണ്ടി വന്നാല്‍ കിട്ടിയ ജോലിയുടെ കാര്യം ഗോവിന്ദ... ഇനി അഥവാ എക്സാം എഴുതി പാസായാല്‍ത്തന്നെ ജോയിന്‍ ചെയ്യാന്‍ വെറും ഒരാഴ്ച മാത്രം... തലക്കാകെ ഒരു മരവിപ്പ്....




J2EE എക്സാം തുടങ്ങി. ചോദ്യപ്പേപ്പര്‍ കിട്ടി.അതൊന്നു വായിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല. പേഴ്സണല്‍ എഫെക്ടീവ്നെസ്സ് ക്ലാസ്സില്‍ പഠിച്ച സെല്‍ഫ് കോണ്‍ഫിഡന്‍സും പോസിറ്റീവ് തിങ്കിംഗും വെറും തിയറികള്‍ മാത്രമാണെന്ന് എനിക്ക് തോന്നി. മനസ്സില്‍ നിറയെ നെഗറ്റീവ് ചിന്തകള്‍ മാത്രം. കണ്ണുകള്‍ നിറയുന്നുവോ എന്നൊരു സംശയം. ചുറ്റും നോക്കി എല്ലാവരും എഴുത്തിന്‍റെ തിരക്കില്‍. വെറുതെയിരിക്കുന്ന എന്നോട് ചിലര്‍ കണ്ണുകള്‍ കൊണ്ട് കാര്യം അന്വേഷിച്ചു. ഞാന്‍ വെറുതെ ചിരിച്ചു. ഒടുവില്‍ അറിയാവുന്ന ചില ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതി ഞാന്‍ കോളേജില്‍ നിന്ന് ഇറങ്ങി. നേരെ റൂമിലേക്ക്.




റൂമിലെത്തിയ ഉടനെ ഏട്ടനോട് കാര്യം പറഞ്ഞു. ഹോസ്പിറ്റലില്‍ പോകണം. ഒരു കണ്‍ഫര്‍മേഷന് വേണ്ടി മാത്രം. അതിനു മുമ്പ് കോളേജിലെ അക്കാദമിക് ഇന്‍ ചാര്‍ജിനെ വിളിച്ചു.


"വി കനോട്ട് ഡു എനിതിംഗ് ഓണ്‍ യുവര്‍ പ്ലേസ്മെന്റ് ഇഫ്‌ യു ആര്‍ നോട്ട് അറ്റെന്റിംഗ്


ദി എക്സാം...ട്രൈ ടു കം ആന്‍ഡ്‌ റൈറ്റ് ദി എക്സാം ഇഫ്‌ യു കാന്‍, അദര്‍വൈസ്........ എനിവേ ഇറ്റ്‌ ഈസ്‌ അപ്പ്‌ ടു യു......"


അയാളുടെ വാക്കുകള്‍ ഉള്ള സമാധാനം കൂടി നശിപ്പിച്ചു.



വൈകുന്നേരം ഹോസ്പിറ്റലില്‍ പോയി.എത്രയും നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍. നാട്ടിലേക്ക് പോയാല്‍ നഷ്ടപ്പെടുന്നത് ഒരു എം എന്‍ സിയിലെ ജോലി. അതും ആദ്യമായി കിട്ടിയത്. ഇനി എക്സാം നാല് ദിവസം കൂടി. എങ്ങനെയെങ്കിലും എഴുതണം...




അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. മുഖത്തും കുരുക്കള്‍ പൊങ്ങിയിരിക്കുന്നു. യൂണിഫോമിനു മുകളില്‍ ഒരു സ്വെറ്റെര്‍ കൂടി എടുത്തിട്ടു. മുഖം പരമാവധി കവര്‍ ചെയ്ത് കോളേജിലെത്തി. അറിഞ്ഞവര്‍ ചിലര്‍ അടുത്തു വന്നു. ചിലര്‍ അകന്നു മാറി. ഉച്ചക്ക് എക്സാം എഴുതിത്തീര്‍ത്തു പുറത്തിറങ്ങിയപ്പോള്‍ ഇയര്‍ ഇന്‍ ചാര്‍ജ് വന്നു ചോദിച്ചു.


"കാന്‍ യു റൈറ്റ് ഓള്‍ ദി ത്രീ ലാബ്‌ എക്സാംസ് ടുമോറോ?"


മൂന്ന് പ്രാക്ടിക്കല്‍ എക്സാം ഒരു ദിവസം....?ഒരു കണക്കിന് ആതാണ് നല്ലത്. നാളെത്തന്നെ നാട്ടിലേക്ക് പോകാമല്ലോ.


"യെസ് മാം.. ഐ വില്‍ റൈറ്റ് ഇറ്റ്‌ ടുമോറോ..."


അടുത്ത ദിവസം ഉച്ചയോടെ പ്രാക്ടിക്കല്‍സ് എല്ലാം ചെയ്തു തീര്‍ത്ത്‌ വൈകുന്നേരത്തെ ബസ്സില്‍ നാട്ടിലേക്ക്.




പിന്നെ ഒരാഴ്ചത്തെ ഏകാന്തത. വീട്ടില്‍ തനിച്ചിരിക്കും. ജോയിനിങ്ങിനു ഒരാഴ്ചപോലും ബാക്കിയില്ല. ജനുവരി 18 ന് റിപ്പോര്‍ട്ട്‌ ചെയ്യണം. അസഹ്യമായ ചൊറിച്ചില്‍ കാരണം രാത്രി പോലും ഉറങ്ങാന്‍ പറ്റുന്നില്ല. പക്ഷെ അലോപ്പതി മരുന്നിന്‍റെ ഗുണം കൊണ്ടാവണം, വേഗം തന്നെ അവസ്ഥയില്‍ മാറ്റം വരാന്‍ തുടങ്ങി. ഒടുവില്‍ ജനുവരി 17 ന് രാവിലെ മൈസൂരിലേക്ക് ബസ്‌ കയറി.18 ന് ജോയിന്‍ ചെയ്തു.ഇനി കുഴപ്പമൊന്നുമുണ്ടാകില്ല എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും എന്‍റെ ഒരു ധൈര്യത്തിന് വേണ്ടി കൂട്ടുകാരോടൊപ്പം സ്വന്തം റൂമില്‍ നില്‍ക്കാതെ പുറത്ത് ഒരു ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം നിന്നു. അങ്ങനെ വലിയ പ്രശ്നമൊന്നുമില്ലാതെ അത് അവസാനിച്ചു.






അന്നെഴുതിയ എക്സാമിന്‍റെ റിസള്‍ട്ട്‌ ഇന്നലെ പബ്ലിഷ് ചെയ്തു. അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയേക്കാം എന്ന്.പ്രതീക്ഷിച്ചത് പോലെ J2EE യില്‍ അല്പം മാര്‍ക്ക് കുറഞ്ഞു എന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.






                എന്നാലും പണി വരുന്ന ഓരോ വഴിയേ.........!!!!!

Friday, August 6, 2010

ഇങ്ങനെ വേണം മന്ത്രിമാരായാല്‍..!!!

മന്ത്രിമാര്‍ക്ക് പ്രശസ്തരാകാന്‍ നിരവധി വഴികളുണ്ട്. ചിലര്‍ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് 'കു' പ്രശസ്തരാകുമ്പോള്‍ ചിലര്‍ സ്വന്തം കഴിവുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടുന്നു (ചുരുക്കം ചിലര്‍). എന്നാല്‍ സ്വന്തം അറിവില്ലായ്മ കൊണ്ട് പ്രശസ്തനായ ഒരു കേന്ദ്രമന്ത്രിയാണ് നമ്മുടെ രാസവളം വകുപ്പ് മന്ത്രി അഴഗിരി. തമിഴ് അല്ലാതെ മറ്റൊരു ഭാഷയും ഇദ്ദേഹത്തിന്‍റെ പ്രൊസസ്സറിന് മനസ്സിലാവില്ല. പാര്‍ലിമെന്റില്‍ തമിഴ് സാഹിത്യവും കൊണ്ട് പോയിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലത്തതിനാല്‍ ഈ മഹാന്‍ അങ്ങോട്ട്‌ അധികം പോകാറുമില്ല.





കാര്യങ്ങളങ്ങനെ സ്മൂത്തായി പോകുന്നതിനിടയിലാണ് പ്രതിപക്ഷക്കാര്‍ അഴഗിരിയെ കാണ്മാനില്ല എന്ന് നാട്ടിലുള്ള സകല പത്രങ്ങളിലും വാര്‍ത്ത കൊടുത്തത്. അഴഗിരിയെ കാണ്‍മാണ്ടായതല്ല എന്ന് എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം പ്രതിപക്ഷ നേതാക്കള്‍ക്കുമറിയാം. എന്നിട്ടും അത് പ്രശ്നമായി. മാധ്യമ സിന്റിക്കേറ്റുകാര്‍ കത്തിയും കൊടുവാളും എടുത്ത് വേട്ടക്കിറങ്ങി. ഒടുവില്‍ അടങ്ങിയൊതുങ്ങി തമിഴ് പടവും കണ്ടിരുന്ന അഴഗിരിയെ പൊക്കി. പിന്നീടാണ് അഴഗിരിയും പാര്‍ലമെന്റും ചെകുത്താനും രൂപക്കൂടുമായതിന്‍റെ രഹസ്യം പരസ്യമായത്.




ഒടുവില്‍ ഇന്ന് അദ്ദേഹം തന്‍റെ മൗനവ്രതം അവസാനിപ്പിച്ചു. ഒരു വരി ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റ് കാത്തിരുന്ന ദിനം. ഇനി പ്രതിപക്ഷക്കാര്‍ വായമൂടും. ഇന്ത്യ രാസവളത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടും, അങ്ങനെ നാട് വികസിക്കും!!! . നമുക്ക് കാണാം.......



നോ കമന്റ്സ് : അഴഗിരിയെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നാലാം ക്ലാസ്സും ഗുസ്തിയുമായ ഇത്തരത്തിലുള്ള 'വിദ്യാസമ്പന്നരെ' മന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ...






ഇങ്ങേരെപ്പിടിച്ചു വിദ്യാഭ്യാസ മന്ത്രിയാക്കാതിരുന്നത് ഭാഗ്യം......

Tuesday, August 3, 2010

ന്യൂസ്‌ ഓഫ് ദി ഡേ....



          മുരളീധരന്‍റെ സഹായം സ്വീകരിക്കും-പ്രതിപക്ഷ നേതാവ്


വാര്‍ത്ത കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ഈശ്വരാ നമ്മുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍റെ എന്ത് സഹായമാണാവോ നമ്മുടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? കൂട്ടത്തില്‍നിന്നു കുത്തിത്തിരിക്കുന്ന ധാരാളം ആള്‍ക്കാര്‍ ടീമിലുള്ളപ്പോള്‍ ഇനിയൊരു സ്പിന്നര്‍ എന്തിനാ...?




പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ സംഗതിയുടെ കിടപ്പ് മനസ്സിലായത്‌. മുത്തയ്യയുടെതല്ല, കോണ്‍ഗ്രസ്സിന്‍റെ പഴയ മുത്ത് മുരളീധരന്‍റെ കാര്യമാണ് ചാണ്ടി സാറ് ഉദ്ദേശിച്ചത്. പണി ഒന്നും ഇല്ലാതെ തിര്വോന്തരം-ഡല്‍ഹി ഷട്ടില്‍ സര്‍വീസ് നടത്തുകയാണെങ്കിലും നമ്മുടെ മുരളി വിചാരിച്ചാലും ഒരു നാല് വോട്ടു മറിക്കാന്‍ കഴിയുമെന്ന് ചാണ്ടി-ചെന്നിത്തല പ്രൈവറ്റ് ലിമിറ്റെഡിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബോധം വന്നത്. സഹായം ചോദിച്ചു വരുന്നവരെ മടക്കുന്ന ശീലം മുരളിക്ക് പാരമ്പര്യമായി കിട്ടിയിട്ടില്ലാത്തത് കൊണ്ട് സഹായിക്കുക തന്നെ ചെയ്യുമെന്ന് നമുക്കും കരുതാം.






എന്നാലും ഇവര്‍ ഈ ചെയ്തത് ശരിയാണോ? ഒന്നുകില്‍ ടീമിലെടുക്കണം, അല്ലെങ്കില്‍ പുറത്താക്കണം.ഗ്രൗണ്ടില്‍ ബോള്‍ പെറുക്കുന്ന പണി പോലെ ഒരു സഹായിയായി നില്‍ക്കേന്ടവനാണോ മുരളി. പിന്നെ, പന്ത് പെറുക്കുന്ന പിള്ളേര്‍ക്കും സംതിംഗ് കിട്ടുന്ന നാടായതുകൊണ്ട്‌ തട്ടും മുട്ടുമില്ലാതെ മുരളിക്കും ജീവിച്ചു പോകാം. നിയമസഭ തിരഞ്ഞെടുപ്പും മുന്നിലുള്ളത് കൊണ്ട് മുരളിക്ക് പ്രതീക്ഷക്ക് വകയുണ്ട്. ആ സമയത്തെങ്കിലും ഒന്ന് ടീമില്‍ കയറി ഒരു കളി കളിക്കാം.






നോ കമന്റ്സ് : അവസാനം നമ്മുടെ പി ഡി പി കാരെ എല്‍ ഡി എഫ് സഖാക്കള്‍ 'ങ്ങളെ ഞമ്മള് കണ്ടിട്ടൂല്ല,മുണ്ടീട്ടൂല്ല' എന്ന് പറഞ്ഞു മൊഴിചൊല്ലിയത് പോലുള്ള അവസ്ഥ മുരളിക്ക് വരാതിരുന്നാല്‍ ഭാഗ്യം.


     പാലം കടക്കുവോളം നാരായണ... പാലം കടന്നാല്‍...............?

Wednesday, June 16, 2010

ദിസ്‌ ടൈം ഫോര്‍ അര്‍ജെന്റീന.....

ഇനി ഫുട്ബോള്‍ വസന്തത്തിന്‍റെ നാളുകള്‍. ഭൂമി വെറുമൊരു ഫുട്ബോളിലേക്ക് ഒതുങ്ങിപ്പോകുന്ന നാളുകള്‍. അര്‍ജെന്റീനയും ബ്രസീലും സ്പെയിനും എല്ലാം പോരുതാനുറച്ച് ആഫ്രിക്കന്‍ മൈതാനങ്ങളില്‍ ഇറങ്ങുമ്പോള്‍ ഇങ്ങിവിടെ മലപ്പുറത്തും കണ്ണൂരും ആരാധകര്‍ ഇഷ്ടടീമിനായി പ്രാര്‍ത്ഥനകളും വെല്ലുവിളികളുമായി രാവുകള്‍ ആഘോഷമാക്കുന്നു. ജാതി മത വര്‍ഗ്ഗ വേഷ ഭാഷകള്‍ക്കതീതമായി ലോകം ഫുട്ബോള്‍ എന്ന ഒരൊറ്റ മതത്തിന്‍റെ വക്താക്കളാകുന്ന ഈ ഒരു മാസക്കാലം ഞാന്‍ ഒരു അര്‍ജെന്റീനക്കാരനായി മാറും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം നിങ്ങളില്‍പ്പലരും മനസ്സുകൊണ്ട് ഇപ്പോഴേ ബ്രസീലുകാരനോ ഇറ്റലിക്കാരനോ ആയിത്തീര്‍ന്നിരിക്കുമെന്ന കാര്യം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ എന്നെപ്പോലെയുള്ള കോടിക്കണക്കിന് ആരാധകര്‍ക്ക് അര്‍ജെന്റീന ഒരു ക്ഷേത്രവും മറഡോണ ദൈവവുമാണ്. അര്‍ജെന്റീനയെ പലതവണ വിജയങ്ങളിലേക്കെത്തിച്ച മറഡോണയും സോക്കറിന്‍റെ പുതിയ രാജകുമാരന്‍ മെസ്സിയും ഒരുമിക്കുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ല.


കാല്‍പ്പന്തുകളിയില്‍ കവിത രചിക്കുന്നവരാണ് അര്‍ജെന്റീനക്കാര്‍.കഴിഞ്ഞ വേള്‍ഡ് കപ്പിലെ കാംബിയാസോയുടെ ഗോള്‍ ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല.ഇരുപത്തിനാല് പാസുകള്‍,അതും എതിരാളികള്‍ക്ക് പന്ത് ഒന്ന് തൊടാന്‍ പോലുമാകാതെ.ഇരുപത്തിനാല് വരികളുള്ള ഒരു കവിതയോടാണ് മാധ്യമങ്ങള്‍ അന്ന് ആ ഗോളിനെ ഉപമിച്ചത്. ഫുട്ബോളിനെ കളി എന്നതിനുപരി ഒരു കലയാക്കി മാറ്റിയിരിക്കുന്നു അര്‍ജെന്റീനക്കാര്‍.


പ്രതിഭാധനരായ ഒരുപറ്റം ചെറുപ്പക്കാരാണ് അര്‍ജെന്റീനയുടെ ശക്തി. അത് വെറും മെസ്സിയില്‍ ഒതുങ്ങുന്നതല്ല.ഇംഗ്ലീഷ് പ്രീമിയെര്‍ ലീഗില്‍ കഴിവ് തെളിയിച്ച ടെവെസ്, ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ താരം മിലീറ്റോ,ഹിഗ്വെയ്ന്‍.... താരനിര ഇങ്ങനെ നീളുന്നു. ഏതു ലോകോത്തര ടീമിനോടും മാറ്റുരച്ചു നോക്കാവുന്ന റിസര്‍വ് താരങ്ങളാണ് അര്‍ജെന്റീനയുടെ മറ്റൊരു ശക്തി.ഇത്രയും കരുത്തുറ്റ ഒരു റിസര്‍വ് നിര മറ്റൊരു ടീമിനും ഉണ്ടെന്നു തോന്നുന്നില്ല.


ഇപ്പോള്‍ ടീമിലില്ലാത്ത ഒരു താരത്തിന്‍റെ പേര് പറഞ്ഞാല്‍ അര്‍ജെന്റീനയുടെ ഇപ്പോഴുള്ള താരനിര എത്ര ശക്തമാണെന്ന് മനസ്സിലാകും.റിക്വെല്‍മി, ലോകം കണ്ട ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ ലോകകപ്പിലെ ടീമിന്‍റെ കുന്തമുന. പക്ഷെ എന്നിട്ടും അദ്ദേഹം ടീമിന് പുറത്ത്.നൂറിലധികം കളിക്കാരെ പരീക്ഷിച്ചാണ് മറഡോണ ഈ ടീമിനെ സൃഷ്ടിച്ചത്. എതിരാളികള്‍ക്ക് മേല്‍ തീമഴയായി പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഈ ടീമിന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നത് തന്നെ മറ്റുള്ളവര്‍ക്ക് കടുത്ത വെല്ലുവിളിയാകും.


ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.. കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങളെ തൃപ്തരാക്കില്ല....


എവിടെയോ കണ്ട ഒരു ഫ്ലക്സിലെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍...


"കളിക്കൊരു കാവ്യനീതിയുണ്ടെങ്കില്‍ ഈ വേള്‍ഡ് കപ്പ്‌,അത് അര്‍ജെന്റീനക്ക് സ്വന്തം."

Wednesday, June 2, 2010

കയ്യാലപ്പുറത്തെ തേങ്ങ



N.B:"ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അമ്മച്ചിയാണേ അത് എന്‍റെ കുറ്റം അല്ല. "






                                    'വാക്യത്തില്‍ പ്രയോഗിക്കുക : കയ്യാലപ്പുറത്തെ തേങ്ങ..'


ഈ ചോദ്യം പലതവണ ചോദ്യപ്പേപ്പറില്‍ കണ്ടപ്പോഴൊക്കെ ഞാന്‍ ആലോചിച്ചിരുന്നു.
'ഇതെന്താടാ ഈ കയ്യാലപ്പുറത്തെ തേങ്ങ'. കൊട്ടത്തേങ്ങ,നെയ്ത്തേങ്ങ തുടങ്ങി തേങ്ങയുടെ പല 'പര്യായങ്ങളും' കേട്ടിട്ടുണ്ടെങ്കിലും ഈ കയ്യാലപ്പുറത്തെ തേങ്ങ എന്നെ പല തവണ കുഴക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിറയെ അബദ്ധങ്ങള്‍ ഞാന്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ട്


പക്ഷെ ഇന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം കയ്യാലപ്പുറത്തെ തേങ്ങ എന്താണെന്ന്.ഇന്ന് ആരെങ്കിലും എന്നോട് വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും "ഞാന്‍ കയ്യാലപ്പുറത്തെ തേങ്ങ ആണ്" എന്ന്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും ഞാന്‍ എങ്ങനെയാ തേങ്ങ ആയതെന്നു.പറയാം....


പ്ലസ് ടു കഴിഞ്ഞു, 'ഇതൊന്നും നമ്മള്‍ക്ക് പറഞ്ഞ പണി അല്ലേ.!!.' എന്ന മട്ടില്‍ എന്ട്രന്സും എഴുതി വെറുതെ ഇരിക്കുമ്പോഴാണ് ഒരു പുതിയ മാരണത്തിന്‍റെ വരവ് (സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുമ്പ് പേരുകേട്ടതും ഇപ്പൊ പേര് കെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു സ്ഥാപനം).കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറഞ്ഞപോലെ കറക്കിക്കുത്തിയപ്പോള്‍ ഒബ്ജെക്ടിവ് ടെസ്റ്റ് പാസ്‌ ആയി.അങ്ങനെ ഞാന്‍ ബാംഗ്ലൂര്‍ എന്ന മഹാനഗരത്തിലെത്തി. ഈ രണ്ടര വര്‍ഷം കൊണ്ട് ഞാന്‍ ‍പലതും പഠിച്ചു.എങ്ങനെ വീട്ടുകാരുടെ കയ്യിലെ കാശും നമ്മുടെ സമയവും വേസ്റ്റ് ചെയ്യാം എന്നതാണ് ഞാന്‍ പഠിച്ച പ്രധാന പാഠം .ഈ ലോകത്തില്‍ മലയാളം അല്ലാതെ ഒരുപാട് ഭാഷകള്‍ ഉണ്ടെന്നും (സി,സിപ്ലസ്പ്ലസ്,ജാവ ആദിയായവ ) കുക്കീസ്‌ എന്നാല്‍ മുട്ടായി അല്ല എന്നും ഞാന്‍ പഠിച്ചത് ഇവിടെ നിന്നാണ്.



രണ്ടര വര്‍ഷത്തിനു ശേഷം കാത്തിരുന്ന ആ മഹാ സംഭവം വന്നു. ക്യാമ്പസ് ഇന്റര്‍വ്യൂ.ആദ്യത്തെ പരീക്ഷണം ബാംഗ്ലൂരിലെ പ്രശസ്തമായ(?)ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലേക്ക്. അവിടെയുണ്ടായിരുന്ന 'S' ആകൃതിയിലുള്ള കത്തിയെ ,സോറി എച്ച്. ആറിനെ വായിനോക്കി ഇരുന്നതല്ലാതെ പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല.അതിനു ശേഷമായിരുന്നു ഒരു എം.എന്‍.സിയുടെ ഇന്റര്‍വ്യൂ.



കറക്കിക്കുത്ത് പണ്ടേ നല്ല പരിചയമുള്ളതിനാല്‍ ഫസ്റ്റ് റൗണ്ട് വളരെ ഈസി ആയിരുന്നു. വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന പഴമൊഴി പോലെ വായില്‍ത്തോന്നിയതെല്ലാം പറഞ്ഞു ഗ്രൂപ്പ് ഡിസ്കഷന്‍ റൗണ്ട് കടന്നു കൂടി.എന്‍റെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു വായും പൊളിച്ചിരുന്ന ഇന്റര്‍വ്യൂവറുടെ മുഖം ഞാന്‍ ഇന്നും മറന്നിട്ടില്ല.പക്ഷെ മുജ്ജന്മ ശാപം പോലെ ഞാന്‍ അടുത്ത റൗണ്ടില്‍ എത്തി.രണ്ടു വര്‍ഷം കൊണ്ട് പഠിച്ചതിനു പുറമേ സ്വയം കണ്ടുപിടിച്ച ചില തിയറികളും സിന്റാക്സും അവതരിപ്പിച്ച് ടെക്നിക്കല്‍ റൗണ്ട് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു... എച്ച് ആറിനെ കാണേണ്ടി വരില്ല,ഇപ്പോതന്നെ പോവാം. പക്ഷെ എനിക്ക് ദൈവം വീണ്ടും 'പണി' തന്നു. ഇന്റര്‍വ്യൂവെര്‍ എന്നെക്കാളും മണ്ടനായിരുന്നിരിക്കണം,അല്ലാതെ ഞാന്‍ എച്ച് ആര്‍ റൗണ്ടില്‍ എത്തില്ല. എച്ച് ആറിനെ സോപ്പിടാനുള്ള വഴികള്‍ 'പേഴ്സണല്‍ എഫെക്ടീവ്നെസ്സ് ' ക്ലാസ്സില്‍ പഠിച്ചതുകൊണ്ട് അങ്ങേരെ വളരെ ഈസിയായി പറ്റിച്ചു. ശമ്പളമില്ലാതെ പണിയെടുക്കുമോ,ഓവര്‍ടൈം വര്‍ക്ക് ചെയ്യുമോ എന്നൊക്കെ ചോദിച്ചപ്പോള്‍ കണ്ണും പൂട്ടി "യെസ് സര്‍" എന്ന് പറഞ്ഞു ("എന്‍റെ പട്ടി ചെയ്യും"എന്ന് പറയാന്‍ എനിക്കറിയാഞ്ഞിട്ടല്ല പക്ഷെ എന്‍റെ സ്റ്റാറ്റസ് അനുവദിച്ചില്ല ). അങ്ങനെ ഇന്റര്‍വ്യൂ മഹാമഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് വന്നു.ഞാന്‍ സെലെക്ടെഡ്. സെമെസ്റെര്‍ എക്സാം എഴുതി, ചിക്കന്‍പോക്സുമായി ഒരു യുദ്ധവും കഴിഞ്ഞു ഞാന്‍ ഈ എം.എന്‍.സിയില്‍ ജോയിന്‍ ചെയ്തു.



ജോയിന്‍ ചെയ്ത ആദ്യദിവസം തന്നെ എനിക്ക് എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരം കിട്ടി,കയ്യാലപ്പുറത്തെ തേങ്ങ...പ്രത്യേകിച്ച് പേര് ഒന്നും ഇല്ലാത്ത എന്‍റെ പോസ്റ്റിനു ഞാന്‍ തന്നെ ഇട്ട പേരാണ് കയ്യാലപ്പുറത്തെ തേങ്ങ.കാരണം ജൂണ്‍ മാസം വരെ കമ്പനിയുടെ കയ്യാലപ്പുറത്തു സ്വസ്ഥമായിരിക്കാം,പിന്നെ അകത്തേക്കാണോ പുറത്തേക്കാണോ എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല.നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ വേണ്ടി മാത്രം ഇവിടെ രണ്ടു പേരെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നുണ്ട്.. വഴിയെ പോകുന്നവരെയൊക്കെ വിളിച്ചു ജോലി കൊടുക്കുന്ന ഈ ജീവികള്‍ക്ക് എച്ച്.ആര്‍ എന്നോ മറ്റോ ആണ് പേര്.പാറ്റകള്‍ പെരുകിപ്പെരുകി ഇപ്പോള്‍ കഞ്ഞിയേതാ പാറ്റയേതാ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയായി. എല്ലാ ദിവസവും കാണും ഒരു 'welcome aboard' മെയില്‍. അല്ല എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു കമ്പനിയും കണ്ടില്ലേ കേറി ജോയിന്‍ ചെയ്യാന്‍.കണ്ട ചെമ്മാനും ചെരുപ്പുകുത്തിയുമെല്ലാം കേറി ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മളെ പോലെയുള്ള പാവങ്ങള്‍ എന്ത് ചെയ്യും? പാറ്റകള്‍ ധാരാളം ഉണ്ടെങ്കിലും ആര്‍ക്കും പ്രത്യേകിച്ച് പണി ഒന്നും ഉള്ളതായി അറിവില്ല. ഏതോ ഒരു പ്രൊജക്റ്റ് പൈപ്പ് ലൈനില്‍ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞിട്ട് പ്ലംബറെയും തപ്പിപ്പോയ പ്രൊജക്റ്റ്‌ മനജേരുടെ പൊടിപോലും പിന്നെ കണ്ടിട്ടല്ല. ട്രയിനീസും ട്രയിനേഴ്സും എന്തിന് പി.എം പോലും പണിയൊന്നുമില്ലാതെ ബെഞ്ചിലിരിക്കുന്ന സമത്വ സുന്ദരമായ ഈ കമ്പനി കണ്ടിട്ട് മാവേലി അടുത്ത ഓണത്തിന് ഇങ്ങോട്ട് വരുന്നുണ്ടെന്നാണ് പുതിയ ന്യൂസ്‌.



എവിടെയെങ്കിലും പുതിയ ഒരു പണി കിട്ടിയിട്ടുവേണം ചിലരുടെയൊക്കെ മുഖത്ത് നോക്കി രണ്ടു ഇന്നസെന്‍റ് ഡയലോഗ് പറയാന്‍....



"ഡോ..താനിതെങ്ങോട്ടാ നോക്കണേ ഇങ്ങോട്ട് നോക്കെടോ..ഒരു കമ്പ്യൂട്ടറും മുന്നില്‍ വച്ചു മൊബൈലില് ഇംഗ്ലീഷ് പറഞ്ഞാലൊന്നും എച്ച്.ആര്‍ ആകില്ല.താനെന്താ എന്നെക്കുറിച്ച് വിചാരിച്ചേ... താന്‍ തരുന്ന നാലായിരം രൂപയും വാങ്ങി ജീവിതകാലം മുഴുവനും പട്ടിയെപ്പോലെ ഇവിടെ പണി എടുക്കുമെന്നോ.. അല്ലെങ്കിലും എത്ര ട്രയിനീസിനെയാടോ താന്‍ ചവിട്ടി പൊറത്താക്കിയിട്ടുള്ളത്.അതിന്റെ ശാപം മുഴുവന്‍ അനുഭവിക്കാതെ താന്‍ ചാവില്ലെടോ.. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ എന്‍റെ സ്വന്തം കമ്പനി തുടങ്ങും...എന്‍റെ സ്വന്തം കമ്പനി തുടങ്ങും....എന്നിട്ട് തന്നെ കാണാന്‍ ഞാന്‍ വരുന്നുണ്ട്.ഞാന്‍ ഇവിടെ നിന്ന് പോയാല്‍ താനിവിടെക്കിടന്നു ക്ഷ,മ്മ,ട്ട,ത്ത,പ്പ, ല്ല,യ്യ,ന്ന,ക്ക വരക്കും.എന്ത് ഡാന്നാ...? എടാ മ..മ.. അല്ലെങ്കില്‍ അതുവേണ്ട, മത്തങ്ങത്തലയാ ധൈര്യമുണ്ടെങ്കില്‍ എന്നെ പെര്‍മനന്റ് ആക്കെടാ..."



ഇത്രയെങ്കിലും പറയാതെ ഞാന്‍ ഇവിടെ നിന്ന് പോകുന്നത് ശരിയാണോ....?നിങ്ങള്‍ പറ.....


(ഇത് മാസങ്ങള്‍ക്ക് മുമ്പേ എഴുതി ഡ്രാഫ്റ്റ്‌ ചെയ്തു വച്ചതാണ്.ഇപ്പൊ അവസ്ഥക്ക് ചെറിയ മാറ്റം വന്നു...)


കാലം വീണ്ടും ഉരുണ്ടു.....


വിഷു വന്നു....


വര്‍ഷം വന്നു വന്നില്ല എന്ന മട്ടില്‍ നില്‍ക്കുന്നു....


തിരുവോണം വരും, വരാതിരിക്കില്ല....


പ്ലംബറെ തപ്പിപ്പോയ പി.എം തിരിച്ചു വന്നു....


എനിക്കും ആവശ്യത്തിലധികം വര്‍ക്ക്‌ കിട്ടിത്തുടങ്ങി...


എന്നിട്ടും.....


                ഞാന്‍ ഇപ്പോഴും കൊക്കനട്ട് ഓണ്‍ ദി കയ്യാലപ്പുറം....






(കാത്തിരുന്ന് ഒരു ജോലി കിട്ടി. പക്ഷെ ട്രെയിനിംഗിനു ശേഷം പുറത്താക്കുമെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഇത്തിരി വിഷമം തോന്നി.അപ്പോള്‍ എഴുതിയതാ.....അല്ലെങ്കിലും ഞങ്ങള്‍ പാവം ട്രയിനീസിന്‍റെ വിഷമങ്ങളൊന്നും മള്‍ട്ടി മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു കമ്പനിക്ക് അറിയേണ്ട ആവശ്യമില്ലല്ലോ...? )


Friday, May 14, 2010

അങ്ങനെ പവനായി ശവമായി......



എന്തൊക്കെ ബഹളമായിരുന്നു. ഹര്‍ഭജന്‍റെ സ്പിന്‍,സഹീറിന്‍റെ പേസ്, ധോണിയുടെ തന്ത്രം, യൂസഫിന്‍റെ കുന്തം,തേങ്ങാക്കൊല, ഒലക്കേടെ മൂട്.........വേള്‍ഡ് കപ്പ്‌ നേടാന്‍ പോയ 'ടീം ഇന്ത്യ' , തോറ്റ സങ്കടം തീര്‍ക്കാന്‍ ബാറില്‍ പോയി ആരാധകരുടെ കയ്യില്‍ നിന്നും ആവശ്യത്തിലധികം 'നേടി' കരീബിയന്‍ മണ്ണില്‍ നിന്നും മടങ്ങി.
അല്ല, ഈ ബാറില്‍ പോയതില്‍ എന്താണ് തെറ്റ്? നമ്മുടെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ പറഞ്ഞു പരത്തുന്നത് പോലെ അവര്‍ പബ്ബില്‍ പോയത് കുടിച്ചു കൂത്താടാനൊന്നുമായിരുന്നില്ല. കളിച്ചു ക്ഷീണിച്ചപ്പോള്‍ ദാഹം തീര്‍ക്കാന്‍ ഇത്തിരി നാരങ്ങാ വെള്ളം കിട്ടുമോന്നറിയാന്‍ പോയതാ. നാരങ്ങാ വെള്ളം തലയ്ക്കു പിടിച്ച ഏതോ ചില മണ്ടന്മാര്‍ (ആരാധകര്‍ എന്നും പറയാം) കൂവുന്നത് കേട്ട് വെറുതെ ഇരുന്നാല്‍ ആര്‍ക്കാ അതിന്‍റെ നാണക്കേട്? നമ്മുടെ രാജ്യത്തിന്. അതുകൊണ്ട് നമ്മുടെ രാജാവും യുവരാജാവുമൊക്കെ ഒന്ന് പ്രതികരിച്ചു. അത് ഇത്ര വലിയ തെറ്റാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പിന്നെ ഇങ്ങനെ ഒരു കാര്യം നടന്നിട്ടേയില്ല എന്ന് യുവരാജാവ് ട്വീറ്റിയതായി അറിഞ്ഞു. വേണ്ടതും വേണ്ടാത്തതും ട്വീറ്റാന്‍ പോയി പണി കിട്ടിയ നമ്മുടെ മന്ത്രിയുടെ അവസ്ഥ യുവരാജാവിന് വരല്ലേ എന്നാണ് ഇപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന.

ഇനി കളി തോല്‍ക്കാനുള്ള കാരണം. അതിന് ബി.സി.സി.ഐ യുടെ പ്രത്യേക അന്വേഷണ കമ്മീഷന്‍ ഒന്നും വേണ്ട. അത് എനിക്കറിയാം. തോറ്റ ഉടനെ ഇന്ത്യയുടെ സ്കോര്‍ കാര്‍ഡും കൊണ്ട് ഞാന്‍ നമ്മുടെ അനന്തന്‍ അജ്ഞാതനെ കണ്ടിരുന്നു. റണ്‍ റേറ്റും വാഗണ്‍ വീലും നോക്കി അദ്ദേഹം ഗണിച്ചു പറഞ്ഞത് വച്ച് നോക്കിയാല്‍ ഇന്ത്യന്‍ പരാജയത്തിനു കാരണം ദൈവകോപമാണ്. എങ്ങനെ കോപിക്കാതിരിക്കും? ലോകത്തിലെ മുന്നൂറ്റിമുക്കോടി ദൈവങ്ങളുടെയും പരമ ഭക്തനായ ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ അവര്‍ കോപിക്കില്ലേ?ചില പരിഹാര ക്രിയകള്‍ ചെയ്‌താല്‍ മാറുന്നതേ ഉള്ളൂ ഈ പ്രശ്നങ്ങള്‍. അതിലൊന്നാമത്തേത് നമ്മുടെ ശ്രീശാന്തിനെ ടീമിലെടുക്കണം എന്നത് തന്നെ. പിന്നെ ഗ്രൌണ്ടിന് ചുറ്റും നാല്പത്തൊന്നു ശയനപ്രദക്ഷിണം, പിച്ചിനു നടുവില്‍ ഒരു ഗണപതി ഹോമം തുടങ്ങിയ ചില്ലറ ക്രിയകള്‍ വേറെയും.

എവിടെ കളി തോറ്റാലും കമന്റിടാന്‍ ധാരാളം ആള്‍ക്കാര്‍ കാണും. മുന്‍ കോച്ച്,മുന്‍ ക്യാപ്റ്റന്‍ തുടങ്ങി ആയകാലത്ത് ബൌണ്ടറി ലൈനില്‍ പന്ത് പെറുക്കി നടന്നവര്‍ വരെ അഭിപ്രായം പറയും.ഇവര്‍ക്കൊന്നും അറിയാത്ത ഒരു കാര്യമുണ്ട്.സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ എല്ലാ തോല്‍വികള്‍ക്കും ന്യായീകരണങ്ങളുണ്ട്.

ഇന്ത്യ ആദ്യം തോറ്റത് ഓസ്ട്രലിയയോട്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കണം എന്നുള്ളത് പാരമ്പര്യമായി ഇന്ത്യന്‍ ടീമിന് കിട്ടിയ അറിവാണ്. അതിനനുസരിച്ച് മാത്രമേ ടീം കളിക്കാന്‍ പാടുള്ളൂ.

രണ്ടാമത് തോറ്റത് വെസ്റ്റ് ഇന്‍ഡീസിനോട്. അവരുടെ നാട്ടില്‍ ചെന്ന് അവരെ തോല്‍പ്പിക്കുന്നത്‌ ശരിയാണോ? അതിഥി മാത്രമല്ല,ആതിഥേയരും ദേവോ ഭവ...

ഇനി ശ്രീലങ്കയോട്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ അയല്‍ രാജ്യത്തെ തോല്‍പ്പിച്ച് നാം ജയിച്ചിട്ടെന്ത് കാര്യം? അങ്ങനെയൊരു ജയം നമുക്ക് വേണ്ട എന്ന് കളിക്കാര്‍ക്കും തോന്നിക്കാണും...

ഇനിയാരും ടീമിനെ കുറ്റം പറയാന്‍ പാടില്ല. കോച്ച് പലതും പറയും. കളിക്കാര്‍ മടിയന്‍മാരാണെന്നും തടിയന്‍മാരാണെന്നുമൊക്കെ. അതൊക്കെ വെറുതെ പറയുന്നതാ.ഈ മടിയും തടിയുമൊന്നും ഐ പി എല്ലില്‍ കണ്ടില്ലല്ലോ? ഇനി കളിക്കാന്‍ വേണ്ടി തടി കുറക്കാനൊന്നും നമ്മുടെ കളിക്കാര്‍ തയ്യാറാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുന്‍പ് ചെയ്തത് പോലെ കോച്ചിനെ അങ്ങ് മാറ്റിയാല്‍ പ്രശ്നം തീര്‍ന്നില്ലേ...

ഇനിയും കുറേ ടൂര്‍ണമെന്റുകള്‍ വരുന്നുണ്ട്. ഈ ടീമിന്റെ ഗതി എന്താകുമോ എന്തോ? കാത്തിരുന്നു കാണാം............

Wednesday, May 12, 2010

പ്രതിസന്ധികള്‍ മറികടക്കാന്‍........

"ഷൂട്ടിംഗ് സൈറ്റുകളില്‍ ഹാജര്‍ ബുക്ക്‌ ഉപയോഗിക്കുക"

കുതിച്ചുയരുന്ന സിനിമാ നിര്‍മ്മാണച്ചെലവ് പിടിച്ചു നിര്‍ത്തി മലയാള സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധി. ഒരല്പം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിര്‍മാണച്ചെലവ് കുറേക്കൂടി കുറയ്ക്കാവുന്നതാണ്. ചില നിര്‍ദേശങ്ങള്‍ കൂടി..........

1 . കഥ,തിരക്കഥ,സംഭാഷണം.ഗാനങ്ങള്‍ കടലാസില്‍ എഴുതുന്നതിനു പകരം സ്ലേറ്റില്‍ എഴുതുക. ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുകയും സ്ലേറ്റ്‌ പുനരുപയോഗിക്കുകയും ചെയ്യാം.

2 .മേല്‍പ്പറഞ്ഞവയെല്ലാം എഴുതുന്ന ഒരു സംവിധായകനെക്കൊണ്ട് മാത്രം പടം ചെയ്യിക്കുക.(പടം പൊട്ടിയാലും വലിയ നഷ്ടം വരില്ല....അമ്മയാണെ സത്യം കുട്ടാ.......)

3 .പടത്തിലെ നായകനെയോ നായികയോ വച്ച് കാസര്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെ ഒരു ജനരക്ഷാ യാത്ര നടത്തുക.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

4 . ഓരോ മാസവും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പരീക്ഷകള്‍ നടത്തുക. ഡി പ്ലസ്‌ ഗ്രേഡിനു താഴെ മാര്‍ക്ക് വാങ്ങുന്നവരെ ടി.സി നല്‍കി പുറത്താക്കുക (മോഡറേഷന്‍ അനുവദനീയമല്ല).

5 .സൂപ്പര്‍ താരങ്ങള്‍ ധരിച്ച വസ്ത്രങ്ങള്‍,കടിച്ച ആപ്പിള്‍,കുടിച്ച ഗ്ലാസ്,ഉണ്ട പാത്രം,ഉറങ്ങിയ പായ തുടങ്ങിയവ ലേലത്തിന് വയ്ക്കുക.

6 . ഷൂട്ടിംഗ് സൈറ്റുകളില്‍ 'മുട്ടയും പാലും' പദ്ധതി നടപ്പാക്കുക. എല്ലാ പ്രവര്‍ത്തകര്‍ക്കും പതിവ് ഭക്ഷണത്തിനു പകരം ഒരു മുട്ടയും ഒരു ഗ്ലാസ്‌ പാലും മാത്രം(ഇതിനാവശ്യമായ ആട്,പശു,കോഴി എന്നിവയെ സൈറ്റില്‍ തന്നെ വളര്‍ത്തുക.ബാക്കി വരുന്ന പാല്‍ മില്‍മയിലൂടെ ന്യായ വിലക്ക് വില്‍ക്കാവുന്നതാണ്.)

ഇങ്ങനെയൊക്കെ ചെയ്‌താല്‍ തന്നെ നമ്മുടെ സിനിമാ പ്രതിസന്ധിയെ ഒരു പരിധിവരെ നേരിടാം. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പുതിയ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കമന്റിടാന്‍ മറക്കേണ്ട.

നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അമ്മ,മാക്ട,ഫെഫ്ക തുടങ്ങിയ സംഘടനകള്‍ക്ക് അയച്ചുകൊടുക്കുകയുമാവാം...

മലയാള സിനിമയെ രക്ഷിക്കാന്‍...... "ജാഗോ ഗ്രാഹക് ജാഗോ.........."

Monday, May 10, 2010

ഓ..... മാഞ്ചസ്റ്റര്‍

എല്ലാം കഴിഞ്ഞു...... തുടര്‍ച്ചയായ നാലാം കിരീടം എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട്, ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രാജാക്കന്‍മാരായി. ഇന്നലെ അവസാന മത്സരം നടക്കുമ്പോള്‍ ഞാനടക്കമുള്ള കോടിക്കണക്കിന് മാന്‍ ആരാധകര്‍ കാത്തിരുന്നത് ചെല്‍സി- വിഗാന്‍ മാച്ചിന്റെ റിസള്‍ട്ട്‌ ആയിരുന്നു, ചെല്‍സിയുടെ തോല്‍വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ. എല്ലാം വെറുതെയായി. വിഗാനെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് തകര്‍ത്ത് നീലപ്പട ചാമ്പ്യന്‍മാരായി.


കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്ന വെയ്ന്‍ റൂണി എന്ന ഫുട്ബോള്‍ പ്രതിഭയുടെ തോളിലേറിയായിരുന്നു ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ പ്രയാണം. യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യുണിക്ക് പ്രതിരോധനിരക്കാരുടെ ഫൗളില്‍ റൂണി വീണപ്പോള്‍ തകര്‍ന്നത് മാഞ്ചസ്റ്റര്‍ പ്രതീക്ഷകളായിരുന്നു. സെമി കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്.ഇപ്പോഴിതാ പ്രീമിയര്‍ ലീഗ് കിരീടവും കൈവിട്ടു.


റൂണി മാത്രമായിരുന്നില്ല മാഞ്ചസ്റ്ററിന്റെ ശക്തി. നാനി,കാരിക്ക്,വാന്‍ ഡര്‍ സാര്‍, ബെര്‍ബറ്റൊവ്,ഓവന്‍.... ഏതു ടീമിനെയും തകര്‍ക്കാന്‍ ഇവര്‍ മതിയായിരുന്നു. പക്ഷെ ഒരു ഫോട്ടോ ഫിനിഷിംഗ് സീസണിന്റെ അവസാനം വെറും ഒരു പോയന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്ററിന് കിരീടം നഷ്ടമായി.


നഷ്ടങ്ങളൊക്കെ മറക്കാം... ഞങ്ങള്‍ കാത്തിരിക്കും.... സര്‍ അലക്സ്‌ ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്താന്‍മാര്‍ കിരീടം തിരിച്ചുപിടിക്കുന്ന ദിവസത്തിനായി......

Wednesday, April 14, 2010

വിഷു ആശംസകള്‍





"ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും......."

മനസ്സില്‍ എന്നും ഇത്തിരി കൊന്നപ്പൂവ് സൂക്ഷിക്കുന്ന
എല്ലാ
മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
വിഷു ആശംസകള്‍

Thursday, April 1, 2010

നാഗമാണിക്യം... ഒരു നട്ടുച്ചക്കൊലപാതകത്തിന്റെ കഥ........



ഉച്ചക്ക് ആവശ്യത്തിലുമധികം ഭക്ഷണം കഴിച്ചത് കൊണ്ടും വീട്ടില്‍ മിണ്ടാനും പറയാനും ഒരു ഈച്ച പോലും ഇല്ലാത്തതു കൊണ്ടും ഭക്ഷണം കഴിച്ച ഉടനെ ഞാന്‍ കിടക്കയിലേക്ക് വീണു. അല്ലെങ്കിലും ഞായറാഴ്ചകള്‍ ഉറങ്ങിത്തീര്‍ക്കുക എന്നതായിരുന്നു എന്‍റെ സ്ഥിരം പരിപാടി.എത്ര സമയം ഉറങ്ങി എന്നറിയില്ല വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്,കൂടെ ഒരു സ്ത്രീ ശബ്ദവും.


"അനിയാ...അനിയാ.........."


എന്‍റെ പെങ്ങന്‍മാരാരും ഈ ബാംഗ്ലൂരില്‍ ഇല്ലല്ലോ പിന്നെ ഇതേതാ ഈ പുതിയ ചേച്ചി. വാതിലില്‍ മുട്ടുന്നതിന്‍റെ ശക്തിയും വിളിയുടെ ഫ്രീക്വെന്‍സിയും കൂടിയപ്പോള്‍ ഞാന്‍ വാതില്‍ തുറന്നു.പുറത്ത് തൊട്ടു മുകളിലത്തെ നിലയില്‍ താമസിക്കുന്ന,മുമ്പ് കണ്ടു പരിചയമുള്ള ചേച്ചി.എന്നെ കണ്ട ഉടനെ അവര്‍ പറഞ്ഞു.

"അനിയാ സ്റെയര്‍കേസില്‍ ഒരു പാമ്പ്.അതിനെ എങ്ങനെയെങ്കിലും ഒന്ന് തല്ലിക്കൊല്ല്..."


"ഈശ്വരാ....പണി കിട്ടി " ഞാന്‍ മനസ്സിലോര്‍ത്തു. ഒരു പാമ്പിനെയെങ്ങാനും വഴിയില്‍ കണ്ടാല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് ഞാന്‍ ആ വഴിയിലൂടെ നടക്കില്ല എന്ന് മാത്രമല്ല അങ്ങോട്ട് നോക്കുകപോലുമില്ല.പേടിച്ചിട്ടൊന്നുമല്ല,വെറുതെ എന്തിനാ പാമ്പിനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതിയാ.അല്ലാതെ,പേടിയോ....അതെന്താ സാധനം....?. ആ എന്നോടാണ് പാമ്പിനെ തല്ലിക്കൊല്ലാന്‍ പറയുന്നത്.


"തല്ലിക്കൊല്ലണോ...അത് പോവില്ലേ...?" രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.


"കൊന്നേ പറ്റൂ, അതെങ്ങാനും വീട്ടിനുള്ളില്‍ കയറിയാലോ ..?" ചേച്ചിയുടെ മറുപടി.


അപ്പോഴാണ് എനിക്ക് സംഗതിയുടെ ഗൗരവം മനസ്സിലായത്. സ്റെയര്‍കേസില്‍ നിന്നും ഏറ്റവും അടുത്തത് എന്‍റെ റൂം ആണ്.വെറുതെയിരുന്നു ബോറടിച്ചു പാമ്പെങ്ങാനും എന്‍റെ റൂമില്‍ കയറിയാല്‍......? ഞാന്‍ സ്റെയര്‍കേസിന്റെ അടുത്ത് ചെന്നു. നാലാമത്തെ സ്റെപ്പില്‍ അവനങ്ങനെ കിടക്കുകയാണ്.കണ്ടിട്ട് ലാദനെപ്പോലെ ഭീകരനല്ല,പക്ഷെ ഒരു തടിയന്റവിട നസീര്‍ ആണോ എന്നെനിക്കൊരു സംശയം.ചേരയെ മാത്രമല്ലാതെ വേറൊരു പാമ്പിനെയും ഐ ഡി കാര്‍ഡ്‌ കാണാതെ എനിക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതേതാണാവോ ഈ സാധനം.........?"


"നോക്കി നില്ക്കാതെ അതിനെ തല്ലിക്കൊല്ല്...."


പറയുന്നതിന്‍റെ ടോണ്‍ കേട്ടപ്പോള്‍ "ചേച്ചി മുമ്പ് കൊട്ടേഷന്‍ ടീമിലായിരുന്നോ..?" എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും എന്തുകൊണ്ടോ ചോദിച്ചില്ല .ഒടുവില് ഞാന് ആ കൃത്യം ചെയ്യാന് തന്നെ തീരുമാനിച്ചു.ഒരു വടി എടുക്കാന്‍ വേണ്ടി ഞാന്‍ പോയി. എവിടെ....വടി പോയിട്ട് ഒരു ഈര്‍ക്കില്‍ പോലും അവിടെവിടെയും ഇല്ല. സമാധാനമായി,പാമ്പിനെ കൊല്ലാതിരിക്കാന്‍ പുതിയൊരു കാരണം കിട്ടി. അപ്പോഴാണ് അടുത്ത വീട്ടിലെ പ്രായമായ ഒരു സ്ത്രീ ഒരു വടിയും കൊണ്ട് വന്നത്. "തകോളീ...." എന്ന് പറഞ്ഞു അവര്‍ അത് എനിക്ക് നേരെ നീട്ടി.വീണ്ടും കുടുങ്ങി. ഒടുവില്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ വടി എടുത്തു.പാമ്പിന്‍റെ അടുത്തേക്ക് ചെന്നു.മൂപ്പര് ഇതൊന്നും അറിഞ്ഞ മട്ടില്ല. ചുരുണ്ട് കൂടി കിടക്കുകയാണവിടെ. ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. പാമ്പിന്‍റെ നീളം,വീതി,ചുറ്റളവ്,വ്യാപ്തം എന്നിവ മനസ്സിലാക്കി ഒരു വടക്കന്‍ വീരഗാഥ സ്റ്റൈലില്‍ പാമ്പിന്‍റെ തല നോക്കി ആഞ്ഞു വീശി....


ശനി,രാഹു,കേതു തുടങ്ങിയവര്‍ എന്‍റെ തലയുടെ മുകളില്‍ നിന്ന് ഗ്രൂപ്പ് ഡാന്‍സ് കളിക്കുന്ന സമയമായതു കൊണ്ടാവണം എന്‍റെ കണക്കുകൂട്ടലുകള്‍ കുറച്ചു തെറ്റിപ്പോയി.തലയ്ക്കു കൊടുത്ത അടി കൊണ്ടത് പാമ്പിന്‍റെ വയറ്റത്ത്. ഒന്നും പറ്റിയില്ല എന്ന് മാത്രമല്ല സ്വസ്ഥമായി ഉറങ്ങുകയായിരുന്ന പാമ്പ് ഒന്നു തലപൊക്കുകയും ചെയ്തു. അതിന്‍റെ തലയ്ക്കു പിറകില്‍ മലയാള അക്ഷരമാലയില്‍ കണ്ടു പരിചയമില്ലാത്ത ഒരു ചിഹ്നം കണ്ട ഞാന്‍ ഒന്ന് ഞെട്ടി.ഒന്നല്ല ഒരു ഒന്നൊന്നര ഞെട്ടല്‍. പാമ്പൊരു പുലിയായിരുന്നെന്നു എന്നെന്നിക്കപ്പോഴാണ് മനസ്സിലായത്. തലയുയര്‍ത്തിപ്പിടിച്ചുള്ള ആ നില്‍പ്പുകണ്ടാല്‍ അറിയാം ആള് തറവാട്ടില്‍ പിറന്ന ഏതോ ഒരു മൂര്‍ഖന്‍ ആണെന്ന്. വയറ്റില്‍ വടികൊണ്ട് കുത്തിപ്പിടിച്ചിരുന്നതിനാല്‍ തലയുയര്‍ത്താനല്ലാതെ കിടന്നിടത്തുനിന്ന് ഒന്നനങ്ങാന്‍ അതിനു കഴിഞ്ഞില്ല. വീണ്ടും അടിക്കാനായി വടി ഒന്നുയര്‍ത്തിയാല്‍ പിന്നെ ഞാന്‍ എല്‍ ഇ ഡി ലൈറ്റിനു പിന്നിലെ ഫോട്ടോ ആകും എന്ന കാര്യം ഉറപ്പ്. കുറച്ചു നേരം അങ്ങനെ പോയി. നാട്ടില്‍ പാമ്പ് കടിച്ചു മരിച്ചവരും പാമ്പായി നടക്കുന്നവരുമായ നിരവധി പേരുടെ മുഖങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു. പാമ്പിനു പാലും മുട്ടയും എന്തിനു വേണമെങ്കില്‍ ചിക്കന്‍ ബിരിയാണി വരെ വാങ്ങിക്കൊടുക്കാം എന്ന് നേര്‍ച്ചയിട്ടു.

അതിനിടയില്‍ എന്നെ ഈ കുഴിയില്‍ കൊണ്ട് ചാടിച്ച ചേച്ചിയുടെ അമ്മായിയച്ചന്‍ അവിടെയെത്തി. ഈ സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് ഇദ്ദേഹവുമായി ചില 'സംസ്കൃത പദങ്ങളുടെ' കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. തന്നതിന്‍റെ പലിശയും കൂട്ട് പലിശയും ചേര്‍ത്തു കൊടുത്തതിനാല്‍ ഞാന്‍ ചത്താല്‍ പോലും അയാള്‍ തിരിഞ്ഞു നോക്കില്ല എന്നകാര്യം എനിക്കുറപ്പായിരുന്നു . പാമ്പിനെ കണ്ടതോടെ അയാള്‍ വന്നവഴിയെ പോയി. ഞാന്‍ വീണ്ടും എന്‍റെ പണി തുടര്‍ന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍,എന്‍റെ ഈ കഥകളി കുറേ നേരമായി കണ്ടുകൊണ്ടിരുന്ന തൊട്ടടുത്ത കടയിലെ കടക്കാരന്‍ ഒരു വടിയുമായി വന്നു. അനങ്ങാന്‍ കഴിയാത്ത പാമ്പിന്‍റെ തലയില്‍ത്തന്നെ അയാള്‍ അടിച്ചു.പാമ്പ് ഇഹലോകവാസം വെടിഞ്ഞു.അന്ന് ആ കടക്കാരന്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ്‌ സ്വര്‍ഗത്തിലെ(?) ഒരു ഇന്റര്‍നെറ്റ് കഫെയിലിരുന്നു എഴുതേണ്ടി വന്നേനെ.

പിന്നീട് ഔദ്യോഗിക ബഹുമതികളോടെ പാമ്പിന്‍റെ ശവമടക്കേണ്ട ചുമതലയും എനിക്കായി. റൂമില്‍ പോയി കുറച്ചു മണ്ണെണ്ണയും ഒരു തീപ്പെട്ടിയുമായി വന്നു. കുറച്ചു കടലാസുകളും ചപ്പു ചവറുകളും കൂട്ടിയിട്ടു പാമ്പിന്‍റെ ബൗദ്ധിക ശരീരം അതില്‍ വച്ച് മണ്ണെണ്ണയൊഴിച്ചു തീ കൊടുത്തു.അടുത്തെങ്ങും തോക്ക് കിട്ടാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍ ആചാരവെടി ഉണ്ടായിരുന്നില്ല. ആ തീ ആളിക്കത്തി.

വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് തലയില്‍ വച്ച് കുച്ചുപ്പുടി കളിച്ചവന്‍റെ നിര്‍വൃതിയോടെ ഞാന്‍ റൂമിലേക്ക് പോയി.

ഈ പോസ്റ്റ്‌ ആ പാവം പാമ്പിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.....

Friday, March 26, 2010

ഒരു ബസ്‌ യാത്രയുടെ ഓര്‍മ്മക്ക് ......

ബാംഗ്ലൂരില്‍ എത്തിയിട്ട് ഏറിയാല്‍ ഒന്നോ രണ്ടോ മാസം ആയിക്കാണും.കന്നഡ ഭാഷയിലെ 'അഗാധ പാണ്ഡിത്യം' കാരണം കന്നടയില്‍ ആരെന്തു ചോദിച്ചാലും 'കന്നഡ ഗൊത്തില്ല' എന്നല്ലാതെ മറ്റൊരു വാക്ക് ഞാന്‍ പറയാറില്ല.എന്തിനാ വെറുതെ അറിയാത്ത ഭാഷയില്‍ 'മാര്‍ത്താടി' കന്നട മക്കള്‍ക്ക്‌ കൈക്ക് പണികൊടുക്കുന്നത്. മാത്രമല്ല 'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന ലാലേട്ടന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഞാന്‍ കുറെ തവണ കണ്ടിട്ടുമുണ്ട് (അറിയാത്ത ഭാഷയിലെ വാക്കിന്‍റെ മീനിംഗ് കണ്ടുപിടിക്കാന്‍ പോയി മരത്തില്‍ തൂങ്ങി ടാര്‍സന്‍ കളിക്കാനുള്ള സ്റ്റാമിനയോന്നും ശരീരത്തിലില്ലേ...!!).ഹോസ്റ്റലില്‍ അല്ലാത്തത് കാരണം എന്നും ബസ്സില് വേണം കോളേജിലേക്ക് പോവാന്‍. 'വിനോദയാത്ര' കണ്ടത് മുതല്‍ ദിലീപിന്‍റെ കടുത്ത ഫാനാണ് ഞാന്‍.അതുകൊണ്ട് കോളേജില്‍ പോകാന്‍ ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങണമെങ്കില്‍ ആറെ മുക്കാലിന് ശേഷം മാത്രമേ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുക പോലും ചെയ്യൂ. അങ്ങനെയിരിക്കെ ഒരു ദിവസം,നേരത്തെ ഉറങ്ങിയത് കൊണ്ടാവണം എഴുന്നേല്ക്കാന്‍ അല്പം വൈകി. പ്രഭാത കൃത്യങ്ങള്‍(എക്സെപ്റ്റ് കുളി,അല്ലേലും ഒരു ദിവസം കുളിച്ചില്ല എന്ന് വച്ച് എന്ത് സംഭവിക്കാനാ....കുളിച്ചു വൃത്തിയായി പോകുന്നത് അമ്പലത്തിലേക്കൊന്നുമല്ലല്ലോ... ഇത്രയൊക്കെ മതി.) എല്ലാം കഴിഞ്ഞു യൂണിഫോം ഇട്ടു പുറത്തിറങ്ങി (യൂനിഫോമിലെ കോളേജിന്‍റെ ലോഗോ കാണുമ്പോഴാണ് ഞാന്‍ കോളേജിലേക്കാണ് പോകുന്നതെന്ന ബോധം എനിക്ക് തന്നെ വരുന്നത്.അല്ലാതെ ബുക്കും പേപ്പറും എന്തിനു ഒരു പേന പോലും കയ്യിലുണ്ടാവില്ല).ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ശീലം ഇല്ലാത്തതിനാല്‍ സമയം കൂടി ഉറങ്ങി തീര്‍ത്തിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ ബസ് സ്റൊപ്പിലെത്തി.
സാധാരണ പ്രൈവറ്റ് ബസ്സിലെ മനസ്സിലാകാത്ത കന്നടപ്പടവും കണ്ടുകൊണ്ടാണ് കോളേജിലേക്ക് പോകാറ്. ഇന്നങ്ങനെ ചെയ്താല്‍ ടീ ബ്രേക്കിന് പോലും അവിടെയെത്തില്ല, മാത്രമല്ല മേപ്പാടന്‍ തിരുമേനിയുടെ ( കഥാപാത്രം ആരാണെന്ന് എന്റെ കൂടെ പഠിച്ചവര്‍ക്ക് മാത്രമേ അറിയൂ..പറയാന്‍ വളരെയേറെ ഉള്ളത് കൊണ്ട് ഇപ്പോള്‍ പരിചയപ്പെടുത്താന്‍ ഒരു നിര്‍വാഹവുമില്ല.) കറുത്ത മുഖവും കാണേണ്ടിയും വരും. അതുകൊണ്ടാണ് നിര്‍ത്താതെ പോയ ബി എം ടി സി ബസ്സില്‍ ഓടിക്കയറിയത്. സ്റ്റോപ്പില്‍ നിന്നും ആരും കയറിയിട്ടില്ല എന്ന് കരുതിയാവണം കണ്ടക്ടര്‍ പിന്നിലേക്ക് വന്നില്ല. അയാള്‍ വരുമ്പോള്‍ ടിക്കെറ്റെടുക്കാം എന്ന് കരുതി ഞാനും നിന്നു. പക്ഷെ എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അടുത്ത സ്റ്റോപ്പില്‍ നിന്നു ടിക്കറ്റ് ചോദിച്ചത് 'ചെക്കര്‍'. ഒന്നല്ല, ഒരു പെണ്ണും രണ്ടാണും(അടൂര് ഗോപാലകൃഷ്ണന്‍റെ പടത്തിന്‍റെ പേരല്ല). വര്‍ഗത്തില്‍ പെട്ട ജീവികളെ ഇതിനു മുമ്പ് കണ്ടു പരിചയമില്ലാത്തതിനാല്‍ ഞാന്‍ ഒന്നമ്പരന്നു.
ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല എന്നും കണ്ടക്ടര്‍ വന്നില്ല എന്നുമൊക്കെ എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തെങ്കിലും ഞാന്‍ പറഞ്ഞത് അവര്‍ക്കോ അവര്‍ പറഞ്ഞത് എനിക്കോ മനസ്സിലായില്ല. ദൂരദര്‍ശനിലെ ബധിര-മൂകര്‍ക്ക് വേണ്ടിയുള്ള വാര്‍ത്തയെ അനുസ്മരിപ്പിക്കും വിധമുള്ള എന്‍റെ പ്രകടനം കണ്ടിട്ട് ചിലര്‍ ചിരിക്കാന്‍ തുടങ്ങി.
ഇവന്‍മാര്‍ക്കൊക്കെ ചിരിച്ചാലെന്താ ഞാനല്ലേ നാണം കേട്ടത്. എനിക്കും വരും ഒരു ദിവസം. അങ്ങനെ ചിരിക്കുന്നവരുടെയൊക്കെ കുടുംബക്കാര്‍ക്ക്‌ നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്(ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായല്ലോ അല്ലെ ..?) നില്‍ക്കുമ്പോഴാണ് ചെക്കറുടെ പുതിയ ഓഫര്‍ . നൂറു രൂപ ഫൈന്‍ അടച്ചാല്‍ കുഴപ്പമൊന്നും ഉണ്ടാക്കാതെ വിടാം. ഒരു നൂറു പോകുന്ന വഴിയേ... നൂറു പോണെങ്കില്‍ പോട്ടെ, വെറുതെ എന്തിനാ വീട്ടിലുള്ളവര്‍ക്കൊക്കെ സുഖമാണോ എന്ന് ചെക്കറെക്കൊണ്ട് ചോദിപ്പിക്കുന്നത്. കാശെടുക്കാന്‍ ഞാന്‍ പോക്കെറ്റില്‍ കയ്യിട്ടു.

"ഈശ്വരാ.........." കടുത്ത നിരീശ്വരവാദിയായ ഞാന്‍ (ഗുരുവായൂരപ്പനാണ് സത്യം ഞാന്‍ ഭയങ്കര നിരീശ്വരവാദിയാ...) അറിയാതെ ദൈവത്തെ വിളിച്ചുപോയി. കാരണം കീശ കാലി. തിരക്കിനിടയില്‍ പേഴ്സ് എടുക്കാന്‍ മറന്നു പോയിരിക്കുന്നു.

"സര്‍ ... ...പേഴ്സ്.....ഫോര്‍ഗോട്ട് "

ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി അറിയുന്നത് കൊണ്ട് 'പേഴ്സ് എടുക്കാന്‍ മറന്നു' എന്ന് ഞാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ (അതോ ഇതിലും കഷ്ടമായിരുന്നോ...... ഹേയ് അതിനു സാധ്യതയില്ല,ഒന്നുമില്ലേലും പ്ലസ്‌ ടുവിനു ഇംഗ്ലീഷില്‍ 80% മാര്‍ക്കുണ്ടല്ലോ എനിക്ക്...സത്യം). പറഞ്ഞതിങ്ങനെയാണെങ്കിലും അയാള്‍ക്ക്‌ കാര്യം മനസ്സിലായി (അയാളും പത്താം ക്ലാസും ഗുസ്തിയും ആണെന്ന് തോന്നുന്നു). അത് കേട്ടപ്പോള്‍ അങ്ങേരെന്നെ രൂക്ഷമായൊന്നു നോക്കി. നോട്ടം കണ്ടാല്‍ തോന്നും അയാളുടെ അമ്മാവനെ തലക്കടിച്ചു കൊന്നത് ഞാനാണെന്ന്. ബിന്‍ ലാദനെ കണ്ടാല്‍ ബുഷ്‌ പോലും ഇങ്ങനെ നോക്കില്ല.ഞാന്‍ പറഞ്ഞത് പച്ചവെള്ളം കൂട്ടാതെ വിഴുങ്ങാന്‍ അയാള്‍ അത്രക്ക് അസ്മാദൃഷ്ടന്‍ (അര്‍ഥം എനിക്കും വലിയ പിടി ഇല്ല... നിര്‍ബന്ധമാണെങ്കില്‍ സ്വയം കണ്ടുപിടിച്ചോളൂ..)ഒന്നുമല്ലല്ലോ. പിന്നീട് അയാള്‍ പറഞ്ഞതൊന്നും കൃത്യമായി എനിക്കോര്‍മ്മയില്ല(അല്ലെങ്കിലും കേട്ട തെറിയൊക്കെ ആരെങ്കിലും ഓര്‍ത്തു വെക്കുമോ..?)
ഇടിവെട്ടിയവന്‍റെ തലയില്‍ തേങ്ങയും വീണു കാലില്‍ പാമ്പും കടിച്ചു മുഖത്ത് തേനീച്ചയും കുത്തിയ അവസ്ഥയിലായി ഞാന്‍(എന്‍റെ അവസ്ഥ വ്യക്തമാക്കാന്‍ ഒരു ബനാന ടോക്ക് തപ്പി നോക്കിയിട്ട് മലയാളത്തിലെന്നല്ല ഒരു ഭാഷയിലും കണ്ടില്ല. അതുകൊണ്ട് സ്വന്തമായി ഒരെണ്ണം കൊടുക്കാമെന്നു വച്ചു. എന്‍റെ അപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് ഏകദേശം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു). അതുവരെ സഹതാപത്തോടെ എന്നെ നോക്കിയിരുന്നവരുടെ മുഖത്ത് 'യെവന്‍ ആള് കൊള്ളാമല്ലോ..' എന്നൊരു ഭാവം വരുന്നത് ഞാന്‍ കണ്ടു. ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരിച്ചു കൊണ്ടേയിരുന്നു. ഒരു കള്ളനെ കയ്യോടെ പിടികൂടിയ ഭാവത്തില്‍ ചെക്കറും സംഘവും. പോലീസെന്നും സ്റെഷനെന്നുമൊക്കെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ ബസ്‌ എവിടെയെങ്കിലും പോയി അടിച്ചു കലങ്ങിയാല്‍ മതിയായിരുന്നു എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.
ബസ്‌ നാലാമത്തെ സ്റ്റോപ്പില്‍ നിര്‍ത്തി. ചെക്കര്‍ എന്നോട് ബസ്സില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. വേറെ ഒരു മാര്‍ഗ്ഗവും ഇല്ലാത്തതു കൊണ്ട് ഞാന്‍ ഇറങ്ങി. അവിടെ ഒരു വെള്ള അംബാസിഡര്‍ കാര്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ പോലിസ് വേഷത്തില്‍ ഒരാള്‍.എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ ഞാന്‍ അതില്‍ കയറി,കൂടെ മൂന്നു ചെക്കര്‍മാരും. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
അപ്പോഴാണ്‌ എനിക്ക് പുതിയൊരു സംശയം. എവിടെയോ ഒരു കിഡ്നാപ്പിംഗ് മണക്കുണ്ടോ..? ഇവര്‍ വല്ല വൃക്കത്തട്ടിപ്പുകാരോ അവയവ മോഷ്ടാക്കളോ മറ്റോ ആണോ?ബാംഗ്ലൂരില്‍ തെണ്ടി നടക്കുന്ന,കയ്യും കാലും കണ്ണും ഇല്ലാത്ത, പല പോസുകളിലുള്ള ഫോട്ടോകള്‍ എന്‍റെ കണ്മുന്നില്‍ മിന്നിമറഞ്ഞു (സത്യം പറയാമല്ലോ, കയ്യും കാലുമില്ലാത്ത എന്നെ കണ്ടാല്‍ പെറ്റമ്മ സഹിക്കൂല....).
" ദെന്‍ ‍ഫ്രം വേര്‍ കാന്‍ യു ഗിവ് മണി.." വിവരവും വിദ്യാഭ്യാസവുമുള്ള, കാര്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന പോലീസുകാരന്‍ എന്നോട് ചോദിച്ചു. കോളേജിനടുത്തെ സ്റ്റോപ്പില്‍ എത്തിയാല്‍ തരാമെന്ന് ഞാനും പറഞ്ഞു. അവിടെ കൂടെ പഠിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്‌. എന്‍റെ സത്യസന്ധത (സര്‍വ്വോപരി കരുണ രസം വിരിഞ്ഞ എന്‍റെ മുഖം) കണ്ടിട്ടാവണം എന്നെ വിട്ടേക്കാന്‍ അയാള്‍ ചെക്കറോടു പറഞ്ഞു (പറഞ്ഞതങ്ങനെയായിരിക്കുമെന്നു മുഖഭാവത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തതാ...). എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ തന്നെ അവര്‍ വണ്ടി നിര്‍ത്തി. ഞാന്‍ ഇറങ്ങുകയും ചെയ്തു. പോലിസ് വണ്ടിയില്‍ നിന്നിറങ്ങിവരുന്നത് കൊണ്ടാവണം ചിലര്‍ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.
പക്ഷെ കാറില്‍ നിന്നിറങ്ങിയ എന്നോട് പോലീസുകാരന്‍ പറഞ്ഞത് കേട്ട് എന്‍റെ ചോര തിളച്ചു(പിഴിഞ്ഞെടുത്താല്‍ പോലും അഞ്ചു ലിറ്റര്‍ തികച്ചും കിട്ടാത്തത് കൊണ്ട് ആവിയാകുന്നതിനു മുന്‍പ് തിളപ്പിക്കുന്നത് നിര്‍ത്തി.). ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞതിന്‍റെ അര്‍ഥം ഏതാണ്ട് ഇത് പോലെയാണ്--

"നിങ്ങള്‍ മലയാളികള്‍ വലിയ അഭിമാനികളാണല്ലോ.. ഇങ്ങനെ തന്നെയാണോ നാട്ടിലും, ബസ്സില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കാറില്ലേ..?"

മലയാളികളെ ഒന്നടങ്കം അപമാനിച്ച വാക്കുകള്‍ കേട്ട് എന്‍റെ ചോര തിളച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഒടുവില്‍ അടുത്ത കടയില്‍ കണ്ട കൂട്ടുകാരനോട് നൂറു രൂപ കടം വാങ്ങി പോലിസുകാരന് കൊടുത്തുകൊണ്ട് ഞാന്‍ എനിക്കറിയാവുന്ന ഭാഷയില്‍ 'മലയാളീസ് ഒരു തെറ്റ് ചെയ്‌താല്‍ അത് സമ്മതിക്കുമെന്നും നിയമങ്ങള്‍ അനുസരിക്കുന്നവരാണെന്നും' പറഞ്ഞൊപ്പിച്ചു (ഫൈന്‍ അടക്കേണ്ട എന്ന് പറഞ്ഞിട്ടും അവരുടെ മുഖത്തു നോക്കി രണ്ടു ഡയലോഗ് പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ കടം വാങ്ങിയിട്ട് ഫൈന്‍ അടച്ചത്.). നൂറു രൂപ കൊടുത്തിട്ടും പത്തു രൂപ അടച്ചതിന്റെ റസീപ്റ്റ് തന്ന അവരോട് (ബാക്കി തൊണ്ണൂറു രൂപ അവര്‍ നാലായി വീതിച്ചെടുത്തിരിക്കണം.ഒരാള്‍ക്ക്‌ ഇരുപത്തി രണ്ടു രൂപ അമ്പതു പൈസ.) കേരളത്തിലെ പോലീസുകാര്‍ നക്കാപ്പിച്ച കാശ് വിഴുങ്ങുന്നവരല്ല എന്ന് പറയാന്‍ തോന്നിയെങ്കിലും കേരളത്തിലെ പോലീസുകാരെ ഓര്‍ത്തപ്പോള്‍ (എല്ലാവരെയുമല്ല,ചിലരെ..) അത് പറയേണ്ട എന്ന് തോന്നി....

ആരെയാണാവോ ഇന്ന് കണികണ്ടതെന്നാലോചിച്ചു ഞാന്‍ നടന്നു.....